
കൊച്ചി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ പുരസ്കാരത്തിന് നടൻ മമ്മൂട്ടി അർഹനായി. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.
ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
കലാരംഗത്തെ മികച്ച നേട്ടങ്ങൾക്കൊപ്പം, സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കായി മമ്മൂട്ടി നടത്തിവരുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് സമിതിയംഗങ്ങൾ വ്യക്തമാക്കി.