
വാഷിങ്ടൺ: നാസയുടെ 35-ാമത് വാണിജ്യ പുനഃവിതരണ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സ്പേസ് എക്സ് ഡ്രാഗൺ പേടകം നവംബർ 18ന് ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ നിലയത്തിൽനിന്ന് വേർപെടുന്ന പേടകം കാലാവസ്ഥ അനുകൂലമാണെങ്കിൽ നവംബർ 19ന് പുലർച്ചെ കാലിഫോർണിയ തീരത്ത് കടലിൽ ഇറങ്ങും.
യുഎസ് സമയം ബുധനാഴ്ച രാവിലെ 11.05ന് (ഇന്ത്യൻ സമയം രാത്രി 9.35ന്) ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തേക്കുള്ള ഭാഗത്തുനിന്ന് പേടകം വേർപെടുമെന്നാണ് നാസയുടെ അറിയിപ്പ്. വേർപെടൽ നടപടികളുടെ തത്സമയ സംപ്രേഷണം രാവിലെ 10.45ന് ആരംഭിക്കും. നാസയുടെ വെബ്സൈറ്റിലൂടെ ഇത് കാണാം.
വിവിധ ശാസ്ത്രഗവേഷണങ്ങൾക്കായി ഉപയോഗിച്ച സാമ്പിളുകളും ഉപകരണങ്ങളും ഉൾപ്പെടെ 6,300 പൗണ്ടിലധികം (ഏകദേശം 2,858 കിലോഗ്രാം) ചരക്കുമായാണ് പേടകം മടങ്ങുന്നത്. ബഹിരാകാശത്തും ഭൂമിയിലും രക്തക്കുഴലുകളുടെ പ്രായമാകലും ഹൃദയസംബന്ധമായ രോഗങ്ങളും പഠിക്കാൻ ഉപയോഗിച്ച ത്രിമാന ബയോപ്രിന്റഡ് രക്തക്കുഴൽ മാതൃക ഇതിലുണ്ട്. ബഹിരാകാശ നിലയത്തിൽ ചികിത്സിച്ച ട്യൂമർ ഓർഗനോയിഡുകൾ മടക്കിക്കൊണ്ടുവരുന്നതിലൂടെ കാൻസർ ചികിത്സയിലും വ്യക്തിഗത ചികിത്സാരീതികളുടെ വികസനത്തിലും പുതിയ സാധ്യതകൾ പഠിക്കാനാകും.
ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ ബഹിരാകാശത്ത് എങ്ങനെ അതിജീവിക്കുകയും പരിണമിക്കുകയും ചെയ്യുന്നുവെന്ന് പഠിക്കുന്നതിനുള്ള സൂക്ഷ്മജീവി സാമ്പിളുകളും തിരിച്ചെത്തും. കൂടാതെ, ബഹിരാകാശയാത്രികരുടെ ഉറക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കാൻ മൂന്ന് വർഷത്തിലേറെയായി ബഹിരാകാശ നിലയത്തിൽ പരീക്ഷിച്ച ലൈറ്റിങ് സംവിധാനവും ഭൂമിയിലെത്തിക്കും.
ഒക്ടോബർ 13ന് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽനിന്ന് ഫാൽക്കൺ 9 റോക്കറ്റിലാണ് ഡ്രാഗൺ പേടകം വിക്ഷേപിച്ചത്. ഒക്ടോബർ 15ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ജീവനക്കാർക്കുള്ള അവശ്യവസ്തുക്കൾ, ശാസ്ത്രപരീക്ഷണ സാമഗ്രികൾ, ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ചരക്കുകളാണ് പേടകം നിലയത്തിലെത്തിച്ചത്.
കാലാവസ്ഥയും കടലിൽ ഇറങ്ങുന്നതിനുള്ള സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പേടകത്തിന്റെ തിരിച്ചിറക്കൽ സമയം അന്തിമമായി നിശ്ചയിക്കുക. കടലിൽ ഇറങ്ങുന്ന ദൃശ്യങ്ങൾ നാസ തത്സമയം സംപ്രേഷണം ചെയ്യില്ലെങ്കിലും ഔദ്യോഗിക ബ്ലോഗിലൂടെ വിവരങ്ങൾ കൈമാറും.
26 വർഷത്തിലേറെയായി മനുഷ്യർ തുടർച്ചയായി താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഭൂമിയിൽ സാധ്യമല്ലാത്ത നിരവധി ശാസ്ത്രീയ ഗവേഷണങ്ങൾക്ക് വേദിയാകുന്നുണ്ട്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി മനുഷ്യദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതികവിദ്യകളും അറിവുകളും വികസിപ്പിക്കുന്നതിലും നിലയം നിർണായക പങ്കുവഹിക്കുന്നു.