Image

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, 24 പേരെ രക്ഷപ്പെടുത്തി

Published on 17 November, 2026
ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, 24 പേരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് പനാമ പതാകയുള്ള എൽപിജി ടാങ്കർ കപ്പലായ ‘താര ഗ്യാസിന്’ നേരെ വീണ്ടും ആക്രമണം. നവംബർ 16ന് രാത്രി യുഎഇ സമയം 11 മണിയോടെ ഒമാനിലെ ഖസബിന് വടക്ക് ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആദ്യ ആക്രമണം. തുടർച്ചയായ ആക്രമണങ്ങളിൽ കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും കപ്പൽ പ്രവർത്തനരഹിതമാകുകയും ചെയ്തു. തുടർന്ന് 25 ജീവനക്കാരും കപ്പൽ ഉപേക്ഷിച്ചു.

ജീവനക്കാരിൽ 24 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരു ഇന്ത്യൻ നാവികനെ കാണാതായതായി കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. കാണാതായ നാവികനെ കണ്ടെത്താൻ കപ്പൽ മാനേജ്മെന്റ് കമ്പനിയുമായും പ്രാദേശിക രക്ഷാപ്രവർത്തകരുമായും ചേർന്ന് തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആക്രമണത്തെ തുടർന്ന് മേഖലയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ ജാഗ്രതാ നിർദേശം നൽകി. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക