
വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് രാജ്യത്തെ വിസാ, കുടിയേറ്റ സംവിധാനത്തിൽ വൻ പരിഷ്കാരങ്ങൾ നടപ്പാക്കുന്നു. വിസാ വിഭാഗങ്ങളുടെ എണ്ണം 22ൽ നിന്ന് 13 ആയും പിന്നീട് ഒമ്പതായി കുറച്ചും അപേക്ഷാ നടപടികൾ ലളിതമാക്കിയുമാണ് കേന്ദ്ര സർക്കാർ പുതിയ സംവിധാനം ഒരുക്കുന്നത്.
2025 സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 ആണ് പരിഷ്കാരങ്ങൾക്ക് നിയമപരമായ അടിത്തറയൊരുക്കിയത്. 1920, 1939, 1946 വർഷങ്ങളിലെ കൊളോണിയൽ കാലത്തെ നിയമങ്ങളും 2000ലെ കാരിയേഴ്സ് നിയമവും ഒഴിവാക്കി പകരം ഏകീകൃത നിയമം കൊണ്ടുവന്നതോടെ ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആദ്യമായി നിയമപരമായ അംഗീകാരവും ലഭിച്ചു.
പുതിയ സംവിധാനപ്രകാരം ബിസിനസ്, നയതന്ത്രം, തൊഴിൽ, മാധ്യമപ്രവർത്തനം, ചികിത്സ, ഔദ്യോഗികം, വിദ്യാർഥി, സന്ദർശനം, വിവിധ ആവശ്യങ്ങൾ എന്നിവയ്ക്കായി ഒമ്പത് പ്രധാന വിസാ വിഭാഗങ്ങളാണുള്ളത്. ഉപവിഭാഗങ്ങളുടെ എണ്ണം 63ൽ നിന്ന് 23 ആയി കുറച്ചു. വിസാ അപേക്ഷാ ഫോമുകളിലെ വിവരങ്ങൾ ഏകദേശം 70 ശതമാനം കുറച്ചെങ്കിലും സുരക്ഷാ പരിശോധനകളിൽ ഇളവ് വരുത്തിയിട്ടില്ല. പുതിയ സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കിവരികയാണ്. 2026 അവസാനത്തോടെ ഇതുപ്രകാരമുള്ള വിസകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ടൂറിസ്റ്റ് വിസയ്ക്ക് പകരം പുതിയ സന്ദർശക വിസയാണ് അവതരിപ്പിച്ചിരിക്കുന്നത്. 30 ദിവസത്തെ കാലാവധിയുള്ള V-1 വിസയിൽ ഒന്നിലധികം തവണ ഇന്ത്യയിലെത്താം. വിനോദസഞ്ചാരത്തിനു പുറമെ ബിസിനസ് കൂടിക്കാഴ്ചകൾ, ചികിത്സാ കൺസൾട്ടേഷൻ, ഹ്രസ്വകാല ചികിത്സ, വെൽനസ് കേന്ദ്രങ്ങളിലെ താമസം, ഇന്ത്യൻ ഭാഷകൾ, സംഗീതം, കല, കരകൗശലം തുടങ്ങിയവയിലെ ഹ്രസ്വകാല കോഴ്സുകൾ എന്നിവയ്ക്കും ഈ വിസ ഉപയോഗിക്കാം. പതിവായി ഇന്ത്യ സന്ദർശിക്കുന്നവർക്ക് ഒരു വർഷം, അഞ്ച് വർഷം, പത്ത് വർഷം കാലാവധിയുള്ള V-2 വിസയും ലഭിക്കും. പർവതാരോഹണത്തിനും ഈ വിസയിൽ അനുമതിയുണ്ട്.
ഗുരുതരമായതോ ദീർഘകാല പരിചരണം ആവശ്യമുള്ളതോ ആയ ചികിത്സകൾക്കായി മെഡിക്കൽ വിസ ഏർപ്പെടുത്തിയിട്ടുണ്ട്. ആയുർവേദം, യുനാനി തുടങ്ങിയ പരമ്പരാഗത ചികിത്സാ രീതികളും ഇതിന്റെ പരിധിയിൽ വരും. ഒന്നിലധികം തവണ പ്രവേശിക്കാവുന്ന ഈ വിസയ്ക്ക് സാധാരണയായി ഒരു വർഷമാണ് കാലാവധി. രോഗികളെ അനുഗമിക്കുന്നവർക്കും പ്രത്യേക വിസ അനുവദിക്കും.
വിദ്യാർഥികൾക്കായി സ്കൂൾ, സർവകലാശാല പഠനങ്ങൾക്കും ഗവേഷണം, ഇന്റേൺഷിപ്പ്, എക്സ്ചേഞ്ച് പരിപാടികൾക്കുമായി പ്രത്യേക ഉപവിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ വഴി പ്രവേശനം നേടുന്നവർക്ക് കോഴ്സിന്റെ കാലാവധി അല്ലെങ്കിൽ പരമാവധി അഞ്ചു വർഷം വരെ ഇ-വിസ ലഭിക്കും.
172 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യ ഇ-വിസ അനുവദിക്കുന്നുണ്ട്. അപേക്ഷകളിൽ ഏകദേശം 95 ശതമാനവും 72 മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുണ്ട്. പേപ്പർ ലാൻഡിങ് കാർഡിന് പകരം ഇ-അറൈവൽ കാർഡും നിലവിൽ വന്നു. പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഒരു വർഷം, അഞ്ച് വർഷം കാലാവധിയുള്ള ഇ-വിസ പുതിയ പാസ്പോർട്ടിലേക്ക് ഓൺലൈനായി മാറ്റാനുള്ള സൗകര്യവുമുണ്ട്. വിസാ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ തുടരുന്നവർക്ക് നിശ്ചിത പിഴ അടച്ച് നിയമനടപടികൾ ഒഴിവാക്കാനും വ്യവസ്ഥയുണ്ട്.
മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെങ്കിൽ കുട്ടിക്ക് ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന സാഹചര്യത്തിൽ ജനനം രജിസ്ട്രേഷൻ ഓഫീസറെ അറിയിക്കേണ്ടതില്ല. ഒസിഐ (OCI) കാർഡ് ഉടമകൾക്ക് ഡിജിറ്റൽ ഇ-ഒസിഐ കാർഡും ഉപയോഗിക്കാം.
യാത്ര സുഗമമാക്കുന്നതിനൊപ്പം വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പുതിയ നിയമം കൂടുതൽ അധികാരങ്ങൾ നൽകുന്നു. ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, വിദേശബന്ധങ്ങൾ, പൊതുജനാരോഗ്യം തുടങ്ങിയ കാരണങ്ങളാൽ വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശനം നിഷേധിക്കാം. എല്ലാ വിദേശികളിൽനിന്നും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനും അധികൃതർക്ക് അധികാരമുണ്ട്.
ഇന്ത്യയിലെത്തുന്ന വിമാനങ്ങളിലെയും കപ്പലുകളിലെയും യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ യാത്രയ്ക്കുമുമ്പ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറണം. മതിയായ യാത്രാരേഖകളില്ലാത്തവരെ രാജ്യത്തേക്ക് കൊണ്ടുവരുന്ന വിമാനക്കമ്പനികൾക്കും കപ്പൽ കമ്പനികൾക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താം. ഇവരെ സ്വന്തം ചെലവിൽ തിരിച്ചയയ്ക്കുകയും വേണം.
വിദേശികൾ താമസിക്കുന്ന ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ 24 മണിക്കൂറിനുള്ളിൽ അവരുടെ വിവരങ്ങൾ ഓൺലൈനായി അധികൃതരെ അറിയിക്കണം. 180 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്ന ഹ്രസ്വകാല സന്ദർശകർ അതിന് മുമ്പ് രജിസ്റ്റർ ചെയ്യുകയും വേണം.
നിയമലംഘനങ്ങൾക്കുള്ള ശിക്ഷകളും വർധിപ്പിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചാൽ അഞ്ചു വർഷം വരെ തടവും വ്യാജരേഖകൾ ഉപയോഗിച്ചാൽ രണ്ടു മുതൽ ഏഴു വർഷം വരെ തടവും ലഭിക്കാം. വിസാ ദുരുപയോഗത്തിനും കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നതിനും മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാം.
വിനോദസഞ്ചാരം, വിദ്യാഭ്യാസം, ചികിത്സ, ബിസിനസ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലേക്കുള്ള വിദേശികളുടെ വരവ് വർധിപ്പിക്കുകയാണ് പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം. ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന വിദേശ എൻജിനീയർമാർക്കും സാങ്കേതിക വിദഗ്ധർക്കും പ്രൊഡക്ഷൻ ഇൻവെസ്റ്റ്മെന്റ് വിസ ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കമ്പനികൾക്ക് നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം വഴി സ്പോൺസർഷിപ്പ് കത്തുകൾ സൃഷ്ടിക്കാം.
ക്രൂസ് കപ്പലുകളിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി ഗ്രൂപ്പ് ഇ-വിസയും പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അതിർത്തി ജില്ലകളിലുള്ള സാം ഡ്യൂൺസ്, കുൽധാര തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും പുതുക്കിയ ചട്ടങ്ങൾ പ്രകാരം വിദേശികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
നിലവിൽ 13 വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഇ-ഗേറ്റ് സംവിധാനം 21 പ്രധാന വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കാനും പിന്നീട് വിദേശ പൗരന്മാർക്കും ലഭ്യമാക്കാനും പദ്ധതിയുണ്ട്. രാജ്യത്തെ 117 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളെയും വിദേശികളുടെ രജിസ്ട്രേഷൻ ഓഫീസുകളെയും ബന്ധിപ്പിക്കുന്ന IVFRT ശൃംഖലയുടെ കാലാവധി 2031 വരെ നീട്ടിയിട്ടുണ്ട്. ഇതിനായി 1,800 കോടി രൂപയും അനുവദിച്ചു.
യഥാർഥ യാത്രക്കാർക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ തടയുകയും ചെയ്യുക എന്ന ഇരട്ട ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.