
ഇന്ത്യൻ കായികരംഗത്തെ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നിലേക്ക് വീണ്ടും നാടകീയ വഴിത്തിരിവ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിൻമാറേണ്ടിവരുമെന്ന് കരുതിയ ഘട്ടത്തിൽ അപ്രതീക്ഷിത നീക്കവുമായി പി.ടി. ഉഷ വീണ്ടും ജനറൽ അസംബ്ലിയിൽ ഇടംപിടിച്ചിരിക്കുകയാണ്. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി ഫെഡറേഷനാണ് പി.ടി. ഉഷയെ നാമനിർദേശം ചെയ്തത്. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള അവസരമാണ് ഉഷയ്ക്ക് ലഭിച്ചിരിക്കുന്നത്.
നേരത്തെ സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്.ഒ.എം) വിഭാഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉഷ പരാജയപ്പെട്ടിരുന്നു. വനിതാ വിഭാഗത്തിൽ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നേവാൾ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ജനറൽ അസംബ്ലിയിൽ എത്താനുള്ള ഉഷയുടെ ആ വഴിയും അടഞ്ഞിരുന്നു. എന്നാൽ ആ തിരിച്ചടിക്ക് പിന്നാലെ ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ പ്രവേശിക്കാനുള്ള പുതിയ വഴിയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.
ഓരോ ദേശീയ കായിക ഫെഡറേഷനും ഒരു പുരുഷനെയും ഒരു സ്ത്രീയെയും വീതം പ്രതിനിധികളായി നാമനിർദേശം ചെയ്യാൻ അവസരമുണ്ട്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ 30 ദേശീയ കായിക ഫെഡറേഷുകളിൽനിന്നായി ആകെ 60 പ്രതിനിധികളാണ് ഐ.ഒ.എ ജനറൽ അസംബ്ലിയിലെത്തിയത്. ഇതിലൂടെയാണ് ഐസ് ഹോക്കി ഫെഡറേഷന്റെ വനിതാ പ്രതിനിധിയായി പി.ടി. ഉഷയ്ക്ക് വീണ്ടും അംഗത്വം ലഭിച്ചത്. നേരത്തെ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഉഷയുടെ നീക്കങ്ങൾക്ക് തിരിച്ചടിയുണ്ടായിരുന്നെങ്കിലും പുതിയ നാമനിർദേശത്തോടെ മത്സരരംഗത്ത് തുടരാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക നീക്കവും ഉഷ നടത്തിയിട്ടുണ്ട്. എസ്.ഒ.എം തിരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചു. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ പരിശോധിക്കുന്നതിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് ഉഷ ആവശ്യപ്പെട്ടിരിക്കുന്നത്.