
ദക്ഷിണേന്ത്യൻ സസ്യാഹാര ഭക്ഷണശൃംഖലയായ അഡയാർ ആനന്ദഭവന്റെ (A2B) ഭൂരിപക്ഷ ഓഹരികൾ ജെയിംസ് മർഡോക്കിന്റെ പിന്തുണയുള്ള ബോധി ട്രീ സിസ്റ്റംസ് സ്വന്തമാക്കി. 180 മില്യൺ ഡോളർ (ഏകദേശം 1,600 കോടി രൂപയിലധികം) നിക്ഷേപിക്കുന്ന ഇടപാടിലൂടെ അഞ്ച് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ വിപുലീകരണത്തിനും ആധുനികവൽക്കരണത്തിനുമാണ് ലക്ഷ്യമിടുന്നത്.
മാധ്യമ വ്യവസായ പ്രമുഖനായ ജെയിംസ് മർഡോക്കിന്റെ ലൂപ സിസ്റ്റംസിന്റെ പിന്തുണയുള്ള സ്ഥാപനമാണ് ബോധി ട്രീ സിസ്റ്റംസ്. മർഡോക്കും മുൻ മാധ്യമ മേധാവി ഉദയ് ശങ്കറും ചേർന്നാണ് ഇത് സ്ഥാപിച്ചത്. ഇടപാടിന്റെ ഭാഗമായി ഉദയ് ശങ്കർ A2B ഡയറക്ടർ ബോർഡ് ചെയർമാനാകും. കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിസിനസിൽനിന്ന് കൂടുതൽ പ്രൊഫഷണൽ മാനേജ്മെന്റ് സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
വ്യവസായ മേഖലയിലെ ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇടപാടിൽ A2B-യുടെ മൊത്തം മൂല്യം ഏകദേശം 350 മില്യൺ ഡോളറാണ്.
സഹസ്ഥാപകനായ കെ.ടി. ശ്രീനിവാസ രാജയുടെ നേതൃത്വത്തിൽ അഞ്ച് പതിറ്റാണ്ട് മുമ്പ് ഒരു മധുരപലഹാരക്കടയായി ആരംഭിച്ച സ്ഥാപനമാണ് ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസം നേടിയ ഭക്ഷ്യശൃംഖലയായി വളർന്നത്. ബോധി ട്രീയുമായുള്ള പങ്കാളിത്തം കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്ക് സഹായകമാകുമെന്ന് ശ്രീനിവാസ രാജ പറഞ്ഞു. ഭാവിയിൽ ഉപഭോക്താക്കൾക്കും ജീവനക്കാർക്കും നിക്ഷേപകർക്കും കമ്പനിയുടെ വളർച്ചയിൽ പങ്കാളികളാകാൻ ഇതിലൂടെ അവസരമൊരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലും വിദേശത്തും പുതിയ വിപണികളിലേക്ക് കടക്കുന്നതിനും നിലവിലെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുമാണ് നിക്ഷേപത്തുക പ്രധാനമായും വിനിയോഗിക്കുക. പടിഞ്ഞാറൻ ഇന്ത്യയിലും യൂറോപ്പിലും കൂടുതൽ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം റീട്ടെയിൽ ബിസിനസ് വിപുലീകരിക്കാനും കമ്പനി പദ്ധതിയിടുന്നു.
ചെന്നൈയിലും ബെംഗളൂരുവിലുമുള്ള ഉൽപ്പാദനശാലകൾ ആധുനികവൽക്കരിക്കുമെന്നും റീട്ടെയിൽ, കയറ്റുമതി വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഉൽപ്പാദനകേന്ദ്രം ആരംഭിക്കുന്നതും പരിഗണനയിലാണെന്നും പ്രൊമോട്ടർ കുടുംബാംഗമായ വിഷ്ണു ശങ്കർ 'ദി ഹിന്ദു'വിനോട് പറഞ്ഞു.
1970-കളുടെ അവസാനത്തിൽ ചെന്നൈയിലെ വാഷർമൻപേട്ടിൽ ഒരു കടയുമായാണ് അഡയാർ ആനന്ദഭവന്റെ തുടക്കം. പിന്നീട് അഡയാറിൽ ആരംഭിച്ച രണ്ടാമത്തെ ഔട്ട്ലെറ്റാണ് ബ്രാൻഡിന്റെ വളർച്ചയിൽ നിർണായകമായത്. തമിഴ്നാട്ടിലും കർണാടകയിലുമായി വ്യാപിച്ച സ്ഥാപനം ദേശീയപാതകളിലെ ഔട്ട്ലെറ്റുകളിലൂടെയും യാത്രക്കാർക്കിടയിൽ വലിയ ജനപ്രീതി നേടി.
നിലവിൽ ഇന്ത്യയിൽ ഏകദേശം 160 ഔട്ട്ലെറ്റുകളും വിദേശരാജ്യങ്ങളിലായി 30-ലധികം ശാഖകളുമാണ് A2B-ക്കുള്ളത്. 15,000-ത്തിലധികം ജീവനക്കാരും സ്ഥാപനത്തിന്റെ ഭാഗമാണ്. സിംഗപ്പൂർ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ദക്ഷിണേന്ത്യൻ സസ്യാഹാര വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകൾക്കു പുറമെ മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയുടെ റീട്ടെയിൽ വിൽപ്പനയും ഓൺലൈൻ വ്യാപാരവും A2B-യുടെ ബിസിനസിന്റെ ഭാഗമാണ്. പുതിയ നിക്ഷേപത്തോടെ ആഗോളതലത്തിൽ ഇന്ത്യൻ ഭക്ഷ്യബ്രാൻഡിന്റെ സാന്നിധ്യം വർധിപ്പിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.