
2002ലെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇവരുടെ ജീവപര്യന്തം തടവ് മരവിപ്പിച്ചാണ് കോടതിയുടെ നടപടി. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ജീവപര്യന്തം ശിക്ഷ ശരിവെച്ച 2017-ലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ ശിക്ഷാ ഇളവ് നൽകി വിട്ടയച്ചെങ്കിലും, 2024ൽ സുപ്രീം കോടതി ആ തീരുമാനം റദ്ദാക്കിയതോടെ വീണ്ടും ജയിലിലായ 11 പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇരുവരും.
അപ്പീലുകളിൽ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ, അപ്പീൽ നൽകിയവരിൽ പ്രതികളിലൊരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്ന കാര്യവും ജാമ്യം അനുവദിക്കുന്നതിൽ പരിഗണിച്ചുവെന്നാണ് റിപ്പോർട്ട്.