Image

ട്രംപിനെ അമേരിക്കൻ ജനത തിരസ്കരിച്ചതെന്തുകൊണ്ട്? (അശോകൻ വേങ്ങശ്ശേരി)

Published on 10 November, 2026
ട്രംപിനെ അമേരിക്കൻ ജനത തിരസ്കരിച്ചതെന്തുകൊണ്ട്? (അശോകൻ വേങ്ങശ്ശേരി)

ഇക്കഴിഞ്ഞ നവംബർ 2 ലോകം ആകാംക്ഷയോടെ, ഉദ്വേഗത്തോടെ, ഉറ്റുനോക്കിയ ദിനമായിരുന്നു. അമേരിക്കൻ കോൺഗ്രസ്സിന്റെ രാഷ്ട്രീയഘടന നിശ്ചയിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ ഇത്ര താല്പര്യപൂർവ്വം ലോകമാകവെ വീക്ഷിച്ച ചരിത്രം വളരെ അപൂർവ്വം. അമേരിക്കയുടെ രാഷ്ട്രീയ ദിശാമാറ്റത്തിൽ നിർണ്ണായകമായി മാറിയ ആ ജനവിധിയിൽ  ഭാഗഭാക്കായ ലക്ഷോപലക്ഷം വോട്ടർമാരിൽ ഒരാളാകുവാൻ കഴിഞ്ഞു എന്നതിൽ എനിക്കും അഭിമാനിക്കാൻ വകയുണ്ട്.

2028 നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയ പ്രസിഡന്റ് 2029 ജനുവരി 20-നു അധികാരമേൽക്കുംവരെയും അധികാരക്കസേരയിൽ ട്രമ്പുതന്നെ ആയിരിക്കുമെങ്കിലും കോൺഗ്രസ്സിന്റെ ഉപരിസഭയായ സെനറ്റും അധോസഭയായ  ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും എതിരാളികളായ ഡെമോക്രറ്റുകൾ  പിടിച്ചെടുത്തതോടെ ട്രംപിന്റെ ഏകപക്ഷീയമായ അധികാരത്തിനു സാരമായ ക്ഷതം സംഭവിച്ചുകഴിഞ്ഞു,

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ അവരുടെ പരമ്പരാഗത തട്ടകങ്ങളിൽ നിന്നുപോലും അമേരിക്കൻ ജനത പരാജയപ്പെടുത്തിയതിനു പിന്നിലുള്ള സങ്കീർണ്ണങ്ങളായ കാരണങ്ങൾ രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ഇപ്പോഴും വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. പല സ്വിങ് സീറ്റുകളിലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളുടെ മേൽ ഡെമോക്രറ്റുകൾക്കുള്ള മേൽക്കൈ പ്രവചിക്കപ്പെട്ടിരുന്നു എങ്കിലും പരക്കെ സംഭവിച്ച ഈ തിരിച്ചടി ഇത്ര ഭയാനകമായിരിക്കുമെന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല എന്നതാണു വാസ്തവം.

2024 നവംബറിൽ ഏറെ പിന്തുണയോടെയും പ്രതീക്ഷയോടെയും ആയിരുന്നു ജനങ്ങൾ ട്രമ്പിനെ അധികാരത്തിലെത്തിയത്. എന്നാൽ രണ്ടു വർഷങ്ങൾ പിന്നിടുമ്പോഴേക്കും ജനങ്ങൾ ആകവെ നിരാശാഭരിതരായിരിക്കുന്നു. അതിന്റെ പ്രതിഫലനമായിരുന്നു  പോളിംഗ്ബൂത്തിൽ ദൃശ്യമായത്. യുദ്ധങ്ങളുടെയും കാലുഷ്യങ്ങളുടെയും അന്തരീക്ഷത്തിൽനിന്നും ലോകത്തെ വിടുവിക്കുകയാണ് തന്റെ ലക്ഷ്യമെന്നു പറഞ്ഞ ട്രംപ് പുതിയ യുദ്ധമുഖങ്ങൾ തുറക്കുവാൻ തനിക്കു താല്പര്യമില്ല എന്നും അന്നു പ്രസ്താവിച്ചിരുന്നു. അമേരിക്കയെ പൂർവ്വകാല സൗഭാഗ്യദശയിലേക്കു നയിക്കുക എന്നതാണു തന്റെ ലക്ഷ്യമെന്ന കാഴ്ചപ്പാടിനെ പ്രതീക്ഷാനിർഭരതയോടെ അമേരിക്കക്കാർ സ്വീകരിക്കുകയും ചെയ്തിരുന്നു.  എന്നാൽ ആ പ്രതീക്ഷകളെ കാറ്റിൽ പറത്തിയതിനു ജനം നൽകിയ ശിക്ഷ ലോകത്തെവിടെയുമുള്ള രാഷ്ട്രീയ നേതൃത്വങ്ങൾക്കു പാഠമാണ്.

സർവ്വസന്നാഹങ്ങളോടെ നടത്തിയ സായുധയുദ്ധങ്ങളും ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന നിരവധി രാജ്യങ്ങളുടെമേൽ നടത്തിയ താരിഫ് യുദ്ധങ്ങളും അമേരിക്കയെ ശക്തിപ്പെടുത്തുകയല്ല, പല നിലകളിലും തളർത്തുകയാണു ചെയ്തതെന്നു അനുഭവങ്ങളിലൂടെ ജനത്തിനു മനസ്സിലായി. അമേരിക്കയുടെ എക്കാലത്തെയും ആത്മബന്ധുക്കളായ കാനഡയെപ്പോലും താരിഫ് യുദ്ധത്തിൽ വെറുതെവിടാൻ ട്രംപ് ഒരുക്കമായിരുന്നില്ല.

സർവ്വവ്യാപകമായ വിലക്കയറ്റത്തിൽ അമേരിക്കയിൽ സാധാരണക്കാർ ഞെരുങ്ങുകയാണ്. അമേരിക്കയുടെ ദേശീയ കടം (national debt) ട്രംപ് ഭരണമേറ്റെടുത്തതിനുശേഷം അമിതമായി പെരുകി (35.5 ട്രില്ലനിൽ നിന്നും 40.5 ട്രില്ലനിലേക്കു). മാത്രമല്ല, ചൈനയിൽ സംഭവിക്കുന്നതിനു വിരുദ്ധമായി വ്യാപാരക്കമ്മി (trade deficit) മാസം 100 ബില്യണിൽ അധികമാവുകയും ചെയ്യുന്നു. ഇതെല്ലം സാമ്പത്തികരംഗം താറുമാറാക്കാൻ കാരണങ്ങളാവുകയും ചെയ്യുന്നു.  തൊഴിലില്ലായ്മ ഗുരുതരമാവാതിരിക്കുന്നതു ഭാഗ്യം.

എന്നാൽ സാമ്പത്തികരംഗത്തു സംഭവിച്ച വീഴ്ചകൾ മാത്രമല്ല ജനങ്ങളുടെ വെറുപ്പ് നേടിയത്.  അന്താരാഷ്ട്രരംഗങ്ങളിൽ എന്നപോലെ ആഭ്യന്തര രംഗത്തും ഉല്പാദിപ്പിക്കപ്പെട്ട വെറുപ്പിന്റെയും ഭയത്തിന്റെയും അന്യതാവത്ക്കരണത്തിന്റെയും പരിണിതഫലമായിവേണം ഈ തെരഞ്ഞെടുപ്പുഫലത്തെ കാണേണ്ടത്. ഭയാനകമായ തോൽവിയെ വിനയത്തോടെ ആദ്യം സ്വീകരിച്ച ട്രംപ് അതിനു വിരുദ്ധമായി ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രക്രിയയെയും വോട്ടിംഗ് മെഷീനെയും കുറ്റം പറയുന്ന നിലയിൽ തരംതാണിരിക്കുന്നു.  ന്യുയോർക് ടൈംസ് അതിന്റെ മുഖപേജിൽ ഇന്നു (നവമ്പർ 10) റിപ്പോർട്ടുചെയ്തിരിക്കുന്ന വാർത്ത വായിച്ചപ്പോൾ ഏറെ അത്ഭുതമാണു തോന്നിയത്.

പലതുകൊണ്ടും അമേരിക്കൻ പാരമ്പര്യങ്ങളുടെ ചിട്ടവട്ടങ്ങൾക്കുള്ളിൽ ഒതുങ്ങുന്ന ആളല്ല താനെന്നു മുൻപ് തെളിയിച്ചിട്ടുള്ള ട്രംപിനെ തളക്കാൻ ഡെമോക്രറ്റുകളുടെ വർധിത വീര്യത്തിനു കരുത്തുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക