Image

മനസ്സുകളെ ഈര്‍പ്പമുള്ളതാക്കുന്ന വിരല്‍സ്പര്‍ശങ്ങള്‍…. : പുസ്തക പരിചയം, വൃന്ദ പാലാട്ടിൻ്റെ 'ഗാനസരണിയിൽ ഒരു സഞ്ചാരി'

Published on 16 November, 2026
മനസ്സുകളെ ഈര്‍പ്പമുള്ളതാക്കുന്ന വിരല്‍സ്പര്‍ശങ്ങള്‍…. : പുസ്തക പരിചയം, വൃന്ദ പാലാട്ടിൻ്റെ 'ഗാനസരണിയിൽ ഒരു സഞ്ചാരി'

 

നിനച്ചിരിക്കാത്തനേരത്ത് ശലഭമായി മാറുന്ന ഒരു നിമിഷത്തെക്കുറിച്ച് ചേതോഹരമായ ഒരു വരിയുണ്ട്, ഒന്നിനെയും എരിച്ചുകളയാത്ത ഒരു കനല്‍പോലെ ചില നിമിഷങ്ങളുടെ ആനന്ദത്തെക്കുറിച്ചും മറ്റൊരു വരിയുണ്ട്. ചില വരികള്‍ അങ്ങനെയാണ്, ഒച്ചയില്ലാതെ പിന്തുടരുന്ന പ്രിയപ്പെട്ട ഓര്‍മ്മകള്‍പോലെ.

വൃന്ദ പാലാട്ടിൻ്റെ 'ഗാനസരണിയിൽ ഒരു സഞ്ചാരി' എന്ന വരിയില്‍ മെല്ലെ വിരലോടിക്കുമ്പോള്‍ മനസ്സ് ഓര്‍മ്മമഴയില്‍ നനയുന്നു. അവനവനില്‍  അലിഞ്ഞ് ഇല്ലാതെയാവുന്ന നിമിഷം.

ഓരോ പാട്ടും പ്രണയം പോലെ പ്രിയപ്പെട്ട ഒരോര്‍മ്മയാണല്ലോ. 

പാട്ടിൻ്റെയും ഓർമ്മകളുടേയും ഹൃദയസംഗമമാണ്  'ഗാനസരണിയിൽ ഒരു സഞ്ചാരി.

മാഞ്ഞുപോവാത്ത  അടയാളങ്ങൾ ഒരു ശിൽപ്പിയെപ്പോലെ കൊത്തിയെടുക്കുകയാണ് ഈ എഴുത്തുകാരി. 

ചലച്ചിത്രഗാനങ്ങൾ എങ്ങനെ മലയാളിയുടെ ജീവിതവഴിയില്‍ പാഥേയമായി എന്ന് ഈ പുസ്തകം കാണിച്ചു തരുന്നു. ഓരോ ഗാനത്തിന്‍റെയും പിറവിയും പിന്നാമ്പുറവും, ഓർമ്മ' എന്ന സർഗോദ്യാനത്തില്‍ നിന്നുകൊണ്ട് വൃന്ദ പാലാട്ട്  ഓര്‍മ്മിച്ചെടുക്കുന്നു. ഒപ്പം,  മലയാളിയുടെ ഭൂതകാലത്തിന്‍റെ ഗ്രാമ, നഗര, സംസ്കൃതിയേയും ഈ രചനയിൽ ഇഴചേര്‍ത്തിരിക്കുന്നു. 

മലയാള സംഗീതചരിത്രത്തിൽ വയലാറിന്‍റെ അനശ്വര കാവ്യഭാവങ്ങൾ മുതൽ സമകാലിക ഗാനരചനയുടെ വേറിട്ട സർഗമുദ്രയായ നിധീഷ് നടേരി വരെ നീളുന്ന അക്ഷരസഞ്ചാരത്തിന്‍റെ സമ്പന്നമായ സർഗപഥത്തെയാണ് വ്യന്ദ പാലാട്ടിൻ്റെ ഗാനസരണിയിൽ  ഒരു സഞ്ചാരി  അടയാളപ്പെടുത്തുന്നത്. കാലം മാറുമ്പോഴും ഈണങ്ങൾക്കൊപ്പം ഹൃദയങ്ങളിൽ ഇടംപിടിച്ച ഗാനരചനയുടെ ഭാവവൈവിധ്യങ്ങളെയും കാവ്യസൗന്ദര്യത്തെയും തലമുറകളിലൂടെ കൈമാറിയ സംഗീതാനുഭവങ്ങളെയും ഈ കൃതി ഹൃദ്യമായി അടയാളപ്പെടുത്തുന്നു.

മനസ്സുകളെ ഈര്‍പ്പമുള്ളതാക്കുന്ന വിരല്‍സ്പര്‍ശങ്ങളുണ്ട്. വായനയെ ഈര്‍പ്പമുള്ളതാക്കുന്ന ഈ ഓര്‍മ്മകള്‍ ഹൃദയത്തോടുചേര്‍ത്തു വയ്ക്കാം. 

സംഗീതത്തിന് ജീവചരിത്രത്തോളം പ്രാമുഖ്യമുണ്ടെന്ന് വിളിച്ചോതുന്ന സാക്ഷ്യങ്ങളാണ് വൃന്ദ പാലാട്ട് എഴുതിയ ഈ സംഗീതസ്‌മരണകൾ. സംഗീതം ആസ്വദിക്കുന്നവർക്കും സംഗീത ചരിത്രത്തിൽ പ്രാധാന്യമുണ്ടെന്ന് തെളിയിക്കുവാൻ ഈ ഗ്രന്ഥത്തിന് സാധിച്ചിട്ടുണ്ട്. ഓർമ്മകളിലൂടെ സംഗീതത്തിന്‍റെ ചരിത്രവും സ്വന്തം ജീവിതത്തിന്‍റെ ഭൂതകാലവും കൂട്ടിയിണക്കിക്കൊണ്ടുള്ള ജനകീയമായ ഒരു ഭാഷാരചന ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരി നേടിയെടുക്കുന്നതായി കാണാം. ഒരു പാട്ടുതന്നെ അനേകായിരം മനുഷ്യരിലൂടെ കടന്നു വന്ന് അനേകമനേകം ഓർമ്മകളുടെ ചരിത പുസ്തകം സൃഷ്ട‌ിക്കുന്നു. മലയാള സിനിമാഗാന ചരിത്രത്തിലൂടെയും വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകാൻ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

 

വൃന്ദ പാലാട്ട് : ഒരു എഴുത്തുജീവിതത്തിന്‍റെ അടയാളങ്ങൾ

 

സാഹിത്യസരണിയില്‍  അനുഭവങ്ങളും ഭാവനകളും കോർത്തിണക്കുന്ന സർഗാത്മക സാന്നിധ്യം

എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയായ വൃന്ദ പാലാട്ട്, ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിലും സാഹിത്യത്തെയും സംഗീതത്തെയും ഹൃദയത്തോടു ചേർത്തുപിടിച്ച എഴുത്തുകാരിയാണ്. അച്ഛൻ വേലപ്പൻ, അമ്മ ദേവകി. സഹോദരി ശശികല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുള്ള വൃന്ദയുടെ സർഗാത്മക ലോകം പ്രധാനമായും ചെറുകഥകളിലും കവിതകളിലുമാണ് വ്യാപിച്ചുകിടക്കുന്നത്. സംഗീതത്തോടുള്ള ഇഷ്ടം വൃന്ദയുടെ ജീവിതത്തിലെ പ്രധാന വിനോദവും ആത്മസംതൃപ്തിയുടെ ഉറവിടവുമാണ്.

സാഹിത്യരംഗത്തെ മികവിന് നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും വൃന്ദയെ തേടിയെത്തിയിട്ടുണ്ട്. കേരള എൻ.ജി.ഒ. യൂണിയൻ നടത്തിയ ചെറുകഥാ മത്സരത്തിൽ 'രക്ഷകൻ' എന്ന കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. 2016-ൽ എൻ.ജി.ഒ. യൂണിയന്റെ സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ 'യൂദാസിന്‍റെ കാമുകി' എന്ന കഥയും പുരസ്കാരത്തിന് അർഹമായി. 2012-ൽ മാധ്യമം ഓൺലൈൻ സംഘടിപ്പിച്ച മഴ ഓർമ്മക്കുറിപ്പ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു, കഥാമൃതം ഫേസ്ബുക്ക് കൂട്ടായ്മയുടെ മത്സരത്തിൽ 'കള്ളന്‍റെ പിറന്നാൾ' എന്ന കഥയ്ക്ക്  ഒന്നാം സമ്മാനം ലഭിച്ചു.

'വിശുദ്ധിയുടെ കാത്തിരിപ്പ്', 'ബായിക്കാന്‍റെ ബിരിയാണി', 'സ്വപ്നങ്ങൾ', 'മണ്ണ്' തുടങ്ങിയ കഥകൾക്കും 2020-ൽ വിവിധ വേദികളിൽ നിന്ന് പുരസ്കാരങ്ങൾ ലഭിച്ചു. 2021-ൽ പരസ്പരം മാസികയുടെ അയ്യ്മനം കൃഷ്ണക്കുട്ടി സ്മാരക സ്പെഷ്യൽ ജൂറി പുരസ്കാരം 'കൊമ്പൻ' എന്ന കഥയ്ക്ക് ലഭിച്ചു. 2022 ജൂലൈയിൽ ബഷീർ ഓർമ്മദിനത്തോടനുബന്ധിച്ച് രചിച്ച 'നാരായണി' എന്ന മിനിക്കഥയ്ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. 'കവിയുടെ കാമുകി' എന്ന ചെറുകഥ യുവകലാസാഹിതി സംഘടിപ്പിച്ച സംസ്ഥാനതല മത്സരത്തിൽ പുരസ്കാരം നേടി. 2023 ജൂലൈയിലും ഈ കഥ യുവകലാസാഹിതിയുടെ ഉപഹാരത്തിന് അർഹമായി.

കവിതയിലും കഥയിലും ഒരുപോലെ തന്‍റെ സർഗാത്മകത അടയാളപ്പെടുത്തിയ വൃന്ദയുടെ ആദ്യ കവിതാസമാഹാരമായ 'പ്രണയം പൊള്ളിച്ച പൂക്കൾ' 2018-ൽ പ്രസിദ്ധീകരിച്ചു. 2021 ഫെബ്രുവരി 24-ന് 'യൂദാസിന്റെ കാമുകി' എന്ന ചെറുകഥാസമാഹാരം പുറത്തിറങ്ങി. ജീവിതാനുഭവങ്ങളുടെയും ഓർമ്മകളുടെയും ആത്മാംശങ്ങൾ പകർത്തിയ 'ചിന്നിച്ചിതറിയ ഓർമ്മകൾ' എന്ന ആത്മകഥാംശ രചന 2022 മെയ് 16-ന് പ്രസിദ്ധീകരിച്ചു. ഇതേ വർഷം മറ്റു ഏഴ് കവികളോടൊപ്പം ചേർന്ന് 'കാവ്യനിലാമഴ' എന്ന കവിതാസമാഹാരവും പുറത്തിറക്കി.

'ചക്രവർത്തിനിമാർ യാചിക്കാറില്ല' എന്ന ചെറുകഥാസമാഹാരം പ്രശസ്ത സാഹിത്യകാരൻ ശ്രീ. സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. സ്ത്രീജീവിതത്തിന്‍റെ ആത്മാഭിമാനവും അതിജീവനത്തിന്‍റെ കരുത്തും പ്രതിഫലിപ്പിക്കുന്ന ശീർഷകം തന്നെ ഈ കൃതിയുടെ സവിശേഷതയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

സാഹിത്യത്തിൽ നിന്ന് സംഗീത ലോകത്തേക്കും  സർഗയാത്ര വ്യാപിപ്പിച്ച വൃന്ദയുടെ 'ഗാനസരണിയിൽ ഒരു സഞ്ചാരി' എന്ന പാട്ടോർമ്മകളുടെ പുസ്തകം 2026-ൽ കവി പ്രഭാവർമ്മ, ശ്രീ. പന്ന്യൻ രവീന്ദ്രന് നൽകി പ്രകാശനം ചെയ്തു.

 സ്വന്തമായി രചിച്ച എട്ട് ലളിതഗാനങ്ങൾ യൂട്യൂബ് വീഡിയോകളായി പുറത്തിറക്കിയതിലൂടെ ഗാനരചനാരംഗത്തും വ്യന്ദ സാന്നിധ്യം രേഖപ്പെടുത്തി.

2026 ല്‍ വൃന്ദ പാലാട്ടിൻ്റെ ;ഗാനസരണിയിൽ ഒരു സഞ്ചാരി;ക്ക് വയലാർ സ്പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു

‘മൗനവേഗങ്ങളിൽ ഒരു പിടി കവിതകൾ’ എന്ന കവിതാസമാഹാരവും ‘മുഖം മൂടിവിൽക്കുന്ന പെൺകുട്ടി’ എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരണത്തിനൊരുങ്ങുകയാണ്. 

കഥകളിലൂടെ ജീവിതത്തിന്‍റെ സങ്കീർണതകളെ അടയാളപ്പെടുത്തിയും കവിതകളിലൂടെ വികാരങ്ങളുടെ വർണലോകം തുറന്നുകാട്ടിയും ഗാനങ്ങളിലൂടെ സംഗീതത്തിന്‍റെ മാധുര്യം പങ്കുവെച്ചും വൃന്ദ പാലാട്ട്  സർഗാത്മക യാത്ര തുടരുകയാണ്. അനുഭവങ്ങളുടെ ചൂടും ഭാവനയുടെ സൗന്ദര്യവും മനുഷ്യബന്ധങ്ങളുടെ ആർദ്രതയും ചേർന്നതാണ് വൃന്ദാപാലാട്ടിന്‍റെ എഴുത്തുലോകം. എഴുത്തും സംഗീതവും ഒരുപോലെ ജീവിതത്തിന്‍റെ ഭാഗമാക്കിയ ഈ എഴുത്തുകാരിയുടെ സർഗസഞ്ചാരം ഇനിയും പുതിയ വായനാനുഭവങ്ങൾ സമ്മാനിക്കട്ടെ.

പ്രസാധകർ : പ്രിൻ്റ് ഹൗസ് പബ്ളിക്കേഷൻസ്. വില : 900 രൂപ

പുസ്തകം ആവശ്യമുള്ളവർ ബന്ധപ്പെടുക : Mob : 62829 40997

 

                                   

                           കെ ആർ മോഹൻദാസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക