Image

കരിങ്കുന്നം അന്താരാഷ്ട്ര വടംവലി മത്സരത്തിന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആശംസകള്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 13 November, 2026
കരിങ്കുന്നം അന്താരാഷ്ട്ര വടംവലി മത്സരത്തിന് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആശംസകള്‍

ചിക്കാഗോ: 2027 ജനുവരി 17ന് കേരളത്തിലെ കരിങ്കുന്നത്ത് നടക്കുന്ന പ്രഥമ ക്‌നാനായ അന്താരാഷ്ട്ര വടംവലി മത്സരത്തിന് ചിക്കാഗോ സോഷ്യല്‍ ക്ലബ് ആശംസകള്‍ അറിയിച്ചു. കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയുടെ 2027 ജനുവരിയിലെ തിരുനാള്‍ പ്രസുദേന്തിമാരും കരിങ്കുന്നം സോഷ്യല്‍ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിനാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ് പിന്തുണയും ആശംസകളും അറിയിച്ചത്.

ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സിറിയക് കൂവക്കാട്ടിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റ് കമ്മിറ്റിയുമാണ് കരിങ്കുന്നം സോഷ്യല്‍ ക്ലബ്ബിനും മത്സരത്തിന്റെ സംഘാടകര്‍ക്കും വിജയാശംസകള്‍ നേര്‍ന്നത്.

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ സംഘാടകസമിതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ അംഗങ്ങള്‍ കരിങ്കുന്നം ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായി രംഗത്തെത്തിയിരിക്കുന്നത് ഇരു ക്ലബ്ബുകളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രത്യേകതയായി.

കരിങ്കുന്നം സ്വദേശിയും ചിക്കാഗോയിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സജി മുല്ലപ്പള്ളില്‍ ആണ് കരിങ്കുന്നം അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പ്ലാറ്റിനം സ്‌പോണ്‍സര്‍. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ സജീവ അംഗമായ അദ്ദേഹം ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ കമ്മിറ്റി അംഗം കൂടിയാണ്.

മത്സരത്തിലെ ഒന്നാം സമ്മാനമായ 1,00,001 രൂപയും സൈമണ്‍ കൈതക്കത്തൊട്ടിയില്‍ മെമ്മോറിയല്‍ ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ബിനു കൈതക്കത്തൊട്ടിയിലും കുടുംബവുമാണ്. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റ് കമ്മിറ്റി അംഗം കൂടിയാണ് ബിനു കൈതക്കത്തൊട്ടിയില്‍.

ലോകത്തിലെ ഏറ്റവും വലിയ വടംവലി മത്സരങ്ങളിലൊന്നായി അറിയപ്പെടുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അന്താരാഷ്ട്ര വടംവലി ടൂര്‍ണമെന്റിന്റെ സംഘാടനപരിചയമുള്ള അംഗങ്ങള്‍ കരിങ്കുന്നത്തെ പുതിയ വടംവലി സംരംഭത്തിനും പിന്തുണയുമായി എത്തുന്നത് ശ്രദ്ധേയമാണ്.

സ്വദേശത്തുനിന്നും വിദേശത്തുനിന്നുമുള്ള ടീമുകള്‍ പങ്കെടുക്കുന്ന കരിങ്കുന്നം വടംവലി മത്സരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 570 കിലോഗ്രാം ഭാരവിഭാഗത്തിലുള്ള മത്സരങ്ങള്‍ തൊമ്മനും മക്കളും ടീമിന്റെ നിയന്ത്രണത്തിലായിരിക്കും സംഘടിപ്പിക്കുക.

കേരളത്തിനകത്തും പുറത്തും, പ്രത്യേകിച്ച് അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും താമസിക്കുന്ന കരിങ്കുന്നം നിവാസികളെ ഒരുമിപ്പിക്കുന്ന ഈ കായികമാമാങ്കം പ്രവാസി സമൂഹവും ജന്മനാടും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ചിക്കാഗോ സോഷ്യല്‍ ക്ലബ് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കരിങ്കുന്നം സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം വന്‍വിജയമാകട്ടെയെന്നും വരുംവര്‍ഷങ്ങളില്‍ കേരളത്തിലെ ശ്രദ്ധേയമായ വടംവലി ടൂര്‍ണമെന്റുകളിലൊന്നായി വളരട്ടെയെന്നും പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സിറിയക് കൂവക്കാട്ടിന്റെ നേതൃത്വത്തിലുള്ള വടംവലി ടൂര്‍ണമെന്റ് കമ്മിറ്റിയും ആശംസിച്ചു.

കായികമത്സരങ്ങള്‍ക്കപ്പുറം സൗഹൃദവും ഐക്യവും സഹകരണവും വളര്‍ത്തുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ വിജയാശംസകളും നേരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക