
കൊച്ചി: കേരളത്തിന്റെ വികസന ചരിത്രത്തില്‍ അവിസ്മരണീയമായ ഇടപെടലുകള്‍ നടത്തിയ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നല്‍കണമെന്ന് ഫോമാ മുന്‍ പ്രസിഡന്റും പ്രമുഖ സംഘാടകനുമായ ബേബി മണക്കുന്നേല്‍ ആവശ്യപ്പെട്ടു. പ്രതിസന്ധികളെയും രാഷ്ട്രീയ എതിര്‍പ്പുകളെയും ഭരണപരമായ തടസ്സങ്ങളെയും അതിജീവിച്ച് നെടുമ്പാശ്ശേരി വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക രാഷ്ട്രീയ നേതൃത്വം നല്കിയ കെ. കരുണാകരനോടുള്ള അര്‍ഹമായ ആദരവായിരിക്കും ഈ പേരുമാറ്റമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ഷങ്ങളായി പ്രവാസി മലയാളിള്‍ രാഷ്ട്രീയ ഭേദമെന്യേ ഉയര്‍ത്തുന്ന പ്രസ്തുത ആവശ്യം മുന്‍നിര്‍ത്തി വരുന്ന ജനുവരിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം സമര്‍പ്പിക്കും. അതോടൊപ്പം ലീഡര്‍ കരുണാകരന്റെ ഒരു പൂര്‍ണകായ പ്രതിമ എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കണെന്ന ആഗ്രഹവും മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കുമെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.
കേരളത്തിന്റെ വികസനക്കുതിപ്പിന് ദീര്‍ഘവീക്ഷണത്തോടെ അടിത്തറ പാകിയ നേതാവായിരുന്നു കെ. കരുണാകരന്. അദ്ദേഹത്തിന്റെ ഭരണനിശ്ചയദാര്ഢ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും ഏറ്റവും ശ്രദ്ധേയമായ സ്മാരകങ്ങളിലൊന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇന്ത്യയില്‍ പൊതുമേഖലാ-സ്വകാര്യ മേഖലാ പങ്കാളിത്തത്തില്‍ വികസിപ്പിച്ച ആദ്യ വിമാനത്താവളമെന്ന ചരിത്രനേട്ടം കൈവരിച്ച ഈ എയര്‍പോര്‍ട്ടിന്റെ രൂപീകരണത്തില്‍ കരുണാകരന് വഹിച്ച പങ്ക് ചരിത്രരേഖകളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.
1991-ല്‍ കൊച്ചിയിലെ നാവികസേനാ വിമാനത്താവളം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് പുതിയ വിമാനത്താവളം എന്ന ആശയം ശക്തമായത്. അന്നത്തെ എറണാകുളം ജില്ലാ കലക്ടര്‍ വി.ജെ. കുര്യന് പുതിയ വിമാനത്താവളമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ അതിന് രാഷ്ട്രീയ പിന്തുണയും ഭരണപരമായ അംഗീകാരവും നല്‍കിയത് മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും പ്രവാസികളുടെയും സ്വകാര്യ നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാമെന്ന ആശയത്തിന് അദ്ദേഹം പച്ചക്കൊടി കാട്ടി.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ എതിര്‍പ്പുകളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പ്രതിരോധ വകുപ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുമെല്ലാം പദ്ധതിക്കു മുന്നില്‍ വലിയ വെല്ലുവിളികളായി ഉയര്‍ന്നു. എന്നാല്‍, അതിലൊന്നും തളരാതെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കരുണാകരന് കാണിച്ച ഇച്ഛാശക്തിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയതെന്ന് ബേബി മണക്കുന്നേല്‍ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ചും, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ പരിഹരിക്കുന്നതിലും പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ഉറപ്പാക്കുന്നതിലും അദ്ദേഹം നേരിട്ട് ഇടപെട്ടു. പദ്ധതി ബാധിച്ച കുടുംബങ്ങളുടെ പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും പ്രാധാന്യം നല്കി. കേവലം ഒരു അടിസ്ഥാനസൗകര്യ വികസന പദ്ധതിയെന്നതിലുപരി ജനപങ്കാളിത്തത്തോടെയുള്ള കേരളത്തിന്റെ വികസന മാതൃകയായി വിമാനത്താവളത്തെ മാറ്റിയെടുക്കുന്നതിലും ലീഡറുടെ നിശ്ചയദാര്‍ഢ്യത്തിന് വലിയ പങ്കുണ്ടായിരുന്നു.
1994 മാര്‍ച്ച് 30-ന് കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എന്ന കമ്പനി രൂപീകരിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1999 മേയ് 25-ന് അന്നത്തെ രാഷ്ട്രപതി കെ.ആര്. നാരായണന് വിമാനത്താവളം ഉദ്ഘാടനം ചെയ്തു. കരുണാകരന്റെ ദീര്‍ഘവീക്ഷണവും വി.ജെ. കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവും പ്രവാസി മലയാളികളുടെയും നിക്ഷേപകരുടെയും ജനപങ്കാളിത്തവുമാണ് മഹത്താ യ ഈ സംരംഭത്തിന് അടിത്തറയായത്.
ഇന്ന് ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ഖ്യാതിയും ഐക്യരാഷ്ട്രസഭയുടെ 'ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്' പുരസ്കാരവുമടക്കം അന്താരാഷ്ട്ര അംഗീകാരങ്ങള്‍ സ്വന്തമാക്കിയ കൊച്ചി വിമാനത്താവളം കേരളത്തിന്റെ അഭിമാനമാണ്. ഇന്ത്യയിലെ വ്യോമഗതാഗത ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള ഈ വിമാനത്താവളം പതിനായിരക്കണക്കിന് ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ നല്കുന്ന വലിയ പ്രസ്ഥാനം കൂടിയാണെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം ഇതാദ്യമായല്ല ഉയരുന്നത്. 2010 ഡിസംബറില്‍ അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ ശശി തരൂര്‍ എം.പിയാണ് ഈ ആവശ്യം പരസ്യമായി ഉന്നയിച്ചത്. 2014-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിമാനത്താവളത്തിന്റെ പേര് കരുണാകരന്റെ പേരിലാക്കുന്നതിനുള്ള നിര്‍ദേശം സിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഈ ആവശ്യം ഇടംപിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.വി. തോമസും വി.എം. സുധീരനും ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.
വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്‍കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും സിയാല്‍ ഭരണസമിതിയും അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബേബി മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു. ഒരു വിമാനത്താവളം എന്നതിലുപരി കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കിയ മഹത്തായ സംരംഭമാണ് നെടുമ്പാശ്ശേരി. അതിന്റെ രൂപീകരണത്തിന് രാഷ്ട്രീയ നേതൃത്വം നല്കിയ വ്യക്തിയുടെ പേര് ആ സ്ഥാപനത്തോടൊപ്പം ചേര്‍ക്കുന്നത് ചരിത്രത്തോടുള്ള നീതിയും വരുംതലമുറയോടുള്ള സന്ദേശവുമായിരിക്കും. കേരളത്തിന്റെ വികസനചരിത്രത്തില്‍ കെ. കരുണാകരന്റെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നല്കാന് ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.