
ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന 'വീട്ടിലെ ഊണ്' എന്ന കാരുണ്യപദ്ധതി നവംബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 11 മണി മുതൽ സ്റ്റാഫോർഡിലെ കേരള ഹൗസിൽ നടക്കും.
'ഒരു പൊതിച്ചോർ... ഒരു കുരുന്നിന് പ്രതീക്ഷയുടെ കൈത്താങ്ങ്' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ സംരംഭത്തിലൂടെ ലഭിക്കുന്ന സംഭാവനകൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.
നാടിന്റെ തനിമയും സ്നേഹവും നിറഞ്ഞ പൊതിച്ചോറിലൂടെ കാരുണ്യത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് മാഗിന്റെ ലക്ഷ്യം. ഒരു നേരത്തെ ഭക്ഷണത്തിന്റെ സന്തോഷത്തോടൊപ്പം ഒരു കുഞ്ഞിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചം പകരാനുള്ള അവസരമാണ് ഈ ഉദ്യമം ഒരുക്കുന്നത്.
പൊതിച്ചോറിന് കുറഞ്ഞത് 15 ഡോളറാണ് നിർദേശിച്ചിരിക്കുന്ന സംഭാവന. മാഗിന്റെ നാൽപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ജീവകാരുണ്യ സംരംഭത്തിൽ ഹ്യൂസ്റ്റണിലെ മുഴുവൻ മലയാളി സമൂഹത്തിൻ്റെയും സജീവ പങ്കാളിത്തവും സഹകരണവും സംഘാടകർ അഭ്യർത്ഥിച്ചു.
മാഗ് പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ ചാരിറ്റി കോ ഓർഡിനേറ്റർ ഡെന്നീസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
സ്നേഹത്തിന്റെ രുചിയും കരുതലിന്റെ നന്മയും പങ്കുവയ്ക്കുന്ന ഈ കാരുണ്യവിരുന്നിൽ എല്ലാവരും പങ്കുചേരണമെന്ന് മാഗ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
സ്ഥലം: കേരള ഹൗസ്, 1415 Packer Ln, Stafford, TX 77477.
സമയം: 2026 നവംബർ 15, ഞായറാഴ്ച ഉച്ചയ്ക്ക് 11 മണി മുതൽ.