Image

ജടായുവിൻ്റെ ശബ്ദം! (വിജയ് സി. എച്ച്)

Published on 14 November, 2026
ജടായുവിൻ്റെ ശബ്ദം! (വിജയ് സി. എച്ച്)

സർവകാല ബോക്സോഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് നിതേഷ് തിവാരിയുടെ 'രാമായണ' ഒന്നാം ഭാഗം സംസ്ഥാന, ദേശീയ, ആഗോള തലങ്ങളിൽ ജൈത്രയാത്ര തുടരുമ്പോൾ, ഇതിഹാസ ചലച്ചിത്രത്തിലെ ഏറ്റവും ആകർഷകവും ആവേശം കൊള്ളിക്കുന്നതുമായ രംഗം ജടായുവും രാവണനും തമ്മിൽ ആകാശത്തു വച്ചു നടക്കുന്ന ഘോര സംഘട്ടനമാണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. അത്യുജ്ജ്വലമായ ചിത്രീകരണം, സംശയമില്ല.

രാവണൻ പുഷ്പക വിമാനത്തിൽ സീതയെ അപഹരിച്ചു കൊണ്ടുപോകുമ്പോൾ ദേവിയുടെ നിലവിളി കേട്ടു പറന്നെത്തിയ ഭീമാകാരനായ ജടായു ലങ്കാധിപതിയെ എതിർക്കുന്നു. പക്ഷി ശ്രേഷ്ഠൻ ഏറ്റുമുട്ടലിനിടെ രാവണനെ വെല്ലുവിളിക്കുകയും, സീതയെ മോചിപ്പിക്കാൻ കഠിനമായി ശ്രമിക്കുന്നുമുണ്ട്. അധർമത്തിനെതിരെ ആഞ്ഞടിക്കുന്ന ജടായുവിനെ തടയാനാവില്ലെന്നു തിരിച്ചറിഞ്ഞ രാവണൻ, ഒടുവിൽ മൂർച്ചയേറിയ ചന്ദ്രഹാസം വീശി, അതിൻ്റെ ഇടതു ചിറക് നിഷ്ഠൂരമായി ഛേദിക്കുന്നു. പറക്കാനാവാതെ, പാവം പക്ഷി ആകാശത്തു നിന്നു കുത്തനെ ഭൂമിയിലേക്കു ആണ്ടിറങ്ങി.

ജടായുവിൻ്റെ കഥാപാത്രം ആനിമേറ്റഡ് ആണെങ്കിലും, പക്ഷി മനുഷ്യ ശബ്ദത്തിൽ സംസാരിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. ആകാശയുദ്ധ സമയത്തും, ചിറകറ്റു നിലംപതിച്ചു മരണാസന്നനായി കിടക്കുമ്പോൾ, രാമ-ലക്ഷ്മണന്മാരോടു സീതയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുമ്പോഴും ജടായുവിൻ്റേത് മനുഷ്യ ശബ്ദമാണ്. കൂടാതെ, പടം തുടങ്ങുമ്പോൾ കഥയെക്കുറിച്ചു ശബ്ദവിവരണം നൽകുന്നതും ജടായുവാണ്. ഗാംഭീര്യമുള്ള ഈ ശബ്ദം പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറിൻ്റെയാണ്. അദ്ദേഹത്തോട് ഈ ലേഖകൻ പണ്ട് സംസാരിച്ചിട്ടുണ്ട്. വ്യക്തം, ഈ ശബ്ദം പണ്ടേ ഞാൻ കേട്ടിരുന്നു! ബോക്സോഫീസിനു തീപിടിച്ച 'കർമ' ഇറങ്ങിയപ്പോൾ, വിദേശത്തെ ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണം ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തോട് ഞാൻ സംസാരിച്ചത്.

ജടായു വന്നു പതിച്ച കൊല്ലം ചടയമംഗലത്തെ പാറയിൽ ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പം രാജീവ് അഞ്ചൽ നിർമിക്കുമ്പോൾ, വർഷങ്ങൾക്കിപ്പുറം രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യശും എത്തുന്നൊരു സെല്ലുലോയ്ഡ് കാവ്യത്തെക്കുറിച്ച് ആരും ചിന്തിച്ചുകാണില്ല. കോയമ്പത്തൂരുള്ള സെന്താമരൈ കണ്ണൻ്റെ പുത്രി സായ്, താൻ ഇത്ര പെട്ടെന്ന് സർവാരാധ്യയായ സീതയാകുമെന്നു കരുതിയിരുന്നുവോ!
 

ജടായുവിൻ്റെ ശബ്ദം! (വിജയ് സി. എച്ച്)
ജടായുവിൻ്റെ ശബ്ദം! (വിജയ് സി. എച്ച്)
Join WhatsApp News
Jayan Varghese 2026-11-14 22:10:22
എത്രയോ തവണ കണ്ടും കേട്ടും കഴിഞ്ഞതാണ് ഈ രാമായണ കഥ ? അത് ഭാരതീയ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോളും ഇത്രയ്ക്ക് വിഷയ ദാരിദ്ര്യമാണോ ഇന്ത്യൻ സിനിമയ്ക്ക് എന്ന കാതലായ ചോദ്യം ബാക്കി നിൽക്കുന്നു. ഊതി വീർപ്പിച്ചതും യഥാതഥ ജീവിത വേദികകളിൽ നിന്നു ദൂരെ നിൽക്കുന്നതുമായ ഒരു പുരാണ കഥ ആധുനിക സാങ്കേതിക വിദ്യയിൽ വീണ്ടും അവതരിപ്പിക്കുമ്പോൾ ആ സാങ്കേതിക വിദ്യയുടെ പ്രൗഢിയായിരിക്കണം വീണ്ടും ജനങ്ങളെ തീയറ്ററുകളിൽ എത്തിക്കുന്നത് എന്ന് എനിക്കു തോന്നുന്നു. ഇത്തരം സിനിമകൾ പൊതു സമൂഹത്തിൽ എന്ത് മാറ്റം സൃഷ്ടിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സീതയായി വന്ന രണ്ടു പെണ്ണുങ്ങളുടെ തലമുടിയെപ്പറ്റി സോഷ്യൽ മീഡിയയിൽ നടക്കുന്ന ചൂടൻ ചർച്ചകൾ. ഒരാളുടേതു നല്ല മുരിങ്ങക്കായ പരുവത്തിലുള്ള മുടി. മറ്റവളുടേതു നല്ല ചുരുളൻ മുടി. ഏതാണ് മെച്ചം എന്നതിൽ ആരാധകരുടെ അടി ! ജയൻ വർഗീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക