Image

സുദീർഘമായ അപ്പസ്തോലിക യാത്രയ്ക്ക് ശേഷം ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മടങ്ങിയെത്തി

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് Published on 17 November, 2026
സുദീർഘമായ അപ്പസ്തോലിക യാത്രയ്ക്ക് ശേഷം ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മടങ്ങിയെത്തി

ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയ്ക്ക് ശേഷം ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ മടങ്ങിയെത്തി . യാത്രയുടെ അവസാനദിനമായ നവംബർ 16-ന് ഉപേക്ഷിക്കപ്പെട്ട വയോധികരുടെ കൊച്ചുസഹോദരിമാർ നടത്തുന്ന വയോജനമന്ദിരം സന്ദർശിച്ച പാപ്പാ, പിന്നീട്, ലാസ് പാൽമാസ് എയർബേസിൽ വിശുദ്ധ ബലിയർപ്പിച്ച ശേഷമാണ്  വത്തിക്കാനിലേക്ക് മടങ്ങിയത്.

ഉറുഗ്വായ്, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് ലിയോ പതിനാലാമൻ പാപ്പാ നടത്തിയ അപ്പസ്തോലികയാത്രയിൽ, പെറുവിലെ അവസാനദിവസമായ നവംബർ 16 തിങ്കളാഴ്ച രാവിലെ 7.45-ന് അപ്പസ്തോലിക നൂൺഷ്യേച്ചറിൽനിന്ന് യാത്രപറഞ്ഞിറങ്ങിയ പരിശുദ്ധ പിതാവ്, അവിടെനിന്ന് പതിനാല് കിലോമീറ്ററുകളോളം അകലെ, കയ്യാവോയിൽ "ഉപേക്ഷിക്കപ്പെട്ട വയോധികരുടെ കൊച്ചുസഹോദരിമാർ" എന്ന സന്ന്യാസസമൂഹം നടത്തുന്ന വയോജനമന്ദിരത്തിലേക്കാണ് യാത്രയായത്.

കയ്യാവോയിലെ വയോധികമന്ദിരം

പെറുവിന്റെ തലസ്ഥാനമായ ലീമായോട് അടുത്ത്, പസഫിക് സമുദ്രത്തോട് ചേർന്നുള്ള ഒരു തുറമുഖനഗരമാണ് കയ്യാവോ (Callao). ഇവിടെ നിരാലംബരായ വയോജനങ്ങൾക്കായുള്ള വയോധികമന്ദിരം, നടത്തുന്നത്, "ഈശോയുടെ വിശുദ്ധ തെരേസ ഹൊർനെറ്റ് ഇബാർസ്" (Saint Teresa of Jesus Jornet e Ibars) 1872-ൽ സ്പെയിനിൽ സ്ഥാപിച്ച "ഉപേക്ഷിക്കപ്പെട്ട വയോധികരുടെ കൊച്ചുസഹോദരിമാർ" (Little Sisters of the Abandoned Elderly) എന്ന സന്ന്യാസസമൂഹത്തിലെ അംഗങ്ങളാണ്.

പാപ്പാ വയോധികമന്ദിരത്തിൽ

പാപ്പാ വയോധികമന്ദിരത്തിൽ   (VATICAN MEDIA)

പാപ്പായുടെ സന്ദർശനം

വയോജനമന്ദിരത്തിലെത്തിയ പാപ്പായെ, കയ്യാവോ രൂപതാമെത്രാൻ ബിഷപ് ലൂയിസ് ആൽബേർത്തോ ബറേറ പച്ചേക്കോയും (Luis Alberto Barrera Pacheco), "ഉപേക്ഷിക്കപ്പെട്ട വയോധികരുടെ കൊച്ചുസഹോദരിമാർ" എന്ന സന്ന്യാസസമൂഹത്തിന്റെ സുപ്പീരിയർ എർമനേജിൽദ ഫ്ലോറ ഒബാമ ഹ്വമാനും (Hermenegilda Flora Obama Huamán) ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഏവരും പ്രത്യേകമായി തയ്യാറാക്കിയിരുന്ന സ്റ്റേജിലേക്കെത്തി.

സ്വാഗതഗാനത്തിനും രൂപതാധ്യക്ഷന്റെ ആമുഖപ്രസംഗത്തിനും ശേഷം, പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്‌തുകൊണ്ട്‌ മദർ സുപ്പീരിയർ സംസാരിച്ചു. തുടർന്ന് അവിടെയുള്ള ഒരു അന്തേവാസിയുടെയും, സന്നദ്ധപ്രവർത്തകയുടെയും (María del Carmen Chumioque) സാക്ഷ്യങ്ങളും ഗാനാലാപനവുമുണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.

പ്രഭാഷണശേഷം ഏവർക്കും ആശീർവാദം നൽകിയ പാപ്പാ, സമ്മാനങ്ങൾ കൈമാറിയശേഷം ഈ ഭവനത്തിന് പുറത്തേക്കിറങ്ങി. അവിടെ നഗരത്തിന്റെ മേയർ പാപ്പായ്ക്ക് പ്രതീകാത്മകമായി നഗരത്തിന്റെ താക്കോൽ സമ്മാനിച്ചു.

ലാസ് പാൽമാസ് എയർബെയ്‌സിലെ ദിവ്യബലി

ഒൻപതേകാലോടെ പരിശുദ്ധ പിതാവ് ഏതാണ്ട് 25 കിലോമീറ്ററുകൾ അകലെ ലാസ് പാൽമാസ് എയർബേസിൽ (Base Aérea Las Palmas)  നടക്കാനിരുന്ന വിശുദ്ധ ബലിയർപ്പണത്തിനായി കാറിൽ യാത്രയായി. പത്തുമണിയോടെ അവിടെയെത്തിയ പാപ്പാ, പതിനഞ്ച് ലക്ഷത്തോളം വരുന്ന വിശ്വാസികൾക്കിടയിലൂടെ പേപ്പൽ വാഹനത്തിൽ സഞ്ചരിക്കുകയും, തുടർന്ന് പത്തരയോടെ മോഗ്രോവേഹോയിലെ വിശുദ്ധ തൊറീബിയോയുടെ (Toribio de Mogrovejo) അനുസ്മരണയിലുള്ള വിശുദ്ധ ബലി അർപ്പിക്കുകയും സുവിശേഷസന്ദേശം നൽകുകയും ചെയ്തു.

വിശുദ്ധ ബലിയുടെ അവസാനം ലീമാ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ കാർലോസ് ഗുസ്താവോ കസ്‌തീയ്യോ മാത്തസൊല്യോ (Carlos Gustavo Castillo Mattasoglio) പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

പതിനഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങൾക്കിടയിലൂടെ പാപ്പാ നീങ്ങുന്നു

                            പതിനഞ്ച് ലക്ഷത്തോളം വരുന്ന ജനങ്ങൾക്കിടയിലൂടെ പാപ്പാ നീങ്ങുന്നു   (VATICAN MEDIA)

പരിശുദ്ധ പിതാവ് പെറുവിനോട് വിടപറയുന്നു

വിശുദ്ധ ബലിയർപ്പണത്തിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പരിശുദ്ധ പിതാവ് ലാസ് പാൽമാസ് എയർബേസിൽനിന്ന് ഇരുപത്തിയൊൻപത് കിലോമീറ്ററുകൾ അകലെയുള്ള കയ്യാവോയിലെ എയർബേസിലേക്ക് കാറിൽ യാത്രയായി. ഒന്നേകാലോടെ അവിടെത്തിയ പാപ്പായെ, പെറുവിന്റെ പ്രസിഡന്റ് കെയ്‌ക്കോ സൊഫീയ ഫുജിമോറി ഹിഗൂച്ചി (Keiko Sofía Fujimori Higuchi), അഭിവാദ്യം ചെയ്തു.

പാപ്പാ റോമിലേക്ക്

പന്ത്രണ്ട് ദിവസങ്ങളായി തുടരുന്ന ഈ അപ്പസ്തോലിക യാത്രയുടെ അവസാനം, താൻ മുൻപ് മിഷനറിയായും മെത്രാനായും ശുശ്രൂഷ ചെയ്തിരുന്ന പെറുവിൽനിന്ന് പ്രാദേശികസമയം ഉച്ചയ്ക്ക് രണ്ട് ഇരുപത്തിയെട്ടിന് പാപ്പാ റോമിലേക്ക്, ലാത്താം എയർലൈൻസിന്റെ ബോയിങ് വിമാനത്തിൽ (LATAM Airlines Boeing 787-9) യാത്ര തിരിച്ചു. യാത്രാമധ്യേ പാപ്പാ തന്നോടൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ഏതാണ്ട് 15 മണിക്കൂറുകളോളം നീണ്ട ഈ യാത്ര, പെറുവിനും ഇറ്റലിക്കും പുറമെ, ബ്രസീൽ, ഫ്രഞ്ച് ഗയാന (French Guiana), മൊറോക്കോ, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെയായിരുന്നു. യാത്രയിൽ ഈ രാജ്യങ്ങളുടെ നേതൃത്വങ്ങൾക്ക് പാപ്പാ ടെലെഗ്രാം സന്ദേശം അയച്ചു.

യാത്രയയപ്പ്

                        യാത്രയയപ്പ്   (VATICAN MEDIA)

ടെലെഗ്രാം സന്ദേശങ്ങൾ

തന്റെ സന്ദർശനവേളയിൽ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥേയത്വത്തിനും പെറുവിന്റെ പ്രസിഡന്റ് കെയ്‌ക്കോ സൊഫീയ ഫുജിമോറി ഹിഗൂച്ചിക്കും രാജ്യത്തെ ജനങ്ങൾക്കും പാപ്പാ നന്ദി പറയുകയും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്‌തു.

ബ്രസീലിന്റെ പ്രസിഡന്റ്, ലൂയിസ് ഇഞ്ഞാസിയോ ലുല ദ സിൽവയ്ക്ക് അയച്ച സന്ദേശത്തിൽ, അദ്ദേഹത്തിനും രാജ്യത്തെ പൗരന്മാർക്കും പാപ്പാ ദൈവാനുഗ്രഹങ്ങൾ നേർന്നു.

ഫ്രാൻസിന്റെ ഭാഗമായ ഫ്രഞ്ച് ഗയാനയുടെ മുകളിലൂടെ യാത്ര ചെയ്യവേ, രാജ്യത്തിൻറെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ഫ്രഞ്ച് ജനതയ്ക്കും സമാധാനവും സമൃദ്ധിയും സൗഹാർദ്ദവും പരിശുദ്ധ പിതാവ് നേർന്നു.

മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന് അയച്ച ടെലിഗ്രാമിൽ, രാജാവിനും രാജ്യത്തെ ജനങ്ങൾക്കും ദൈവം ഐക്യവും സമാധാനവും ഏകട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സ്പെയിനിന്റെ വ്യോമാതിർത്തിക്കുമുകളിൽ വച്ച്, ഫെലിപ്പെ ആറാമൻ രാജാവിനും സ്പാനിഷ് ജനതയ്ക്കും അയച്ച തന്റെ സന്ദേശത്തിൽ, സ്പെയിനിലേക്ക് താൻ നടത്തിയ സന്ദർശനം പരാമർശിച്ച പാപ്പാ, ഏവർക്കും ദൈവാനുഗ്രഹങ്ങൾ നേർന്നു.

ഇറ്റാലിയുടെ പ്രസിഡന്റ് സെർജിയോ മത്തറെല്ലയ്ക്ക് അയച്ച സന്ദേശത്തിൽ, തന്റെ അപ്പസ്തോലികയാത്രയിലെ അനുഭവങ്ങൾ പരാമർശിച്ച പാപ്പാ, അവിടുത്തെ പ്രാദേശികസഭകളെ അടുത്തറിയാനും, അവ നൽകുന്ന വിശ്വാസസാക്ഷ്യത്തെക്കുറിച്ച് മനസ്സിലാക്കാനും സാധിച്ചതിലുള്ള ആനന്ദം പ്രകടിപ്പിക്കുകയും പ്രസിഡന്റിനും ഇറ്റലിയിലെ ജനത്തിനും പ്രാർത്ഥനകൾ ഉറപ്പുനൽകുകയും ചെയ്തു.

പാപ്പാ വത്തിക്കാനിൽ

നവംബർ ആറാം തീയതി തുടങ്ങിയ ഈ അപ്പസ്തോലിക യാത്രയുടെ പതിമൂന്നാം ദിവസം, നവംബർ 17 ചൊവ്വാഴ്ച റോമിലെ ഫ്യുമിച്ചീനോയിലുള്ള ലെയോനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിൽ, പ്രാദേശികസമയം രാവിലെ 8.48-ന് പാപ്പായെ വഹിച്ചുകൊണ്ടുള്ള വിമാനം എത്തി. തുടർന്ന്, അവിടെനിന്ന് 28 കിലോമീറ്ററുകൾ കാറിൽ യാത്ര ചെയ്‌ത്‌ പാപ്പാ വത്തിക്കാനിലേക്കെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക