Image

പാറേല്‍പള്ളിയും മുട്ടത്തുവര്‍ക്കിയും(അന്ന മുട്ടത്ത്)

അന്ന മുട്ടത്ത്. Published on 18 November, 2026
പാറേല്‍പള്ളിയും മുട്ടത്തുവര്‍ക്കിയും(അന്ന മുട്ടത്ത്)

അഴകുള്ള ആ മുട്ടത്തു വര്‍ക്കി കഥാപാത്രങ്ങള്‍ വീണ്ടും പാറേല്‍ പള്ളിയില്‍
അനുഗ്രഹപ്രദായിനിയായ ദൈവമാതാവിന്റെ പവിത്രനാമധേയത്തില്‍ പ്രതിഷ്ഠിതമായിരിക്കുന്ന ആ പുണ്യതീര്‍ത്ഥാലയം, ആണ്ടുതോറും മഞ്ഞും വെയിലുമുള്ള വൃശ്ചികമാസം ഇരുപത്തിമൂന്നാം തീയതി ദേശദേശാന്തരങ്ങളില്‍ നിന്നും നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷങ്ങളെ ആകര്‍ഷിച്ചുകൊണ്ട് പ്രോജ്വലം വിരാജിക്കുന്നു.

ഇന്നലെ ആ കൊച്ചു കുരിശുപള്ളി ഇന്ന് ബൃഹത്തും അത്യാധുനികവും ശില്പകലാസുന്ദരവുമായ ഒരു മനോഹര ദേവാലയമായി രൂപാന്തരം പ്രാപിച്ചതില്‍ ഒരുവേള മറ്റാരെയുംകാള്‍ സന്തോഷിക്കുന്നത് ഞാനായിരിക്കും എന്തുകൊണ്ടെന്നാല്‍ ദൈവമാതാവിനെ കൈതൊഴുതുകൊണ്ടാണ് ഞാന്‍ സാഹിത്യത്തിന്റെ പൊന്നു തൃക്കോവിലിലേക്കു പിച്ചക്കാല്‍ വച്ചത്. ദൈവമാതാവിനെ പ്രകീര്‍ത്തിക്കുന്ന 'ആത്മാജ്ഞായി' എന്ന കാവ്യഗ്രന്ഥമാണ് എന്റെ ആദ്യത്തെ പാദകാണിയ്ക്ക.'

ഈ ശൈലിയില്‍ നിന്നു തന്നെ 1974-ല്‍ ഈ വാക്കുകള്‍ എഴുതിയ സാഹിത്യകാരനെ നിങ്ങള്‍ തിരിച്ചഞ്ഞിരിക്കാം- മുട്ടത്തുവര്‍ക്കി. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പാണ് മുട്ടത്തുവര്‍ക്കിയുടെ പുത്രവധുവായി ഞാന്‍ പാറേല്‍പള്ളിയുടെ നാട്ടിലെ മുട്ടത്തു ഭവനത്തിലേക്കു കടന്നുവന്നത്. മലയാളികളുടെ ഹൃദയം കവര്‍ന്ന പാടാത്ത പൈങ്കിളിയും ഇണപ്രാവുകളും മയിലാടും കുന്നും അഴകുള്ള സെലീനയുമൊക്കെ എഴുതിയ സാക്ഷാല്‍ മുട്ടത്തുവര്‍ക്കിയുടെ മരുമകളായി.

ഞങ്ങളുടെ വിവാഹത്തിനു ദിവസങ്ങള്‍ക്കുശേഷം അപ്പച്ചനും അമ്മച്ചിയും കൂടി നവവധൂവരന്മാരായ ഞങ്ങളെയും കൂട്ടി പാറേല്‍പള്ളിയില്‍  പോയി. ഞാന്‍ ആദ്യമായി പാറേല്‍ മാതാവിനെ നേരിട്ടുകണ്ട നിമിഷം. ഞങ്ങളുടെ അപ്പച്ചന്‍ തന്റെ ഒട്ടുമിക്ക നോവലുകളിലും പാറേല്‍ മാതാവിനെ പരാമര്‍ശിച്ചിട്ടുള്ള ആളാണല്ലോ. അതിനാല്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ക്കു മാതാവ് പ്രത്യേകം നല്‍കിയിട്ടുണ്ടാവും! ഉദ്യോഗാര്‍ത്ഥം അമേരിക്കയിലേക്കു പോയെങ്കിലും, പിന്നീട് നാട്ടില്‍ വരുമ്പോഴെല്ലാം ഞങ്ങള്‍ പാറേല്‍ പള്ളിയില്‍ പോവുകയും മാതാവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. മനസ്സില്‍ വല്ലാത്തൊരു സമാധാനവും സന്തോഷവും ചൈതന്യവും നിറയുന്ന നിമിഷങ്ങളായിരുന്നു അവ. പള്ളിയില്‍ വച്ചു മാത്രമല്ല വീട്ടില്‍ വച്ചും ഞങ്ങളെല്ലാവരും പാറേല്‍ മാതാവിനെ വിളിച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു.

ജീവിതത്തിന്റെ ഏതു പ്രതിസന്ധിഘട്ടത്തിലും 'പാറേല്‍ മാതാവേ' എന്ന് നെഞ്ചുരുകി വിളിക്കാത്ത ഒരു ചങ്ങനാശ്ശേരിക്കാരനും ഉണ്ടാവില്ല. പിന്നീട് പ്രാര്‍ത്ഥനാപൂര്‍ണ്ണമുള്ള  ആ സംബോധന കേരളം മുഴുവന്‍, അല്ല ലോകം മുഴുവന്‍ മുഴങ്ങിയെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഞങ്ങളുടെ അപ്പച്ചനും അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടികള്‍ക്കും സിനിമകള്‍ക്കും ആണെന്നുള്ള യാഥാര്‍ത്ഥ്യം അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം മുട്ടത്തുവര്‍ക്കി നോവലുകളിലെ തങ്കച്ചനും ജോണിയും ചിന്നമ്മയും സെലീനയുമൊക്കെ അക്ഷരങ്ങളിലൂടെ പാറേല്‍ മാതാവിനെ വിളിച്ചപ്പോള്‍, പിന്നീട് അവ സിനിമയിലൂടെ ദൃശ്യരൂപം പൂണ്ടപ്പോള്‍ കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ സത്യനും പ്രേംനസീറും മധുവും മിസ് കുമാരിയും ഷീലയും ജയഭാരതിയുമൊക്കെ വീണ്ടും പാറേല്‍ മാതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു. അങ്ങനെ ചങ്ങനാശ്ശേരിയുടെ അതിരുകള്‍ വിട്ട് പാറേല്‍ മാതാവിന്റെ പ്രസിദ്ധി മലയാളി ഉള്ളിടത്തെല്ലാം വ്യാപിച്ചു. അതായത് ലോകം മുഴുവന്‍ ആ നാമം മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലൂടെയും സിനിമകളിലൂടെയും പ്രസിദ്ധമായി. കേരളത്തില്‍ ഇത്തരത്തില്‍ ഒരു സാഹിത്യകാരനിലൂടെ പ്രസിദ്ധമായ മറ്റൊരു ദേവാലയം ചൂണ്ടിക്കാട്ടാനില്ല. മുട്ടത്തുവര്‍ക്കിയെ അനുകരിച്ച് മറ്റ് എഴുത്തുകാരും തങ്ങളുടെ തിരക്കഥകളില്‍ പാറേല്‍ മാതാവിനെ സംബോധന ചെയ്യാറുണ്ട്.

അദ്ദേഹത്തിന്റെ നാലഞ്ചു സിനിമകളുടെ ഷൂട്ടിംഗ്, പാറേല്‍പള്ളിയില്‍ വച്ചാണ് നടത്തപ്പെട്ടത്. ഏറ്റവും ഒടുവില്‍ 'നാത്തൂന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനു വേണ്ടി സുധീറും വിന്‍സെന്റും റാണിചന്ദ്രയുമൊക്കെ പാറേല്‍പള്ളിയില്‍ വന്നതാണ് എന്റെ ഓര്‍മ്മയിലുള്ളത്.

ജീവിതാവസാനം വരെ മുട്ടത്തുവര്‍ക്കി എന്ന മഹാസാഹിത്യകാരനില്‍ ദൈവമാതാവിനോടുള്ള ഭക്തിയും വിശ്വാസവും അഭംഗുരം നിലകൊണ്ടിരുന്നു- പാറേല്‍മാതാവിലൂടെ.

എന്തായാലും എക്കാലവും മുട്ടത്തുവര്‍ക്കിയുടെ സാഹിത്യജീവിതത്തിന് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞുകൊണ്ടിരുന്നു പാറേല്‍പള്ളിയിലെ പരിശുദ്ധ അമ്മ. ആ അമ്മയുടെ പുതിയ ദേവാലയകൂദാശാ വേളയില്‍ പ്രാര്‍ത്ഥനാശംസകള്‍! മുട്ടത്തുവര്‍ക്കിയുടെ അഴകുള്ള ആ കഥാപാത്രങ്ങളും ഈ പാവനവേളയില്‍ നവീകരിച്ച ദേവാലയകൂദാശ ചടങ്ങിനെത്തുന്നത് ഞാന്‍ ഭാവനയില്‍ കാണുന്നു.

മുട്ടത്തുവര്‍ക്കിയുടെ പുത്രവധുവാണ് ലേഖിക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക