
ഇല്ലിനോയി: ഇല്ലിനോയി ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച ഇന്ത്യൻ വംശജ സബ ഹൈദറിന്റെ വിജയത്തിന് പിന്നിൽ സാധാരണക്കാരുടെ ദൈനംദിന സാമ്പത്തിക പ്രശ്നങ്ങളാണെന്ന് അവർ പറഞ്ഞു. ഇന്ധനവില വർധനയും ജീവിതച്ചെലവിലെ കുതിപ്പും ഉൾപ്പെടെയുള്ള വിഷയങ്ങൾക്കാണ് വോട്ടർമാർ പ്രാധാന്യം നൽകിയതെന്നും ജനങ്ങളുടെ വിശ്വാസമാണ് വിജയത്തിലേക്ക് നയിച്ചതെന്നും അവർ വ്യക്തമാക്കി.
ഇല്ലിനോയിയിലെ 84-ാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന സബ ഹൈദർ, ജനറൽ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യൻ കുടിയേറ്റക്കാരിയെന്ന നേട്ടവും സ്വന്തമാക്കി. ജനപ്രതിനിധിയെന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് അവർ എഎൻഐയോട് പറഞ്ഞു.
'അടുക്കളയിലെ സാമ്പത്തിക പ്രശ്നങ്ങൾ' (Kitchen-table issues) ആണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് സബ ഹൈദർ അഭിപ്രായപ്പെട്ടു. പെട്രോൾ, ഡീസൽ വില വർധന പ്രാദേശിക വ്യാപാരങ്ങളെയും സാധാരണക്കാരുടെ ജീവിതച്ചെലവിനെയും ബാധിക്കുന്നുണ്ട്. നിത്യജീവിതവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണാൻ കഴിയുമെന്ന വിശ്വാസമാണ് വോട്ടർമാർ തന്നിലർപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
കമ്മ്യൂണിറ്റി സേവനരംഗത്തും പൊതുജനാരോഗ്യ മേഖലയിലുമുള്ള തന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണകരമായെന്ന് സബ ഹൈദർ ചൂണ്ടിക്കാട്ടി. ഡ്യുപേജ് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ പബ്ലിക് ഹെൽത്ത് ബോർഡിൽ നിയമിക്കപ്പെട്ടതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജനങ്ങളുടെ വിശ്വാസം നേടാൻ സഹായിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ ഘാസിയാബാദിലാണ് സബ ഹൈദറിന്റെ കുടുംബവേരുകൾ. ഇന്ത്യയുമായും ഉത്തർപ്രദേശുമായും ഇപ്പോഴും ആഴത്തിലുള്ള ബന്ധം പുലർത്തുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് അമ്മ, വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഫോൺവിളികളിലൂടെയും നിരന്തരം വിവരങ്ങൾ അന്വേഷിച്ചിരുന്നതായും വിജയവാർത്ത കുടുംബത്തിന് വലിയ സന്തോഷമായെന്നും അവർ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വംശീയവും ലിംഗപരവുമായ മുൻവിധികൾ നേരിടേണ്ടിവന്നതായും സബ ഹൈദർ വെളിപ്പെടുത്തി. ദക്ഷിണേഷ്യൻ വംശജയായ ഒരു വനിതയ്ക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ വെള്ളക്കാരനെ പരാജയപ്പെടുത്താനാകുമോ എന്ന സംശയം ചില വോട്ടർമാർ പ്രകടിപ്പിച്ചിരുന്നു. തന്റെ പ്രവർത്തനങ്ങളെയും യോഗ്യതകളെയും അംഗീകരിച്ചവർപോലും വിജയസാധ്യതയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നുവെന്നെങ്കിലും വെല്ലുവിളികളിൽ തളരാതെ ശക്തമായ ജനസമ്പർക്ക പരിപാടികളുമായി മുന്നോട്ടുപോയി. ആയിരക്കണക്കിന് വീടുകൾ സന്ദർശിക്കുകയും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നൂറുകണക്കിന് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുകയായിരുന്നു പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മണ്ഡലത്തിലെ ജനങ്ങൾക്കായി വീണ്ടും രംഗത്തിറങ്ങിയതും സബ ഹൈദർ എടുത്തുപറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം തുടർച്ചയായി നിലകൊള്ളുന്നവരെയാണ് വോട്ടർമാർ തിരിച്ചറിയുന്നതെന്നും അവരുടെ വിശ്വാസമാണ് വിജയത്തിലേക്ക് നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വേരുകളുള്ള ഒരു വനിത അമേരിക്കൻ രാഷ്ട്രീയത്തിൽ സുപ്രധാന നേട്ടം കൈവരിച്ചതിലൂടെ സബ ഹൈദറിന്റെ വിജയം പ്രവാസി ദക്ഷിണേഷ്യൻ സമൂഹത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.