Image

ലോകമെങ്ങും മൈക്രോസോഫ്റ്റ് പണിമുടക്കി: ഔട്ട്ലുക്കും ടീംസും കോപൈലറ്റും തകരാറിൽ; സേവനങ്ങൾ തിരിച്ചെത്തുന്നു

Published on 13 November, 2026
ലോകമെങ്ങും മൈക്രോസോഫ്റ്റ് പണിമുടക്കി: ഔട്ട്ലുക്കും ടീംസും കോപൈലറ്റും തകരാറിൽ; സേവനങ്ങൾ തിരിച്ചെത്തുന്നു

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ആശങ്കയിലാക്കിയ മൈക്രോസോഫ്റ്റ് 365 സേവനതടസ്സത്തിൽ ഘട്ടംഘട്ടമായി പുരോഗതി. ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ്, വൺഡ്രൈവ്, ഷെയർപോയിന്റ് തുടങ്ങിയ പ്രധാന സേവനങ്ങളിലുണ്ടായ തടസ്സം പരിഹരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു. എന്നാൽ സേവനങ്ങൾ പൂർണമായും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

 സെർവറുകളിൽ കെട്ടിക്കിടക്കുന്ന വിവരങ്ങളും വിതരണം ചെയ്യാൻ ബാക്കിയുള്ള ഇമെയിലുകളും കൈകാര്യം ചെയ്യുന്നതിനാൽ ഉപയോക്താക്കൾക്ക് ഇനിയും ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ചില സേവനങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇമെയിലുകൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും കാലതാമസം തുടർന്നേക്കും. വൈകിയെത്തുന്ന ഇമെയിലുകൾ നഷ്ടപ്പെടാതിരിക്കാൻ സന്ദേശങ്ങളുടെ ടൈം ഔട്ട് പരിധി 48 മണിക്കൂറായി കമ്പനി വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ പെൻഡിങ് ഇമെയിലുകൾ ഇൻബോക്സിലെത്താൻ കൂടുതൽ സമയം വേണ്ടിവന്നേക്കും.

നവംബർ 12 വ്യാഴാഴ്ച ആരംഭിച്ച സാങ്കേതിക തകരാർ ലോകത്തെ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കളെയാണ് ബാധിച്ചത്. ഔട്ട്ലുക്ക് ഇൻബോക്സുകൾ തുറക്കാനും സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും ഫയലുകൾ പരിശോധിക്കാനും കലണ്ടർ വിവരങ്ങൾ കാണാനും കഴിയുന്നില്ലെന്ന പരാതികളാണ് വ്യാപകമായി ഉയർന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക