വെളിച്ചം വിളിക്കുന്നു (ചെറുകഥ)-2--ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 22 November, 2012
 വെളിച്ചം വിളിക്കുന്നു (ചെറുകഥ)-2--ജോണ്‍ വേറ്റം
പിറ്റേന്നാള്‍ , അടുക്കുന്തോറും അകന്നു പോകുന്ന ചക്രവാളത്തില്‍ സൈന്ദുരീകരിക്കുന്ന സന്ധ്യ. സൂര്യന്‍ അസ്തമിക്കുന്നതോടെ മാനത്തു മായുന്ന ശുക്രനക്ഷത്രം മറയാറായി. സ്രാമ്പിക്കല്‍ അച്ചനെ കാണാനുള്ള ഒരാഗ്രഹത്തോടെ, ദാനിയേല്‍ വിചാരത്തില്‍ മുഴുകി. ആ ദൈവീക ശിഷ്യന്‍ വരുമെന്ന പ്രതീക്ഷ, ക്രമേണ, വലിയ ഇച്ഛാഭംഗമായി. അച്ചന്‍ വന്നില്ല. ശരീരവും അന്തഃകരണവും നൊന്തു. ആത്മസംയമം ഇല്ലാതായി. സമാധാനത്തിന്റെ കണ്ണീരിന്നു വേണ്ടി ദാഹിച്ചു. ഏകാന്തതയുടെ ക്ലേശം!

കഷ്ടത കൂട്ടുനിന്ന രാത്രിയും, കുത്തിനോവിച്ച വിഭാതവും വന്നുപോയി. മദ്ധ്യാഹ്നമായപ്പോള്‍ വേദന സഹിക്കാനാവാതെ ദാനിയേല്‍ നിലവിളിച്ചു! ഡോക്ടര്‍ വന്നു. മരുന്നുകൊടുത്തു. അതു കഴിച്ചതോടെ അയാള്‍ ഉറങ്ങിപ്പോയി.

ഉണര്‍ന്നപ്പോള്‍ സ്രാമ്പിക്കലച്ചന്‍ മുന്നില്‍ നില്‍ക്കുന്നതുകണ്ടു. ഒരു നടുക്കമാണ് അനുഭവപ്പെട്ടത്. പെട്ടെന്നുള്ള വിചാരവിപ്ലവം; ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കണ്ണില്‍ നോക്കി മൗനമായി കിടന്നു. പരിചയപ്പെടാന്‍ മടിച്ചു. അച്ചന്‍ അതുമനസിലാക്കി. എങ്കിലും, സ്‌നേഹാദരവോടെ ചോദിച്ചു; വിനീതസ്വരത്തില്‍; "ഞാനൊന്നു പ്രാര്‍ത്ഥിച്ചോട്ടെ." 'വിരോധമില്ല'- അലസമായിരുന്നില്ലെ ആ മറുപടി.
അച്ചന്‍ ദാനിയേലിന്റെ നെറ്റിയില്‍ കൈവച്ചു, അനുതാപത്തോടെ പ്രാര്‍ത്ഥിച്ചു. ആദ്യം സുറിയാനിയില്‍. പിന്നെ മലയാളത്തിലും. അതുകേട്ടപ്പോള്‍ ദാനിയേലിന്റെ ആത്മാവ് തണുത്തു. വിചാരഗതി വികസ്വരമായി. അച്ചനോട് തന്നെക്കുറിച്ചുള്ള കാര്യങ്ങളൊന്നും പറയരുതെന്നു കരുതിയതാണ്. പക്ഷെ, സാന്ത്വനീയമായ സമീപനത്തിനുമുമ്പില്‍ വഴങ്ങാത്ത, പരുപരുത്ത പെരുമാറ്റം സാദ്ധ്യമായില്ല. പരസ്പരം സംസാരിച്ചു. അപ്പോള്‍ പുഞ്ചിരിച്ചുകൊണ്ടാണെങ്കിലും, ഗൗരവത്തോടെ പുരോഹിതന്‍ പറഞ്ഞു.

'ദാനിയേല്‍ രക്ഷയുടെ മരുന്നുകൂടെ കഴിക്കണം.'

'മനസ്സിലായില്ല.'

"മാനസന്തരപ്പെടണം. അതു മരണത്തെ ജയിക്കുന്ന ആത്മീയമായ മരുന്നാണ്." ഒരു വേദപുസ്തകം നീട്ടികൊണ്ട് അച്ചന്‍ തുടര്‍ന്നു. "ഇതു ദൈവത്തിന്റെ വചനമാണ്. വായിക്കണം."

പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചതിനു നന്ദി പ്രകടിപ്പിച്ചിട്ട് സ്രാമ്പിക്കലച്ചന്‍ മറ്റൊരു രോഗിയുടെ അടുത്തേക്കുപോയി. ദാനിയേല്‍ വേദപുസ്തകം തുറന്നില്ല. വായിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. എങ്കിലും, അതു നെഞ്ചത്തു വച്ചു കിടന്നു. അപ്പോള്‍, പട്ടക്കാരന്റെ ഉപദേശം അരുന്തുതശബ്ദം പോലെ മനസില്‍ മുഴങ്ങി.

മാനസാന്തരപ്പെടണം! എന്തിന്? എന്താണ് മാനസാന്തരം? അതു എങ്ങനെ മരണത്തെ ജയിക്കും? ശരീരത്തെ സൗഖ്യമാക്കും?

ദാനിയേല്‍, മുപ്പത്തിമൂന്നുവര്‍ഷം മുമ്പ് വേദപുസ്തകവായന നിര്‍ത്തിയതാണ്. അയാളുടെ പത്താംവയസില്‍, പെറ്റമ്മ മരിച്ചപ്പോള്‍ രണ്ടാനമ്മ വന്നതോടെ, അവഗണിക്കപ്പെട്ട ഒരനാഥനെപ്പോലെ തിക്താനുഭവങ്ങളുമായി അലഞ്ഞപ്പോള്‍, പ്രാര്‍ത്ഥന മുടങ്ങി!

അയാള്‍ വിരസതയോടെ വേദപുസ്തകം തുറന്നു. ആദ്യമായി കണ്ണില്‍പ്പെട്ട വചനം മൗനമായി വായിച്ചു;
“നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളേയും നിങ്ങളുടെ ദൈവത്തേയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നതു; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്റെ മുഖത്തെ നിങ്ങള്‍ക്കു മറെക്കുമാറാക്കിയതു.”

ആ വചനം തന്റെ ജീവിതത്തിലേക്കു വിരല്‍ ചൂണ്ടുന്നപോലെ ദാനിയേല്‍നു തോന്നി. എങ്കിലും, അലസനായി താളുകള്‍ മറിച്ചുനോക്കി. സത്യവേദപുസ്തത്തിലൂടെ - ദൈവം വെളിപ്പെടുത്തിയിട്ടുള്ളതും മനുഷ്യനു മറ്റൊരിടത്തുനിന്നും കിട്ടാത്തതുമായ വിജ്ഞാനത്തിന്റെ കയത്തിലൂടെ- മിഴികള്‍ ഒഴുകിയപ്പോള്‍, ഹൃദയങ്ങള്‍ ഒട്ടിപ്പിടിച്ചു കുറെ വചനങ്ങള്‍:

“പാപത്തിന്റെ ശമ്പളം മരണമത്രേ. ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ”

“നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം ഏല്‍പ്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.”

“എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവനു നിത്യജീവന്‍ ഉണ്ടു; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.”

വീണ്ടും വീണ്ടും ആ വചനങ്ങള്‍ വായിച്ചു. എങ്കിലും അവയുടെ പൂര്‍ണ്ണ അര്‍ത്ഥവും, ഗഹനമായ ആശയവും വ്യക്തമായില്ല. സാരനിര്‍ഭരമായ സത്യങ്ങളെ ചൂഴുന്ന സുവിശേഷങ്ങളില്‍ ശ്രദ്ധ പതിഞ്ഞു. അപ്പോള്‍ കുടിലിനുള്ളില്‍ കൂടെക്കൂടെ പൊന്തിവന്ന വേദന ഏകാഗ്രത നല്‍കിയില്ല. നൊന്തുനൊന്തു കിടക്കാനേ കഴിഞ്ഞുള്ളൂ. പണ്ട് ശക്തമായി ചിന്തിച്ച ചിത്തം ബലഹീനവും വ്യാകുലവുമാവുന്നു. മരിക്കാനുള്ള ഭയവും ജീവിക്കാനുള്ള ദാഹവും ഒന്നിക്കുന്നു. ആത്മപരിശോധനയുടെ അഭിമതം.

ആരും അറിയാത്ത ജീവിതരഹസ്യങ്ങളില്‍ ഗുരുതരമായ പ്രവൃത്തിദോഷം-സ്വാര്‍ത്ഥതയുടെ ചതിവും പാഴ്‌സുഖങ്ങളുടെ വഞ്ചനയും- നിറഞ്ഞിരിക്കുന്നതു കണ്ടു. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മുരടില്‍ നിന്നു താന്‍ പറിച്ചെടുത്തതു കണ്ണുനീരിന്റെ വെണ്‍മുത്തുകളായിരുന്നല്ലോ.

അടുത്തദിവസം രാവിലെ ഡോക്ടര്‍ വന്നു. ദാനിയേലിന്റെ രോഗം എന്തെന്നു നിശ്ചയമായില്ലെന്നു, ദീനം കണ്ടുപിടിക്കുന്നതിനു പിറ്റന്നാള്‍ ശസ്ത്രക്രിയ ചെയ്യുമെന്നും പറഞ്ഞു. അപ്പോള്‍ അന്നോളം അനുഭവപ്പെടാഞ്ഞ ആശങ്കയും ഭ്രമവും രോഗിയെ സ്തബ്ധനാക്കി. ഒരു കടുംപരീക്ഷ! അതില്‍ കടക്കുന്നതിനു മുമ്പെ സ്രാമ്പിക്കല്‍ അച്ചനെ കാണണമെന്നു കൊതിച്ചു. അദ്ദേഹത്തെ ടെലിഫോണില്‍ വിളിച്ചു.

സന്ധ്യയ്ക്കുമുമ്പോ അച്ചന്‍ വന്നു. അപ്പോള്‍ ദാനിയേല്‍ പറഞ്ഞു: വേദപുസ്തകം വായിച്ചുതീര്‍ന്നില്ല. ചാകുന്നതിനുമുമ്പ് അതു മുഴുവനും വായിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ, നാളെ എന്റെ വയറിന്റെ ഓപ്പറേഷനാണ്. പിന്നെ, അച്ചന്‍ പറഞ്ഞുതന്ന മരുന്ന് എങ്ങനെ ഉപയോഗിക്കണമെന്നും അറിവില്ല.
മാനസാന്തരത്തെക്കുറിച്ചാണോ?

ആ വിഷയത്തെപ്പറ്റി വിശദമായി പഠിക്കണം. മനുഷ്യന്റെ ഇന്നത്തെ ഏറ്റവും വലിയ ആവശ്യമെന്താണ്? സമാധാനം. യഹോവയാണ് അതിന്റെ ഉറവിടം. സമാധാനമുള്ള ഹൃദയം ഒരു ഔഷധം പോലെയാണെന്നു വേദവചനം പഠിപ്പിക്കുന്നു. എങ്കിലും, അതു കൊടുക്കാനും വാങ്ങാനും സാമാന്യ ജനത്തിനു കഴിയുന്നില്ല. ശാശ്വത സമാധാനത്തിലേക്കുള്ള വഴിച ദൈവത്തിലൂടെയല്ലാതെ മനുഷ്യന്‍ അറിയുകയില്ലെന്നാണ് കര്‍ത്താവ് പറഞ്ഞത്.

വൈദിക വിജ്ഞാനത്തിന്റെ വിശാലതയില്‍ നിന്നുകൊണ്ട് ആ ധര്‍മ്മദ്ധ്യാപകന്‍ തുടര്‍ന്നു:
പാപം എന്താണ് എന്നു പലരും ചോദിച്ചേക്കാം. ദൈവത്തിന്റെ നിയമങ്ങളെ അനുസരിക്കാത്തതാണു പാപം. പ്രസ്തുത നിയമങ്ങള്‍ പാപം എന്തെന്നും വ്യക്തമാക്കുന്നു. ആ പാപത്തിന്റെ ദൈവദത്തമായ ശമ്പളമാണ് മരണം. ആദ്യമനുഷ്യനായ ആദാം എന്ന ഏകന്റെ അനുസരണക്കേടിലൂടെ പാപവും പാപത്താല്‍ മരണവും ലോകത്തു വന്നു. അങ്ങനെ മരണം സകല മനുഷ്യരിലും പടര്‍ന്നു. എങ്കിലും, യേശുക്രിസ്തു എന്ന ഏകന്റെ ത്യാഗം ലംഘനങ്ങളെ മോചിക്കുന്ന ജീവികാരണമായ നീതീകരണവിധി, നിത്യജീവനുള്ള മാര്‍ഗ്ഗം തുറന്നു. ആ വഴിയിലേക്കു അനുതാപത്തിലൂടെ മാറുന്നതാണു മാനസാന്തരം.

യഹൂദ്യയില്‍ സ്‌നാപക യോഹന്നാനും, പിന്നീട് യേശുവും, അദ്ദേഹത്തിന്റെ ശിഷ്യന്‍മാരും പ്രസംഗിച്ചത് മാനസാന്തരപ്പെടണമെന്നാണ്. ഭൂമിയിലുള്ള സകല ജനവും മാനസാന്തരപ്പെടുവാനാണ് ആവശ്യപ്പെട്ടത്. മാനസാന്തരപ്പെടാത്ത ജനം പൂര്‍ണ്ണമായി നശിച്ചുപോകുമെന്നാണ് മിശിഹ, താക്കീതു നല്‍കിയത്. എന്നു വരികിലും, എങ്ങനെയുള്ളവര്‍ മാനസാന്തരപ്പെടും?

“ശിശുക്കളെപ്പോലെ നിഷ്‌ക്കളങ്കരായിത്തീരാത്തവര്‍ സ്വര്‍ഗ്ഗരാജ്യത്തു കടക്കയില്ല.' എന്നാണ് ദൈവപുത്രന്‍ വ്യക്തമായിട്ടു പ്രസ്താവിച്ചത്, പശ്ചാത്താപത്തിന്റേതോ, കുറ്റബോധത്തിന്റേതോ ഫലമായ ഒരു ആശയപരിവര്‍ത്തനം മാത്രം പോരാ. പാപമാര്‍ഗ്ഗം പരിത്യജിക്കുന്ന മാനസിക നവീകരണം മാനസാന്തരത്തിന്റെ മര്‍മ്മമാണ്.

അങ്ങനെ തെറ്റുതിരുത്തി, രക്ഷകനെ അനുധാവനം ചെയ്യുന്ന ഒരു പുനഃസംവിധാനമാണ് ജീവിതത്തിനാവശ്യം. ചുരുക്കിപ്പറഞ്ഞാല്‍, മരണത്തില്‍നിന്നു നിത്യജീവനിലേക്കുള്ള ഗതിമാറ്റമാണു മാനസാന്തരം.”

'മാനസാന്തരം ലഭിക്കാത്തവര്‍ക്ക് എന്തു ഭവിക്കും?' ദാനിയേല്‍ ചോദിച്ചു.

സ്രഷ്ടാവ് മാനസാന്തരത്തിനുള്ള അവസരം സകലര്‍ക്കും കൊടുക്കും. രക്ഷിക്കപ്പെടുന്നവര്‍ ഒരു പ്രാവശ്യം മരിക്കും. എങ്കിലും, അവര്‍ പുനരുത്ഥാനം ചെയ്യും. നിത്യജീവന്‍ പ്രാപിക്കും. മാനസാന്തരപ്പെടാതെ, പാപത്തോടുകൂടെ മരിക്കുന്നവരും ഉയര്‍ത്തെഴുന്നേല്‍ക്കും. അതു ന്യായവിധിക്കു വേണ്ടിയാണ്. അവര്‍ വീണ്ടും മരിക്കും. രണ്ടാമത്തെ മരണം. അതാണു പാപത്തിന്റെ ശമ്പളം.

അപ്പൊസ്തലനായ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്റെ അഞ്ചാം അദ്ധ്യായത്തിലെ ഇരുപത്തൊമ്പതാം വാക്യവും; വെളിപ്പാടു പുസ്തകത്തിന്റെ ഇരുപതാം അദ്ധ്യായവും അച്ചന്‍ വായിച്ചു കേള്‍പ്പിച്ചു. പിന്നീടൊന്നും പറഞ്ഞില്ല. പ്രാര്‍ത്ഥിച്ചു. മറ്റൊരു രോഗിയുടെ മുറിയലേക്കു പോയി.

അജ്ഞതയുടെ അന്ധകാരം താങ്ങുന്ന ജനഹൃദയത്തില്‍ ആത്മപ്രകാശം പകരുന്ന പ്രേഷിതവേല മഹത്വത്തിന്റെ ഉടയവനായ ദൈവത്താല്‍ ഉളവായതാണെന്ന സത്യം ദാനിയേല്‍ ഓര്‍ത്തു. സ്രാമ്പിക്കല്‍ അച്ചന്റെ വാക്കുകള്‍ നീതിയുടെ നിതാന്ത ബന്ധുവായിത്തീരാന്‍ അയാളെ പ്രേരിപ്പിച്ചു. യഹോവയുടെ വഴിയേ പോകുവാനും.

കയ്ക്കുകയും മധുരിക്കുകയും ചെയ്യുന്ന ജീവിതാനുഭവങ്ങളുടെ ഓര്‍മ്മയോടെ കിടന്നു.
കുരിശ് വരയ്ക്കാനും, പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച പെറ്റമ്മയുടെ ആഗ്രഹമെന്തായിരുന്നു? ദേവാലയങ്ങളില്‍ കൊണ്ടുപോയി പിടിപ്പണം വാരിച്ചു നേര്‍ച്ചയിടീച്ചതും. മെത്രാച്ചനെക്കൊണ്ട് അനുഗ്രഹിപ്പിച്ചു 'മദ്ബഹാ' യിലേക്കു നയിച്ചതും ഒരു പ്രത്യാശയോടുകൂടി ആയിരുന്നല്ലോ. സ്‌നേഹത്തിന്റെ നിലയവും വാല്‍സല്യത്തിന്റെ ആലയവുമായിരുന്ന അമ്മയുടെ ആത്മാഭിലാഷം, അഥവാ അന്ത്യാഭിലാഷം നിറവേറ്റുവാന്‍ കഴിഞ്ഞില്ലാ എന്നോര്‍ത്ത് ദാനിയോല്‍ ദുഃഖിച്ചു! ഒരിക്കലും വീട്ടുവാനാവാത്ത ധാര്‍മ്മിക കടം. ഇതു ഇന്നു ലോകത്തെ ബാധിക്കുന്നു.

ഏകാന്തതയുടെ വിമൂകതയില്‍ വളരെനേരം കരഞ്ഞു. കര്‍ത്താവ് കരുണയുടെ കെടാവിളക്കുമേന്തി ഇപ്പോഴും എന്നെ അന്വേഷിക്കുന്നു എന്നു അയാള്‍ക്കുതോന്നി. തന്റെ ഹൃദയത്തിന്റെ കവാടത്തില്‍ പരിശുദ്ധാത്മാവ് മുട്ടുന്നുവെന്നും.

ഉള്ളം നുറുങ്ങിയവര്‍ക്കു സമീപസ്ഥനും, മനസ്സ് തകര്‍ന്നവരുടെ രക്ഷിതാവുമായ മിശിഹായുടെ മാര്‍ഗ്ഗത്തില്‍ മാത്രം ഇനി ഉറച്ചുനില്‍ക്കുമെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതോടെ, കരളിലെ കദനഭാരം മാഞ്ഞു. മരണഭീതിമാറി. പ്രത്യാശയുടെ ശക്തിയില്‍ പുതിയൊരു ഭാവിയെ വിഭാവന ചെയ്തു.

പിറ്റേ ദിവസം അതിരാവിലെ ഉണര്‍ന്നു. പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഉദരനൊമ്പരം മാറിനിന്നു. സമാധാനത്തോടും സന്തോഷത്തോടുംകൂടെ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്കു-മാംസരക്തങ്ങളുടെ ആ യന്ത്രശാലയിലേക്കു-പോയി!

ഉഷസിനും സന്ധ്യയ്ക്കും മദ്ധ്യേ ഉദിച്ചുയര്‍ന്ന വെളിച്ചം തിളച്ചൊഴുകിയനേരത്ത് പാതി എരിഞ്ഞ ആ നേര്‍ച്ചത്തിരി അണഞ്ഞു! സര്‍വ്വശക്തന്റെ മുമ്പില്‍ ശാസ്ത്രം-ആ ദൈവീകദാനം-മൗനമായി!
(അവസാനിച്ചു)
 വെളിച്ചം വിളിക്കുന്നു (ചെറുകഥ)-2--ജോണ്‍ വേറ്റം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക