Image

വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം; സെബി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി

പി പി ചെറിയാന് Published on 10 November, 2026
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസം; സെബി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി

ന്യൂയോര്‍ക് /ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും വിദേശ നിക്ഷേപകര്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരി വിപണി നിക്ഷേപങ്ങള്‍ എന്നിവയ്ക്കായി ആവശ്യമായ 'കെ.വൈ.സി' (Know Your Customer) നടപടികള്‍ ഇനിമുതല്‍ ഇന്ത്യയില്‍ നേരിട്ടെത്താതെ തന്നെ വിദേശത്തിരുന്നു പൂര്‍ണ്ണമായും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സെബി വ്യക്തമാക്കി.

മുന്‍പ് ഡിജിറ്റല്‍ കെ.വൈ.സി പൂര്‍ത്തിയാക്കണമെങ്കില്‍ പോലും നിക്ഷേപകര്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. ഇത് യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, യു.എ.ഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് പുതിയ ഉത്തരവോടെ പരിഹാരമാകുന്നത്.

ലോകത്തെവിടെയിരുന്നും കെ.വൈ.സി: ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (FATF) മാനദണ്ഡങ്ങള്‍ പാലിക്കുന്ന രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇനി ഡിജിറ്റല്‍ സംവിധാനത്തിലൂടെ കെ.വൈ.സി സമര്‍പ്പിക്കാം.

ലളിതമായ രേഖ സമര്‍പ്പണവും ഓണ്‍ലൈന്‍ പരിശോധനയും: പാന്‍ (PAN) കാര്‍ഡ്, പാസ്പോര്‍ട്ട്, ഒ.സി.ഐ (OCI) കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ ഓണ്‍ലൈനായി നല്‍കാം. നേരിട്ടുള്ള പരിശോധന സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ വിഡിയോ ഇന്‍-പേഴ്‌സണ്‍ വെരിഫിക്കേഷന്‍ (VIPV) വഴി തത്സമയ വിഡിയോ കോളിലൂടെ പരിശോധന പൂര്‍ത്തിയാക്കും. സുരക്ഷയ്ക്കായി ഈ വിഡിയോ സെഷനുകള്‍ എന്‍ക്രിപ്റ്റ് ചെയ്തതും ജിയോ-ടാഗ് ചെയ്തതുമായിരിക്കും.

രേഖകള്‍ പങ്കുവെക്കാനുള്ള സൗകര്യം: ഒരു സ്ഥാപനം വഴിയോ ബ്രോക്കര്‍ വഴിയോ ഒരിക്കല്‍ കെ.വൈ.സി പൂര്‍ത്തിയാക്കിയാല്‍, ആ വിവരങ്ങള്‍ പിന്നീട് മറ്റ് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇതിലൂടെ ഓരോ തവണയും പ്രക്രിയകള്‍ ആവര്‍ത്തിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകുന്നു.

ഇന്ത്യന്‍ സാമ്പത്തിക വിപണിയിലേക്ക് കൂടുതല്‍ പ്രവാസി നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനും നിക്ഷേപകര്‍ക്കായുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും സെബിയുടെ ഈ പുതിയ പരിഷ്‌കാരം ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക