Image

ഇന്ത്യൻ ഹൃദയത്തിലിടം പിടിച്ച ഇറ്റാലിയൻ താരകം : സിൽജി ജെ ടോം

Published on 10 November, 2026
ഇന്ത്യൻ ഹൃദയത്തിലിടം പിടിച്ച ഇറ്റാലിയൻ താരകം : സിൽജി ജെ ടോം

അധികാരത്തിന്റെ ഭാരങ്ങളൊന്നുമില്ലാതെയാണ്  ഇറ്റലിയിലെ ലൂസിയാനയിൽ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച എഡ്‌വിജ് ആന്റോണിയ ആൽബിന മെയ്നോ എന്ന സോണിയ മെയ്നോ  1968ൽ ഇന്ത്യയിൽ വന്നിറങ്ങിയത്. ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ നാളിതുവരെ അധികാരത്തിനൊപ്പം സഞ്ചരിച്ച ചരിത്ര  പ്രശസ്തമായ നെഹ്‌റു കുടുംബത്തിലേക്കായിരുന്നു അവരുടെ വരവ്- ഇന്ത്യൻ പ്രധാനമന്ത്രി  ഇന്ദിരാ ഗാന്ധിയുടെ മരുമകളായി , രാജീവ് ഗാന്ധിയുടെ ഭാര്യയായി.  

ഇന്ത്യൻ  രാഷ്ട്രീയചരിത്രത്തിൽ തന്നെ എടുത്തുപറയത്തക്ക  സ്ഥാനമുള്ള  നെഹ്‌റു  കുടുംബത്തിന്റെ ഭാഗമായെങ്കിലും  അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു എന്നും സോണിയ   ശ്രദ്ധിച്ചത്. താൻ  പ്രണയിച്ച തന്റെ പ്രിയപ്പെട്ടവൻ  രാജീവ് ഗാന്ധിക്കൊപ്പം സമാധാനത്തിൽ ജീവിതം കഴിക്കുക എന്ന ചിന്ത മാത്രമേ  ആ പെൺകുട്ടിക്കുണ്ടായിരുന്നുള്ളു. പക്ഷേ ഇന്ത്യൻ  മണ്ണിലെത്തിയതോടെ ഏറെ ആഗ്രഹിച്ച  സ്വകാര്യജീവിതം പോലും അവൾക്ക് നഷ്ടമായി എന്നതാണ് ശരി . ഒടുവിൽ ഏറെ സ്നേഹിച്ച പ്രിയപ്പെട്ടവനെയും.

ഒരുകാലത്ത് രാഷ്ട്രീയത്തെ ജീവിതത്തിൽ നിന്ന് അകറ്റിനിർത്തിയിരുന്ന ഒരു സാധാരണ സ്ത്രീ, കുടുംബത്തോടും ഈ  രാജ്യത്തോടുമുള്ള  സ്നേഹത്താലും , മനോധൈര്യത്താലും  ഇന്ത്യയുടെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയതിന്റെ ഹൃദയസ്പർശിയായ കഥയാണ് സോണിയ ഗാന്ധിയുടെ ഇന്ന് പുറത്തിറങ്ങുന്ന  ' ബിലോം​ഗിങ് : എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) പറയുന്നത്. രാഷ്ട്രീയം കേവലം ഒരു പശ്ചാത്തലമായി മാത്രം നിൽക്കുന്ന ഈ പുസ്തകം ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് , രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നിന്റെ അമരത്തിരുന്ന്  ദീർഘകാലം അതിനെ നയിച്ച  സോണിയ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയം കണ്ട  ഏറ്റവും കരുത്തുറ്റ വനിതാ നേതാക്കളിലൊരാളായി ഇന്ന് എഴുതപ്പെടുമ്പോൾ അതിന് പിന്നിൽ സഹനങ്ങളുടേതായ വഴികളും ഏറെയുണ്ട്  . 

തന്റെ ഭർത്താവിന്റെ ഘാതകരോട് ക്ഷമിക്കാൻ മനസ് കാട്ടിയതിലൂടെ  സോണിയയുടെ മഹത്വം ലോകമറിഞ്ഞതാണ്  .

ഇംഗ്ലണ്ടിൽ  കേംബ്രിഡ്ജിലെ പഠനകാലത്ത് ഇന്ദിരാ ഗാന്ധിയുടെ മൂത്ത മകനായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതോടെയാണ് ഇന്ത്യയുമായുള്ള സോണിയയുടെ ബന്ധം ആരംഭിക്കുന്നത്. കേംബ്രിഡ്ജിലെ ഒരു ഗ്രീക്ക് റസ്റ്റോറന്റിൽ വെച്ച് ആദ്യ കാഴ്ചയിൽത്തന്നെ സോണിയയിൽ ആകൃഷ്ടനായ രാജീവ്, റസ്റ്റോറന്റ് ഉടമയായ ചാൾസ് ആന്റണിയുടെ സഹായത്തോടെ തന്റെ ടേബിൾ സോണിയയുടെ അടുത്തേക്ക് നീക്കിയിടുകയായിരുന്നു. തുടർന്ന് ഒരു ടിഷ്യൂ പേപ്പറിൽ മനോഹരമായ ഒരു കവിതയെഴുതി, ഒരു കുപ്പി വൈനിനൊപ്പം സോണിയയുടെ മേശയിലേക്ക് കൊടുത്തയച്ചതോടെ ആ പ്രണയകഥയ്ക്ക് തുടക്കമായി. 1968-ൽ ഇരുവരും വിവാഹിതരാവുകയും സോണിയ ഭർത്താവിനൊപ്പം ഇന്ത്യയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു വിവാഹം. അന്നത്തെ പ്രധാനമന്ത്രിയും രാജീവിന്റെ മാതാവുമായ ഇന്ദിരാഗാന്ധി തന്നെയാണ് വിവാഹ ക്രമീകരണങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചതും .സോണിയ അവർക്ക് ഏറെ  പ്രിയപ്പെട്ടവളായിരുന്നു.

ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്തു വന്ന രാജീവ്  ഗാന്ധിക്ക് 1980-ൽ ഒരു വിമാന അപകടത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ സഞ്ജയ് മരിച്ചതോടെ, മനസില്ലാമനസോടെ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടി വന്നു. രാജീവിന്റെയും സോണിയയുടെയും ജീവിതം  മാറിമറിഞ്ഞു. തീർത്തും സ്വകാര്യമായൊരു ജീവിതം നയിക്കാനാഗ്രഹിച്ച സോണിയ  പിന്നീട് ഈ രാജ്യത്തെ പൊതുസമൂഹത്താൽ  നിരന്തരം നിരീക്ഷിക്കപ്പെടുന്ന വ്യക്തിയായി മാറി. രാഷ്ട്രീയത്തിൽ താല്പര്യം ഇല്ലാതിരുന്നതുകൊണ്ടു തന്നെ ഈ തീരുമാനം സോണിയയുടെ മനസ് തകർത്തു ; ''For the first time, there was tension between Rajiv and me. I fought like a tigress - for him, for us and our children, above all, for our freedom.”
(ആദ്യമായി രാജീവും ഞാനും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായി. എന്റെ ഭർത്താവിനും ഞങ്ങൾക്കും ഞങ്ങളുടെ കുട്ടികൾക്കും വേണ്ടി, എല്ലാറ്റിനുമുപരിയായി ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാൻ ഒരു പെൺകടുവയെപ്പോലെ പോരാടി എന്ന് അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

നവംബർ 10-ന് പുറത്തിറങ്ങുന്ന 'ബിലോം​ഗിങ്: എ ജേ‌ർണി ഓഫ് ലവ്' എന്ന ആത്മകഥയുടെ പ്രകാശനത്തിന് മുന്നോടിയായി നൽകിയ അഭിമുഖങ്ങളിൽ, രാജീവുമായുള്ള ആദ്യ കൂടിക്കാഴ്ച, ഇന്ദിര ഗാന്ധിയുമായുള്ള ബന്ധം, ജീവിതത്തെ മാറ്റിമറിച്ച വ്യക്തിപരമായ ദുരന്തങ്ങൾ, ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിയ സാഹചര്യം എന്നിവയെക്കുറിച്ച് 79-കാരിയായ സോണിയ തുറന്നുപറയുന്നുണ്ട് .

താൻ കടന്നുപോയ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കിടയിലും എതിരാളികളുടെ 'ഇറ്റാലിയൻ വംശജ ' എന്ന വിളികൾക്കിടയിലും സ്നേഹവും കടമയും മുറുകെപ്പിടിച്ച്, ഇന്ത്യ എന്ന  രാജ്യത്തെ സ്വന്തം വീടായികാണാൻ ധൈര്യം കാട്ടിയ  ഒരു സ്ത്രീയുടെ അതിജീവനത്തിന്റെയും ധർമ്മബോധത്തിന്റെയും കഥയാണ് സോണിയ ഗാന്ധിയുടെ ' 'ബിലോം​ഗിങ് ' പങ്ക് വെക്കുന്നത് എന്നാണറിയുന്നത്.

ഇവിടെയെത്തിയ നാളുകളിൽ മുഖത്ത്  സദാ വിരിഞ്ഞുനിന്ന മനോഹരമായ  ആ പുഞ്ചിരി കാലത്തിന്റെ തിരക്കുകളിലും നേരിട്ട വേദനകളുടെ  കാഠിന്യത്തിലും ശോഭ മങ്ങിയെങ്കിലും, ആ ആത്മാർത്ഥതയും നിഷ്കളങ്കതയും ഇന്നും അവർക്കുളളിൽ മായാതെ കിടപ്പുണ്ട്.

ആദ്യ കാലത്ത് സോണിയ ഗാന്ധി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് വളരെ അപൂർവമായായിരുന്നു ; വളരെ ശാന്തവും സ്വകാര്യവുമായ ഒരു ജീവിതം നയിക്കാനായിരുന്നു അവർ ഇഷ്ടപ്പെട്ടത് . 1984-ൽ രാജീവ് ഗാന്ധിയുടെ അമ്മയും ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടപ്പോഴും സോണിയ പൊതുരംഗത്തേക്ക് ഇറങ്ങിയില്ല. പിന്നാലെ രാജീവ് പ്രധാനമന്ത്രിയായി. എന്നാൽ വൈകാതെ ദുരന്തം വീണ്ടുമെത്തി.1991-ൽ രാജ്യത്തെ തന്നെ ഞെട്ടിച്ച് സോണിയയുടെ  ഭർത്താവും  പ്രധാനമന്ത്രിയുമായിരുന്ന  രാജീവ് ഗാന്ധി  വധിക്കപ്പെട്ടത് സോണിയ ഗാന്ധിയുടെ ജീവിതത്തെ  മാറ്റിമറിച്ചു.

മറ്റൊരു നാട്ടിൽ, സംസ്കാരത്തിൽ, ഈ രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ  കുടുംബത്തിൽ പ്രിയപ്പെട്ടവൻ ഒപ്പമില്ലാതെ ജീവിക്കുക അവർക്ക് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.  സ്വന്തം ഭാവി ഇരുട്ടിലാകുന്നതറിഞ്ഞ് ഒന്ന് പൊട്ടിക്കരയാൻ പോലുമാകാതെ അവൾ നിന്നപ്പോൾ ഈ രാജ്യം ഒന്നടങ്കം സാകൂതം അവരെ വീക്ഷിക്കുന്നുണ്ടായിരുന്നു. പൊതുജനത്തിന്  അത് ഒരു രാഷ്ട്രീയകുടുംബത്തിന്റെ ദുരന്തമായിരുന്നിരിക്കാം. എന്നാൽ  ഭർത്താവിനെ നഷ്ടപ്പെട്ട ഒരു ഭാര്യയുടെയും പിതാവിനെ നഷ്ടപ്പെട്ട രണ്ടു മക്കളുടെയും ജീവിതം അവിടെ വേദനയുടെ തുരുത്തിൽ നീറുകയായിരുന്നു. ആ സമയം പിറന്ന നാടിൻറെ സാന്ത്വനത്തിലേക്ക് മടങ്ങിപ്പോകണോ  എന്ന് പോലും അവർ ചിന്തിച്ചിരിക്കാം…ശാന്തമായി മുന്നോട്ട് നീങ്ങിയിരുന്ന  ജീവിതം അപ്രതീക്ഷിതമായി പാതിവഴിയിൽ തകർന്നുവീണപ്പോൾ അവർ  വല്ലാതെ അസ്വസ്ഥയായി .

''ജീവിതം ശൂന്യമായതുപോലെയായി, ഉറക്കമില്ലാതായി. ചുറ്റുമുള്ളതെല്ലാം തന്റെ നഷ്ടത്തെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ കണ്ണീരണിയുമോ എന്ന ഭയവും മാനസിക സംഘർഷവും  വേട്ടയാടി. ഇന്ദിരാ ഗാന്ധി ദേശീയ സ്മാരക ട്രസ്റ്റിന്റെയും മറ്റു സംഘടനകളുടെയും ചുമതലകൾ വഹിക്കേണ്ടി വരുമ്പോൾ  പൊതുവേദികളിൽ പ്രസംഗിക്കേണ്ടതിനാൽ  കണ്ണുനീരടക്കാൻ പാടുപെട്ടുകൊണ്ടിരുന്നുവെന്ന്  അവർ പങ്കുവെക്കുന്നു

ഒരിക്കൽ ദലൈലാമ സന്ദർശിച്ചപ്പോൾ, "രാജീവിനെ കൊന്നവരോട് പകയോ വിദ്വേഷമോ തോന്നുന്നുണ്ടോ?" എന്ന് ചോദിച്ചതിന് "ഇല്ല" എന്ന് മറുപടി നൽകിയെങ്കിലും പിന്നാലെ  പൊട്ടിക്കരഞ്ഞുപോയെന്ന്  അവർ പങ്കുവെക്കുന്നുണ്ട്.  പിന്നീട്  രാജീവ് തന്റെ മനസ്സിൽ എപ്പോഴും ഒരു സാന്നിധ്യമായി മാറുകയും ചെയ്തുവെന്ന് അവർ അനുസ്മരിക്കുന്നു..

ഒടുവിൽ അവർ ഇന്ത്യയിൽ തുടരാൻ തന്നെ തീരുമാനിച്ചു, പൊതുജീവിതത്തിലേക്ക് കടന്നുവന്നു.

മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും ബിരുദദാനച്ചടങ്ങുകൾ, മകളുടെ വിവാഹം, കൊച്ചുമക്കളുടെ ജനനം തുടങ്ങിയ പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം രാജീവ് കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു, ഈ വിശേഷ  ഘട്ടങ്ങളിൽ മനസിലെ വേദന ശക്തമായി തിരിച്ചുവന്നു എന്ന്  അവർ ഓർക്കുന്നു.

രാജീവിന്റെ മരണശേഷവും രാഷ്ട്രീയ വഴികളിൽ നിന്നകന്ന്  ഒരു വീട്ടമ്മ എന്ന ചുമതലയിൽ ഒതുങ്ങാനാണ് സോണിയ ആഗ്രഹിച്ചത് . 'തന്റെ മക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചതിക്കുഴികളിൽ അകപ്പെടുന്നതിനേക്കാൾ അവർ ഭിക്ഷ യാചിക്കുന്നത് കാണാനാണ്' സോണിയ ആഗ്രഹിച്ചതെന്നാണ് രാഷ്ട്രീയത്തോടുള്ള അവരുടെ താല്പര്യമില്ലായ്മയെക്കുറിച്ച് 'An Indian Dynasty: The Story of the Nehru-Gandhi Family'എന്ന പുസ്തകത്തിൽ  താരീഖ് അലി എഴുതിയത്.

പാർട്ടിയിൽ നിന്ന് സമ്മർദ്ദമേറിയിട്ടും വർഷങ്ങളോളം രാഷ്ട്രീയത്തിൽ നിന്ന് അവർ വിട്ടുനിന്നു. 
രാജീവിന്റെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം അവയിലേക്ക് നോക്കാൻ പോലുമാകാത്ത വിധത്തിൽ തന്റെ  ഉള്ളിൽ കുറ്റബോധവും വേദനയും നിറഞ്ഞുവെന്ന് അവർ മനസ് തുറക്കുന്നു . അധികാരത്തോടും രാഷ്ട്രീയവഴികളോടും  മുഖം തിരിച്ചുനിന്നിട്ടും ഒടുവിൽ രാഷ്ട്രീയത്തിലേക്ക് അവർക്ക് മനസ് സമർപ്പിക്കേണ്ടിവന്നു.

1990-കളുടെ അവസാനത്തിൽ കോൺഗ്രസ് പാർട്ടി വലിയ പ്രതിസന്ധികളെയും പിളർപ്പുകളെയും നേരിട്ട കാലത്ത് സോണിയ ഗാന്ധിക്ക് മേൽ നേതൃത്വം ഏറ്റെടുക്കാനുള്ള സമ്മർദ്ദം  ഏറിവന്നു. അർജുൻ സിംഗ്, എൻ.ഡി. തിവാരി, പി. ചിദംബരം, മമത ബാനർജി തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ പാർട്ടി വിട്ട് പോയതും മാധ്യമങ്ങളിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് വന്ന മോശം വാർത്തകളും അവരെ അലട്ടി. രാജീവും  ഇന്ദിരാഗാന്ധിയും   പോരാടിയ കാര്യങ്ങൾ തന്നിലൂടെ തുടരേണ്ടതുണ്ടെന്ന് അവർക്ക് തോന്നിത്തുടങ്ങി. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ അമ്മയെയും നഷ്ടപ്പെടുമോ എന്ന് ഭയന്ന് മക്കളായ രാഹുലും പ്രിയങ്കയും അവരുമായി കടുത്ത തർക്കത്തിലേർപ്പെട്ടിരുന്നു. ഈ മാനസിക പ്രതിസന്ധിക്കൊടുവിലാണ് ഭഗവദ്ഗീതയിൽ നിന്ന് അവർ സന്ദേശം സ്വീകരിച്ചത്.
സംസ്കൃത പണ്ഡിതനായ പ്രൊഫസർ വാചസ്പതി ഉപാധ്യായയിൽ (ശാസ്ത്രിജി) നിന്ന്  ഭഗവദ്ഗീതയുടെ തത്ത്വചിന്തകളിലേക്ക് മനസിനെ കടത്തിവിട്ടതായി അവർ പറയുന്നു  . ഒടുവിൽ  ഗീതയിലെ സന്ദേശം  ഉള്ളിൽ പതിഞ്ഞു : “ഫലത്തെക്കുറിച്ച് ചിന്തിക്കാതെ സ്വന്തം ധർമ്മം ചെയ്യുക.” എന്ന് ഞാൻ ഉറപ്പിച്ചു. സോണിയ പറയുന്നു.


അങ്ങനെ 1990-കളുടെ അവസാനത്തിൽ പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ അവർക്ക് സമ്മതിക്കേണ്ടിവന്നു.1997ൽ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത അവർ 1998ൽ  കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റു.1999ൽ  തിരഞ്ഞെടുപ്പിൽ  വിജയിച്ച് പാർലമെന്റിലെത്തി. വൈകാതെ  ഒരു രാഷ്ട്രീയക്കാരി എന്ന നിലയിലും  സോണിയ തന്ത്രങ്ങൾ പഠിച്ചെടുത്തു.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചിതറിപ്പോയ കോൺഗ്രസ് പാർട്ടിയെ ഏകോപിപ്പിക്കുകയും മറ്റ് പ്രാദേശിക കക്ഷികളെ കൂട്ടിയിണക്കി 'ഐക്യ പുരോഗമന സഖ്യം' (UPA) രൂപീകരിക്കുകയും ചെയ്തത്.108-ൽ പരം വർഷത്തെ ചരിത്രമുള്ള കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷയായിരുന്ന വ്യക്തി എന്ന ബഹുമതി സോണിയ ഗാന്ധിക്കാണ്. 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി നയിച്ച എൻ.ഡി.എ സഖ്യത്തെ അട്ടിമറിച്ച് യു.പി.എ വൻ വിജയം നേടിയത് സോണിയയുടെ തന്ത്രപരമായ മികവിലായിരുന്നു.

2004-ൽ  കോൺഗ്രസ് നയിച്ച UPA വൻ വിജയം നേടിയപ്പോൾ, സോണിയ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് ലോകം മുഴുവൻ കരുതിയിരുന്നത്.  എന്നാൽ സോണിയയ്‌ക്കെതിരെ 'വിദേശി'വിളികളാൽ  പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും സഖ്യകക്ഷികളും കടുത്ത പ്രതിഷേധമുയർത്തികൊണ്ടിരുന്നത് അവരെ അസ്വസ്ഥയാക്കിയിരുന്നു .

പാർലമെന്ററി പാർട്ടി യോഗത്തിൽ  എല്ലാവരെയും ഞെട്ടിച്ച് സോണിയ പ്രധാനമന്ത്രി പദവി  വേണ്ടെന്നുവെക്കുകയായിരുന്നു.
"പ്രധാനമന്ത്രി പദം എന്റെ ലക്ഷ്യമായിരുന്നിട്ടില്ല. ഈയൊരു സാഹചര്യത്തിൽ എത്തിച്ചേരുകയാണെങ്കിൽ എന്റെ അന്തരാത്മാവിന്റെ ശബ്ദം കേട്ട് തീരുമാനമെടുക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ താഴ്മയോടെ ഈ പദവി നിരസിക്കുന്നു."  സോണിയ ഗാന്ധി പറഞ്ഞു.  പ്രധാനമന്ത്രി പദം തേടിയെത്തിയിട്ടും  അത് നിരസിച്ചതും, വിദേശിയെന്ന  വിമർശനങ്ങളെ നേരിട്ടതും സോണിയാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക അധ്യായങ്ങളാണ്.

മക്കൾ  പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും അമ്മയുടെ സുരക്ഷയെക്കുറിച്ചുള്ള ആകുലതകൾ കാരണം പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു

പ്രധാനമന്ത്രി പദം നിരസിച്ചതിന് തൊട്ടുപിന്നാലെ, ലോകമറിയുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ ധനമന്ത്രിയുമായിരുന്ന ഡോ. മൻമോഹൻ സിംഗിനെ സോണിയ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചു. രാഷ്ട്രീയ അതികായരായ നേതാക്കൾക്കിടയിൽ തികച്ചും ശാന്തനായ, വിവാദരഹിതനായ മൻമോഹൻ സിംഗിന്റെ കടന്നുവരവ് സർക്കാരിന് കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായ വലിയൊരു പ്രതിച്ഛായയും സാമ്പത്തിക നയങ്ങളിൽ രാജ്യത്തിന് സുസ്ഥിരതയും നൽകി.സോണിയയുടെ  തീരുമാനത്തോടെ ബി.ജെ.പിയും മറ്റ് എതിരാളികളും ഉയർത്തിക്കൊണ്ടുവന്ന "വിദേശി" വിവാദത്തിന്റെ മൂർച്ച  നഷ്ടപ്പെട്ടു.  ഇത് യു.പി.എ സർക്കാരിന് ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും വലിയ പിന്തുണ നേടിക്കൊടുത്തു.

ജന്മദേശത്തിന്റെ പുത്രി ആയിരിക്കുമ്പോഴും താൻ എത്തിച്ചേർന്ന പുതിയ ദേശത്തെ  ജീവിതത്തിൽ വേരുകളാഴ്ത്താൻ  കഴിഞ്ഞു സോണിയയ്ക്ക്.  ഇറ്റാലിയൻ വംശജ എന്ന എതിരാളികളുടെ ആക്ഷേപങ്ങൾക്കിടയിലും ഇന്ത്യൻ  സംസ്കാരത്തെ സ്നേഹത്തോടെ ആശ്ലേഷിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് അവരുടെ മഹത്വം.

പ്രധാനമന്ത്രിയായില്ലെങ്കിലും യു.പി.എ അധ്യക്ഷ എന്ന നിലയിലും നാഷണൽ അഡ്വൈസറി കൗൺസിൽ (NAC) അധ്യക്ഷ എന്ന നിലയിലും ഭരണത്തിലും പാർട്ടിയിലും നിർണ്ണായക സ്വാധീനം ചെലുത്താൻ സോണിയ ഗാന്ധിക്ക് കഴിഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷികളെ ഒന്നിച്ചുനിർത്താനുള്ള ശ്രമങ്ങളും സഖ്യരാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ  അവരുടെ പങ്കും   രാഷ്ട്രീയഇന്ത്യ കണ്ടതാണ്. സ്വന്തം പ്രവർത്തനങ്ങളിലൂടെയും സഹിഷ്ണുതയിലൂടെയും ഇന്ത്യൻ ജനതയുടെ അംഗീകാരം നേടിയെടുക്കാൻ അവർക്കായി. 

കോൺഗ്രസ് പാർട്ടിയെ 10 വർഷം തുടർച്ചയായി (2004-2014) കേന്ദ്രത്തിൽ അധികാരത്തിൽ നിലനിർത്താൻ സഹായിച്ച ഏറ്റവും പ്രായോഗികവും തന്ത്രപരവുമായ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നായി 2004-ലെ സോണിയയുടെ തീരുമാനം  വിലയിരുത്തപ്പെടുന്നു.

ഇതേസമയം തന്നെ   കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യങ്ങളും   കുടുംബാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങൾക്ക്  അതീതമല്ല . 

1983-ൽ സോണിയ ഇന്ത്യൻ പൗരത്വം നേടിയെങ്കിലും, പൗരത്വം സ്വീകരിക്കാൻ 1968 ന് ശേഷം ഇത്രയും കാത്തിരുന്നത്  എന്തുകൊണ്ടെന്ന ചോദ്യങ്ങൾ ഉയർന്നു.

എല്ലാം തകർന്നശേഷവും സ്വന്തം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ സോണിയ നടത്തിയ ശ്രമം വിലമതിക്കപ്പെടേണ്ടതാണ് . രാഷ്ട്രീയ വഴികളിൽ നിർദയം എതിരാളികൾ അപ്പോഴും അവർക്കെതിരെ വിമർശനമുയർത്തിക്കൊണ്ടിരുന്നു.  

രാഷ്ട്രീയവിമർശനമെന്ന  പേരിൽ  ഒരു സ്ത്രീയുടെ ജന്മനാടിനെയും  ജീവിതത്തെയും അവരുടെ പ്രിയപ്പെട്ടവരെയും  നിരന്തരം വേട്ടയാടുന്നത് എത്രത്തോളം ന്യായമാണെന്നറിയില്ല . ജനിച്ച നാടിന്റെ പേരിൽ താൻ എത്തിപ്പെട്ട നാടിനോടുള്ള സ്നേഹത്തെ  വിമർശനാത്മകമായി വിലയിരുത്താനാവില്ല.

ഇന്ത്യൻ സമൂഹം പതിറ്റാണ്ടുകളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വനിതക്ക് സ്വന്തം ജീവിതത്തെ സ്വന്തം വാക്കുകളിൽ അവതരിപ്പിക്കാനുള്ള അവസരം എന്ന നിലയിൽ സോണിയയുടെ ' ബിലോം​ഗിങ് : എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന  പുസ്തകത്തിന് ഏറെ പ്രാധാന്യമുണ്ട്.  ജനിച്ച മണ്ണിന്റെ അതിരുകൾ കടന്ന്, മറ്റൊരു ദേശത്ത് വേദനയുടെ തുരുത്തുകളും  നഷ്ടങ്ങളും പിന്നിട്ട്  അവൾ തിരഞ്ഞെടുത്ത വഴികൾ പറയുന്ന  ഈ പുസ്തകം ഇതിനകം തന്നെ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയ ശ്രദ്ധ  ഉണർത്തിയിട്ടുണ്ട്.

"അന്ന് കേംബ്രിഡ്ജിൽ വെച്ച് രാജീവിനെ കണ്ടുമുട്ടിയ ആ 19-കാരിയുടെ ലാളിത്യം  ഇപ്പോഴും എന്നിലുണ്ട്,  കുട്ടിക്കാലത്ത്  ഞാൻ പഠിച്ച മൂല്യങ്ങളും ... പക്ഷേ അന്ന് ഞാൻ ഇപ്പോൾ ചിരിക്കുന്നതിനേക്കാൾ കൂടുതൽ ചിരിക്കുമായിരുന്നു!", സോണിയ പുസ്തകത്തിൽ കുറിക്കുന്നു. ആ ചിരിയുടെ ശോഭ മങ്ങിയത് നമ്മുടെ മണ്ണിൽ വച്ചായതാണ് ചിന്തിപ്പിക്കേണ്ടത് .  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക