
ഡൽഹി: തന്റെ ജീവിതകഥ പുസ്തകത്തിലൂടെ തുറന്നുപറയാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം എഴുതാൻ ആദ്യം താൽപര്യമില്ലായിരുന്നുവെന്നും എന്നാൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിരന്തരമായ പ്രേരണയാണ് തീരുമാനത്തിലേക്ക് എത്തിച്ചതെന്നും അവർ പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിലായിരുന്നു സോണിയയുടെ വെളിപ്പെടുത്തൽ. വർഷങ്ങളായി തന്റെ കുടുംബത്തെക്കുറിച്ചും ഭർതൃമാതാവിനെക്കുറിച്ചും മക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കുറിച്ചും തെറ്റായതും വേദനിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ നടക്കുകയാണെന്നും ഇതിനെതിരെ സ്വന്തം ശബ്ദം ഉയർത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
സ്വന്തം കഥ പറയാനുള്ള ശരിയായ മാർഗം പുസ്തകമാണെന്ന് ഒടുവിൽ തിരിച്ചറിഞ്ഞതായും സോണിയ പറഞ്ഞു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സുഹൃത്ത് മഞ്ജുളിക എന്നിവരുടെ പ്രോത്സാഹനവും പുസ്തകമെഴുതാൻ പ്രേരണയായി. ഇറ്റലിയിൽനിന്ന് ഇന്ത്യയിലെത്തിയ ഒരു അപരിചിതയായി പുതിയ സംസ്കാരത്തിലും കുടുംബത്തിലും ഇടം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളാണ് പുസ്തകത്തിലെ പ്രധാന പ്രമേയങ്ങളിലൊന്ന്. ‘ബിലോങ്ങിങ്’ എന്ന വാക്ക് പുതിയ സാഹചര്യത്തിൽ തന്റേതായ ഇടവും അംഗീകാരവും കണ്ടെത്താനുള്ള പോരാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അവർ വിശദീകരിച്ചു.
വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തുകയും പുതിയ ആചാരങ്ങളോടും ജീവിതരീതികളോടും പൊരുത്തപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ അനേകം സ്ത്രീകളുടെ അനുഭവങ്ങളുമായി തന്റെ ജീവിതയാത്രയ്ക്ക് സാമ്യമുണ്ടെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. വ്യക്തിപരമായ അനുഭവങ്ങളും ജീവിതത്തിലെ വെല്ലുവിളികളും തുറന്നുപറയാനുള്ള അവസരമായാണ് പുസ്തകത്തെ കാണുന്നതെന്നും അവർ വ്യക്തമാക്കി.