Image

അമേരിക്കൻ തെറിയുടെ സമവാക്യങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

Published on 17 November, 2026
അമേരിക്കൻ തെറിയുടെ സമവാക്യങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

2026 നവംബർ 13 വെള്ളിയാഴ്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചു. ഇതിന്റെ ഉത്തരവാദിത്തം മുൻ പ്രസിഡന്റ് ബൈഡൻ ആണെന്ന് ഡൊണാൾഡ് ട്രംപ്, കൂട്ടത്തിൽ അമേരിക്കയുടെ ഏറ്റവും മോശമായ പ്രസിഡന്റ് ആയിരുന്നു അയാൾ എന്നു പറഞ്ഞു തെറിയോടു തെറി. വാർധക്യത്തിലും ക്യാൻസർ ചികിത്സയിലും കഴിയുന്ന മുൻ പ്രസിഡന്റ് ചാടി എന്നേറ്റു ട്രംപിനെ തെറിയോടു തെറിവിളി, അവൻ, എൻ്റെ മുൻഗാമി, അവനാണ്, അവൻ ഒറ്റയൊരാളാണ് കാരണം. ഇങ്ങനെയുള്ള പ്രെസിഡെൻഷ്യൽ തെറിവിളി അപൂർവമാണ് എന്നാണ് മീഡിയ കണ്ടുപിടിച്ചത്. എന്തായാലും  ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കിയ ഈ സംഭവത്തിൽ, യാത്രക്കാർ ആർക്കാണ് കൂടുതൽ തെറി സമ്മാനിച്ചതെന്നറിയില്ല. രണ്ടുദിവസമായി മൈക്രോസോഫ്ട് പണിമുടക്കിയപ്പോൾ തെറി ആരെ വിളിക്കണമെന്നറിയാതെ അമേരിക്കൻ ജനത ആകെ പകച്ചുനിന്നു.

രാവിലെ ജെപി മോർഗൻചേസ് ബാങ്കിൽ ചെന്നപ്പോൾ അവിടെയും പ്രശ്നം, പിന്നെ അറിയുന്നു ജെപി മോർഗൻ ചേസിലെ (JPMorgan Chase) ഹാർഡ്‌വെയർ സംവിധാനങ്ങളിലുണ്ടായ ഒരു സോഫ്റ്റ്‌വെയർ തകരാറാണ് ഇന്നത്തെ ബാങ്ക് നെറ്റ്‌വർക്ക് പ്രശ്നങ്ങൾക്ക് കാരണമായത്. ഇത് ഇടപാടുകൾ വൈകുന്നതിനും, മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെയും 'സെല്ലെ' (Zelle) പോലുള്ള പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെയും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ വ്യാപിക്കുന്നതിനും ഇടയാക്കി. ബാങ്ക് ഓഫ് അമേരിക്ക, യു.എസ്. ബാങ്ക്, വെൽസ് ഫാർഗോ എന്നിവയുടെ സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടില്ലെങ്കിലും, ജെപി മോർഗൻ ചേസുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനോ 'സെല്ലെ' (Zelle) വഴി പണം അയയ്ക്കാനോ സ്വീകരിക്കാനോ ശ്രമിച്ച ഉപഭോക്താക്കൾക്ക് സേവനങ്ങളിൽ കാലതാമസവും മന്ദതയും അനുഭവപ്പെട്ടു. "പഴയ പടി പണം എടുത്തു കട്ടിലിന്റെ അടിയിൽ വെക്കുകയെ നിവൃത്തിയുള്ളൂ." ആരോ ഒരാൾ ഫ്ലോറിൽ നിന്നു വിളിച്ചുപറഞ്ഞു. ആദ്യം ചിരിവന്നെങ്കിലും ചിരിക്കണോ വേണ്ടയോ എന്ന് തോന്നിയ നിമിഷം, തെറി ഉള്ളിൽ ഒതുക്കി.

എന്തായാലും അടിക്കടി തങ്ങൾക്കു അറിയാത്ത കാരണത്തിൽ വ്യാകുലപ്പെടുന്ന ജനതക്ക് തല്ക്കാലം പെട്രോൾ, വാടക, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിനിന്നും അൽപ്പം ആശ്വാസംകിട്ടി. ഒരു പട്ടികടിക്കു ഉറുമ്പുകടി മറക്കാൻ സഹായിക്കുമല്ലോ.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ച  കാരണം കരാറുകാരായ 'എൽ3 ഹാരിസ്' (L3Harris) ഒരു റൂട്ടർ മാറ്റിസ്ഥാപിച്ചുകൊണ്ടിരുന്ന ഇടം ഉൾപ്പെടെ, രണ്ട് കേന്ദ്രങ്ങളിൽ നിന്നുണ്ടായേക്കാവുന്ന അമിതമായ നെറ്റ്‌വർക്ക് ട്രാഫിക്, ആശയവിനിമയ സംവിധാനങ്ങളെയും റഡാർ വിവര കൈമാറ്റത്തെയും അസ്ഥിരപ്പെടുത്തി എന്നാണ് എഫ്.എ.എ (FAA) നൽകുന്ന പ്രാഥമിക വിശദീകരണം സൂചിപ്പിച്ചത്.

ട്രംപ്-മസ്‌ക്/DOGE നേതൃത്വത്തിലുള്ള വർക്‌ഫോഴ്‌സ്‌ വെട്ടിച്ചുരുക്കലിന്റെ ഭാഗമായി, പ്രൊബേഷണൽ കാലയളവിലുണ്ടായിരുന്ന ഏകദേശം 350 മുതൽ 400 വരെ FAA ജീവനക്കാരെ ട്രംപ് ഭരണകൂടം പിരിച്ചുവിട്ടു. നാവിഗേഷൻ ചാർട്ടുകൾ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള സഹായ സേവനങ്ങളെയാണ് ഈ നടപടി ബാധിച്ചത്. ഈ ജീവനക്കാരെ ഒഴിവാക്കുന്നത് വ്യോമയാന മേഖലയിലെ മുൻനിര ജീവനക്കാർക്ക് ലഭിക്കുന്ന പിന്തുണയെ ദുർബലപ്പെടുത്തുമെന്നും, ഇതിനകം തന്നെ ജീവനക്കാരുടെ കുറവുള്ള ഈ ഏജൻസിക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ പിരിച്ചുവിടലുകൾ ഏതെങ്കിലും പ്രത്യേക പ്രവർത്തന തടസ്സത്തിന് (outage) കാരണമായി എന്ന് ഇതിനർത്ഥമില്ല. കോടതി ഉത്തരവിനെത്തുടർന്ന്, പിരിച്ചുവിടപ്പെട്ടവരിൽ ചിലരെ പിന്നീട് തിരിച്ചെടുത്തു.

അമേരിക്കയുടെ വ്യോമഗതാഗത നിയന്ത്രണ സംവിധാനം മെച്ചപ്പെടുത്താൻ സ്ഥിരമായ ധനസഹായം ആവശ്യമാണ്. പ്രശ്നം ജീവനക്കാരുടെ കഴിവുകേടിൽ മാത്രം ഒതുങ്ങുന്നതല്ല. കാലപ്പഴക്കമുള്ള ഉപകരണങ്ങൾ, ജീവനക്കാരുടെ കുറവ്, പരിശീലനത്തിനെടുക്കുന്ന സമയം, പദ്ധതികളുടെ നടത്തിപ്പിലെ പോരായ്മകൾ എന്നിവയും പരിഹരിക്കണം.

2026 ഏപ്രിലിലെ FAA കണക്കനുസരിച്ച്, പൂർണ്ണ യോഗ്യത നേടിയ ഏകദേശം 11,000 കൺട്രോളർമാരാണ് ഉണ്ടായിരുന്നത്; ആവശ്യമായി കണക്കാക്കിയ എണ്ണം 12,563 ആയിരുന്നു. പുതുതായി നിയമിക്കുന്ന ഒരാൾക്ക് പൂർണ്ണ യോഗ്യത നേടാൻ രണ്ടുവർഷത്തിലധികം വേണ്ടിവരാം. അതിനാൽ കൂട്ടപ്പിരിച്ചുവിടൽ പരിഹാരമാകില്ല. വ്യക്തിഗത വീഴ്ചകൾ ഉണ്ടായാൽ അവ അന്വേഷിച്ച് ഉത്തരവാദിത്വം ഉറപ്പാക്കണം.

സംവിധാനം പരിഷ്കരിക്കുന്നതിനു കൂടുതൽ പണം അനുവദിക്കുന്നതിനൊപ്പം അതിന്റെ വിനിയോഗവും പരിശോധിക്കണം. നവീകരണത്തിനും കെട്ടിടസൗകര്യങ്ങൾക്കുമായി കോൺഗ്രസ് 2025 ജൂലൈയിൽ 12.5 ബില്യൺ ഡോളർ അനുവദിച്ചിരുന്നു. രണ്ടാംഘട്ട സംവിധാന നവീകരണത്തിന് ഏകദേശം 10.2 ബില്യൺ ഡോളർ കൂടി ആവശ്യമാണെന്ന് GAO റിപ്പോർട്ട് പറയുന്നു. അതേസമയം, പദ്ധതിയുടെ മുഴുവൻ കാലയളവിലേക്കുള്ള വിശ്വസനീയമായ സമഗ്ര ചെലവുകണക്ക് FAA തയ്യാറാക്കിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എവിടെനിന്നു പണം കണ്ടെത്തണം ഈ അധിക ബാധ്യതകൾക്കു എന്ന് പുതിയ കോൺഗ്രസ് തീരുമാനിക്കണം. സിസ്റ്റം പരിഷ്കരിക്കാതെ മുന്നോട്ടുപോകാനാവില്ല, മാത്രമല്ല അത് തുടരെ നവീകരിച്ചുകൊണ്ടേയിരിക്കണം. പണപ്പെരുപ്പത്തിൽ പൊറുതിമുട്ടിനിൽക്കുന്ന അടിസ്ഥാന നികുതിദായകരെ തൊടാതെ ഏറ്റവും വലിയ സമ്പന്നരെ കുറച്ചുകാലത്തെ ഇടയിൽ അൽപ്പം നികുതി കൂട്ടുവാൻ  തീരുമാനിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടുമോ? നോക്കാം.

ട്രംപിന്റെ നികുതിയിളവുകൾ, സാധാരണ വരുമാനത്തിനുള്ള ഏറ്റവും ഉയർന്ന മാർജിനൽ നികുതിനിരക്ക് 39.6 ശതമാനത്തിൽനിന്ന് 37 ശതമാനമാക്കി—അഥവാ 2.6 ശതമാന പോയിന്റിന്റെ കുറവ്. ഒരു നിശ്ചിത പരിധിക്കുമുകളിലുള്ളവരുടെ  വരുമാനത്തിനുമാത്രം .05 ശതമാനം നികുതി ചുമത്തിയാൽ ലഭിക്കുന്ന തുക $1.5 ബില്യൺ ആണെന്ന് ഒരു ഏകദേശ കണക്ക്. അതിനാൽ, 0.05 ശതമാനം അധികനികുതി പല വർഷങ്ങളിലായി നവീകരണത്തിന് ഗണ്യമായ സഹായമാകും എന്നാണ് തോന്നുന്നത്.

എന്നെ തെറി വിളിക്കാൻ വരട്ടെ. ഇനിയും കോൺഗ്രസ്സും സെനറ്റും പ്രെസിഡന്റുമായി ഉണ്ടാകാൻപോകുന്ന പുകിൽ ഓർത്തു വിറളിപിടിക്കേണ്ട. സർക്കാർ shutdown വേറൊരു പ്രശ്നമാണ്. കൂടുതൽ നികുതി പിരിച്ചാൽ മാത്രം അത് ഒഴിവാകില്ല; ചെലവഴിക്കാൻ കോൺഗ്രസിന്റെ അനുമതിയും വേണം. വ്യോമഗതാഗത പ്രവർത്തനങ്ങളും ജീവനക്കാരുടെ ശമ്പളവും ഇത്തരം ധനാനുമതി തടസ്സങ്ങളിൽനിന്ന് സംരക്ഷിക്കുന്ന സംവിധാനവും ആവശ്യമാണ്.

മൊത്തത്തിൽ  നാഷണൽ തെറിയഭിഷേകം ഒക്കെ ശാന്തമാക്കിയേക്കാം. 

Join WhatsApp News
Raju Mylapra 2026-11-17 10:48:35
വയസു കാലത്തു കുറച്ചു നല്ല തെറിവാക്കുകൾ പഠിക്കാമെന്നു കരുതിയാണ് പ്രിയ സുഹൃത്, കോരസൺൻറെ ലേഖനം വായിച്ചു തുടങ്ങിയത്. എന്നാൽ നിരാശപ്പെടുത്തി കളഞ്ഞു എന്ന് പറയാതിരിക്കുവാൻ നിർവാഹമില്ല. അദ്ദേഹത്തിന്റെ ലേഖനത്തിൽ സൂചിപ്പിച്ചതു പോലെ, Chase Bank- ATM - ൽ നിന്നും വട്ടചിലവിനു വേണ്ടി കുറച്ചു ക്യാഷ് withdraw - ചെയ്യാമെന്ന് കരുതി ചെന്നപ്പോൾ വാതിൽക്കൽ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ നിൽക്കുന്നു. Withdrawal നടക്കില്ല, എന്നാൽ Deposit സ്വീകരിക്കും എന്നറിയിച്ചു. ഇത്എന്തൊരു 'മറിമായം'? ഇപ്പോൾ ഇതാ CNN News report ചെയ്യുന്നു, United Airlines - ൻറെ എല്ലാ ഫ്ലൈറ്റും ഗ്രൗണ്ട് ചെയ്തിരിക്കുന്നു എന്ന്. 'No explanation given'. പിന്നെ, ചില 'കുല്സിത' പ്രവർത്തനങ്ങൾ അവിടെയും ഇവിടെയും ഒക്കെ നടക്കുന്നതായി ചില വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യന്നു. ഒന്നിനും ഒരു വ്യക്ക്തതയില്ല. എൻ്റെ vocabulary യുടെ പരിധിക്കപ്പുറമുള്ള, 'hardware, software malfunction' ആണ് ഇതിനു കാരണം എന്നു പറയുന്നു. ''Something is rotten in the State of Denmark." ഏതായാലും 'ചിന്തോദിപകമായ' ഒരു ലേഖനം എഴുതിയ കോരസന് അഭിനന്ദനങ്ങൾ. (ജോസ് ചെരിപുരത്തിൻറെ അടുത്ത ലേഖനത്തിൽ നിന്നും കൂടുതൽ തെറി വാക്കുകൾ പഠിക്കാം എന്ന പ്രതീക്ഷയോടെ. " NB: ഇതിലെ അക്ഷരതെറ്റുകൾ പൊറുക്കണമെന്നു രാജു തോമസിനോട് അപേക്ഷിക്കുന്നു.)
കോരസൺ 2026-11-17 19:04:36
നന്ദി ശ്രീ. രാജു മൈലപ്ര, താങ്കളുടെ നല്ല വാക്കുകൾക്ക്. നർമ്മം താങ്കളെപ്പോലെ വഴങ്ങുകില്ലെങ്കിലും ഒന്ന് ശ്രമിച്ചുനോക്കിയതാണ്. - കോരസൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക