Image

ലോബിയിങ്ങും സമ്മര്‍ദ്ദവും ശക്തമായി; കെപിസിസി അധ്യക്ഷ മാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് ഹൈക്കമാന്‍ഡ്, പദവിയില്‍ സണ്ണി ജോസഫ് തുടരും

Published on 13 November, 2026
ലോബിയിങ്ങും സമ്മര്‍ദ്ദവും ശക്തമായി; കെപിസിസി അധ്യക്ഷ മാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് ഹൈക്കമാന്‍ഡ്, പദവിയില്‍ സണ്ണി ജോസഫ് തുടരും

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നേതാക്കളുടെ ലോബിയിങ്ങും സമ്മര്‍ദവും ശക്തമായതോടെ, അധ്യക്ഷ മാറ്റത്തിനായുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോട് നേതൃത്വം നിര്‍ദേശിച്ചതായാണ് വിവരം. അധ്യക്ഷ പദവിക്കായി പാര്‍ട്ടിയിലെ പ്രബല വിഭാഗവും മുഖ്യമന്ത്രിയും ഇരുചേരികളായി തിരിഞ്ഞതോടെ പുതിയ വിഭാഗീയതകള്‍ ഉണ്ടാകുമോ എന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നില്‍. കര്‍ണാടകയിലും തെലങ്കാനയിലും ഭരണത്തിലുള്ള നേതാക്കള്‍ പിസിസി അധ്യക്ഷ പദവിയില്‍ തുടര്‍ന്ന കീഴ്വഴക്കങ്ങള്‍ സണ്ണി ജോസഫും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

​ഹൈക്കമാന്‍ഡ് തീരുമാനത്തോടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ബെന്നി ബെഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, അജയ് തറയില്‍, മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവരുടെ പ്രതീക്ഷകള്‍ക്ക് തല്‍ക്കാലം മങ്ങലേറ്റു. മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ആര്‍ക്കും പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ആളാകണം പുതിയ അധ്യക്ഷനെന്ന് സതീശന്‍ വ്യക്തമാക്കിയപ്പോള്‍, തീരുമാനം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും വിട്ടുകൊടുക്കുന്ന നിലപാടാണ് കെ.സി. വേണുഗോപാല്‍ സ്വീകരിച്ചത്.

​മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രക്ഷോഭങ്ങളുടെ അടുത്ത ഘട്ടവും, ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളിലാണ് നിലവില്‍ എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധ. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംഘടനാ മാറ്റം പിന്നീട് മതിയെന്ന നിലപാടിലാണ് ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിന് പിന്നാലെ സണ്ണി ജോസഫ് ബുധനാഴ്ച വൈകീട്ട് ഇന്ദിരാഭവനിലെത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക