Image

ഹീത്രൂ വിമാനത്താവളത്തിൽ ഡോ. ജോയ് കെ. തോമസ് കുഴഞ്ഞുവീണ് മരിച്ചു

പ്രസാദ് തീയാടിക്കൽ Published on 16 November, 2026
 ഹീത്രൂ വിമാനത്താവളത്തിൽ  ഡോ. ജോയ് കെ. തോമസ് കുഴഞ്ഞുവീണ് മരിച്ചു

 

ലണ്ടൻ: നാട്ടിൽനിന്ന് യുകെയിൽ തിരിച്ചെത്തിയ അധ്യാപകനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. ജോയ് കെ. തോമസ് (70) ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. യുകെയിലെ റെഡിച്ചിൽ സ്ഥിരതാമസക്കാരനായ അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം ലഗേജ് ശേഖരിക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

വിമാനത്താവള അധികൃതർ ഉടൻ സി.പി.ആർ. നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒറ്റയ്ക്കാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. പിതാവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മകനെ കാത്തിരുന്നത് അപ്രതീക്ഷിത വിയോഗവാർത്തയായിരുന്നു. പൊലീസ് തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ച് വിരമിച്ച ശേഷമാണ് ഡോ. ജോയ് യുകെയിലെത്തിയത്. കൊച്ചി കുസാറ്റിൽനിന്ന് ബിരുദവും കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡിയും മദ്രാസ് സർവകലാശാലയിൽനിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിരുന്നു. സ്കൂൾ വിദ്യാഭ്യാസം അരുവിത്തുറയിലായിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ പ്രവർത്തിച്ച അദ്ദേഹം ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷണ വിഭാഗത്തിന്റെ മേൽനോട്ടച്ചുമതലയും വഹിച്ചിട്ടുണ്ട്.

ഓർഗനൈസേഷണൽ സൈക്കോളജി, ഫിനാൻസ്, മാനവവിഭവശേഷി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ. ജോയ് അറിയപ്പെടുന്ന പ്രഭാഷകനുമായിരുന്നു. കൗൺസിലിംഗ്, പരിശീലന പരിപാടികൾ, എഴുത്ത്, ഗവേഷണം എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ജനീവയിൽ നടന്ന ലോക സമാധാന സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചിട്ടുണ്ട്.

ഭാര്യ: മേരി ജീൻ. മൂന്ന് മക്കളുണ്ട്.

സംസ്‌ക്കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക