Image

ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0', പുതിയ ആപ്പ് പുറത്തിറക്കി

Published on 17 November, 2026
ഐഎൽഡി ചികിത്സയ്ക്ക് ആഗോള വിദഗ്ധരുടെ കൂട്ടായ്മ സംഘടിപ്പിച്ച് അമൃത; കൊച്ചിയിൽ ‘ബിൽഡ് സമ്മിറ്റ് 3.0',  പുതിയ ആപ്പ് പുറത്തിറക്കി

കൊച്ചി : ശ്വാസകോശത്തെ ബാധിക്കുന്ന ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസസ് (ILD) രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണയവും മെച്ചപ്പെട്ട ചികിത്സയും ലക്ഷ്യമിട്ട് ലോകപ്രശസ്ത വിദഗ്ധർ കൊച്ചിയിൽ ഒത്തുചേർന്നു. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ 'ബിൽഡ് സമ്മിറ്റ് 3.0' നവംബർ 14, 15 തീയതികളിൽ മറൈൻ ഡ്രൈവിലെ വിവാന്ത ബൈ താജിൽ നടന്നു. ഡോക്ടർമാർക്കും രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഐഎൽഡി രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന  ബിൽഡ് (BUILD - Better Understanding of ILD) ആപ്പും സമ്മേളനത്തിൽ പ്രകാശനം ചെയ്തു.

കാനഡയിലെ മക്മാസ്റ്റർ സർവകലാശാലയിലെ പ്രൊഫ. മാർട്ടിൻ കോൾബ്, അമേരിക്കയിലെ ചിക്കാഗോ സർവകലാശാലയിലെ പ്രൊഫ. ദേജി അഡെഗുൻസോയെ, നെതർലൻഡ്‌സിലെ ഇറാസ്മസ് മെഡിക്കൽ സെന്ററിലെ പ്രൊഫ. മാർലീസ് വൈസൻബീക്ക് എന്നിവരുൾപ്പെടെയുള്ള അന്താരാഷ്ട്ര വിദഗ്ധരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൾമണോളജിസ്റ്റുകളും റേഡിയോളജിസ്റ്റുകളും പാത്തോളജിസ്റ്റുകളും സമ്മേളനത്തിൽ പങ്കെടുത്തു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ  ഡോ. പ്രേം നായർ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി റെസ്പിറേറ്ററി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഡോ. അസ്മിത മേത്തയായിരുന്നു കോഴ്‌സ് ഡയറക്ടർ. അമൃത സ്‌കൂൾ ഓഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ. കെ.പി., ഡോ. രൺദീപ് ഗുലേറിയ, ഡോ. ദീപക് തൽവാർ, ഡോ. സുജീത് രാജൻ, ഡോ. വിഷ്ണു വാഴൂർ തുടങ്ങിയവരും പങ്കെടുത്തു.

ഐഎൽഡി രോഗങ്ങൾ 200-ലധികം തരത്തിലുണ്ട്. ശ്വാസകോശത്തിൽ മുറിവുകളും പാടുകളും രൂപപ്പെടുകയും ശ്വാസതടസ്സത്തിന് കാരണമാവുകയും ചെയ്യുന്ന ഇവയിൽ പലതും കാലക്രമേണ ഗുരുതരമാകാം. രോഗനിർണയത്തിലെ വെല്ലുവിളികൾ പരിഹരിക്കാൻ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ വിലയിരുത്തൽ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ, രോഗനിർണയത്തിനും ചികിത്സയ്ക്കും ആവശ്യമായ അറിവ് ഡോക്ടർമാരിലേക്ക് എത്തിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഫൈബ്രോട്ടിക് ശ്വാസകോശ രോഗങ്ങളുടെ ചികിത്സ, പ്രിസിഷൻ മെഡിസിൻ, ബയോമാർക്കറുകൾ, രോഗത്തിന്റെ വിവിധ ഉപവിഭാഗങ്ങൾ, സാർകോയിഡോസിസ് തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു. എച്ച്ആർസിടി ചിത്രങ്ങളുടെ വിശകലനത്തിലും ഇമേജിങ്ങിന് അപ്പുറമുള്ള രോഗനിർണയ രീതികളിലും പ്രായോഗിക പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. ഐഎൽഡി ചികിത്സ ഒരു പ്രത്യേക ഉപവിഭാഗമായി വികസിപ്പിക്കേണ്ടതുണ്ടോ എന്ന വിഷയത്തിലെ സംവാദവും ശ്രദ്ധേയമായി.

കൊച്ചിയിൽ നടന്ന ‘ബിൽഡ് സമ്മിറ്റ് 3.0-ന്റെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന്. (ഇടത്തുനിന്ന്) ഡോ. പ്രേം നായർ, ഡോ. വിഷ്ണു വാഴൂർ, പ്രൊഫ. മാർട്ടിൻ കോൾബ്, പ്രൊഫ. ദേജി അഡെഗുൻസോയെ, ഡോ. സുജീത് രാജൻ, ഡോ. രൺദീപ് ഗുലേറിയ, ഡോ. അസ്മിത മേത്ത, ഡോ. ദീപക് തൽവാർ.

സമ്മേളനത്തിൽ ഡോ. മെറിൻ തോമസിന് അമൃത ആശുപത്രി റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിന്റെ ആദ്യ ഐഎൽഡി ഫെലോഷിപ്പ് സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൾമണോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ എന്നിവർ രണ്ടാഴ്ചയിലൊരിക്കൽ ഓൺലൈനായി ഒത്തുചേർന്ന് സങ്കീർണമായ ഐഎൽഡി രോഗാവസ്ഥകൾ ചർച്ച ചെയ്യുന്ന പാൻ ഇന്ത്യ ഐഎൽഡി മൾട്ടി ഡിസിപ്ലിനറി മീറ്റിങ്ങിലെ വിദഗ്ധരെയും ആദരിച്ചു. യുവ ഡോക്ടർമാർക്കായി സംഘടിപ്പിച്ച ബിൽഡ് ഐ എൽ ഡി ( BUILD ILD) ക്വിസിൽ അഞ്ച് ടീമുകൾ പങ്കെടുത്തു.

2024 ജനുവരിയിൽ ആരംഭിച്ച ബിൽഡ് സംരംഭത്തിന്റെ ലക്ഷ്യം ഐഎൽഡി രോഗങ്ങൾ നേരത്തേയും കൃത്യമായും തിരിച്ചറിയാൻ ഡോക്ടർമാരെ സഹായിക്കുകയും രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയുമാണെന്ന് ഡോ. അസ്മിത മേത്ത പറഞ്ഞു. പുതിയ ആപ്പിലൂടെ ഈ ലക്ഷ്യം സമ്മേളനവേദിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു. ഡോക്ടർമാർക്ക് എച്ച്ആർസിടി പഠനസാമഗ്രികൾ, കേസ് അടിസ്ഥാനമാക്കിയുള്ള ക്വിസുകൾ, റെക്കോർഡ് ചെയ്ത മൾട്ടി ഡിസിപ്ലിനറി ചർച്ചകൾ, ഇന്ത്യൻ രോഗികളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി വികസിപ്പിച്ച BUILD പ്രോഗ്നോസ്റ്റിക് സ്കോർ എന്നിവ ആപ്പിൽ ലഭിക്കും. രോഗികൾക്കും പരിചരിക്കുന്നവർക്കും വിശ്വസനീയമായ വിവരങ്ങളും പിന്തുണയും ലഭ്യമാക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. ഐഫോൺ ഉപയോക്താക്കൾക്ക് buildildapp.com വഴി ഉപയോഗിക്കാം. സമ്മേളനത്തിന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ നാല് മണിക്കൂർ ക്രെഡിറ്റ് സമയവും അനുവദിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക