
തിരുവല്ല: സാമൂഹിക-സാംസ്‌കാരിക രംഗത്തും രാഷ്ട്രീയ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ കേരള കോണ്‍ഗ്രസ് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഐപ്പ് ചക്കിട്ട എഴുപതിന്റെ നിറവില്‍. തിരുവല്ല വൈ.എം.സി.എയുടെ നേതൃത്വത്തിലുള്ള കവിയൂര്‍ വികാസ് സ്‌കൂളില്‍ സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിച്ചു. തിരുവല്ല എം.എല്‍.എ അഡ്വ. വര്‍ഗീസ് മാമ്മന്‍, അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സാമൂഹിക പ്രവര്‍ത്തകന്‍ സക്കറിയ കരിവേലി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചാണ് ആദരിച്ചത്. മാര്‍ കൂറിലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മാന്നാര്‍ മേല്‍പ്പാടം തേക്കാട്ടില്‍ ചക്കിട്ടയില്‍ പരേതരായ മാമ്മന്‍ ചാക്കോയുടെയും സാറാമ്മ ചാക്കോയുടെയും മകനാണ് ഐപ്പ് ചക്കിട്ട. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലമായി സജീവമായ അദ്ദേഹം മാന്നാറിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ മുതിര്‍ന്ന നേതാവ് ഡോ. മാമ്മന്‍ സി. ജേക്കബിന്റെ സഹോദരന്‍ കൂടിയാണ് അദ്ദേഹം.

മാന്നാറിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായ മഹാത്മാഗാന്ധി ജലോത്സവത്തിന്റെ സംഘാടക സമിതി ഭാരവാഹിയായും ,മേല്‍പ്പാടം ചുണ്ടന്‍ വള്ള സമിതി പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം സാമൂഹിക സേവനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന അദ്ദേഹത്തിന്റെ പൊതുരംഗത്തെ സംഭാവനകള്‍ കൂടിപരിഗണിച്ചായിരുന്നു ആദരം.
വൈ.എം.സി.എ വികാസ് സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ. കുര്യന്‍ ജോണ്‍, പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ഇ.എ. ഏലിയാസ്, വൈ.എം.സി.എ സെക്രട്ടറി ജോയി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാമൂഹിക പ്രവര്‍ത്തകരായ ലാല്‍ജി, സക്കറിയ കരിവേലി, തോമസ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.