Image

ദേശീയ കായിക സംഘടനകളെ നിയന്ത്രിക്കാന്‍ വഴിതെളിയുന്നു (സനില്‍ പി. തോമസ്)

Published on 18 November, 2026
ദേശീയ കായിക സംഘടനകളെ നിയന്ത്രിക്കാന്‍ വഴിതെളിയുന്നു (സനില്‍ പി. തോമസ്)

ഡിസംബര്‍ അഞ്ചിന് നടക്കുന്ന ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സമിതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത് 30 ദേശീയ കായിക സംഘടനകള്‍ക്കു മാത്രം. ഓരോ സംഘടനയില്‍ നിന്നും രണ്ടുപേര്‍ക്കു വീതം വോട്ട് ചെയ്യാം; ഒരു പുരുഷനും ഒരു വനിതയ്ക്കും. ഐ.ഓ.എ.യുടെ അത്‌ലറ്റ്‌സ് കമ്മിഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത് 34 പേര്‍ മാത്രം. അതായത് 17 ദേശീയ സംഘടനകള്‍ മാത്രം. സ്വന്തമായി അത്‌ലറ്റ്‌സ് കമ്മിഷന്‍ ഉള്ള സംഘടനകള്‍ക്കു മാത്രമാണ് പ്രതിനിധികളെ നിര്‍ദ്ദേശിക്കാന്‍ സാധിച്ചത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍, അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍, ബോക്‌സിങ്ങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പല പ്രമുഖ സംഘടനകള്‍ക്കും അവസരം കിട്ടിയില്ല. ഏതാണ്ട് അറുപത് കായിക ഇനങ്ങളില്‍ ദേശീയ സംഘടനകള്‍ സജീവമായിരിക്കെയാണ് ഈ സ്ഥിതി വിശേഷം. 2022 ല്‍ ഐ.ഓ.എ.തിരഞ്ഞെടുപ്പില്‍ 35 സംഘടനകള്‍ക്കു വോട്ട് അവകാശം ഉണ്ടായിരുന്നു. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പോലെ പല സംഘടനകള്‍ക്കും അംഗീകാരം നഷ്ടപ്പെട്ടു. ചിലത് നിയന്ത്രിക്കുന്നത് താല്‍ക്കാലിക സമിതികളാണ്. 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തുവാന്‍  ഒരുങ്ങുന്ന, 2036 ലെ ഒളിംപിക്‌സിന് ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ കായികരംഗത്തെ സ്ഥിതിയാണിത്.

രാഷ്ട്രീയക്കാരും വന്‍ വ്യവസായികളുമൊക്കെ കായികരംഗം അടക്കി വാഴുകയാണ്. ഒട്ടേറെ സംഘടനകളില്‍ വിമതപക്ഷം സജീവമാണ്. എന്തായാലും ദേശീയ കായിക സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. 2025 ലെ നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ആക്ടിന് അനുസിരിച്ച്, നാഷണൽ  സ്‌പോര്‍ട്‌സ് ഗവേണന്‍സ്(നാഷണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ്) റൂള്‍സ്, 2026 വഴി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് ആയിരിക്കും ഇനി കായിക സംഘടനകളെ നിയന്ത്രിക്കുക.
നാഷണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡിന്റെ ചെയര്‍മാനായി മുന്‍ ഐ.എ.എസ്. ഓഫീസര്‍ ദേവേശ് ചതുര്‍വേദിയെ നിയമിച്ചു. നവംബര്‍ 16ന് അദ്ദേഹം ചുമതലയേറ്റു. ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്‌കീമിന്റെ സി.ഇ.ഒ. ആയിരുന്ന റിട്ടയര്‍ഡ് കമഡോര്‍ പുഷ്‌പേന്ദ്ര കുമാര്‍ ഗാര്‍ഗ്, ബോര്‍ഡ് അംഗമായും ചുമതലയേറ്റു.

ഇനി മുതല്‍ ദേശീയ കായിക സംഘടനകള്‍ക്ക് അംഗീകാരം നല്‍കുന്നത് നാഷണല്‍ സ്‌പോര്‍ട്‌സ് ബോര്‍ഡ് ആയിരിക്കും. ദേശീയ ഫെഡറേഷനുകളുടെ പ്രവര്‍ത്തനവും സാമ്പത്തിക ഇടപാടുകളും ബോര്‍ഡ് നിരീക്ഷിക്കും. ഇക്കാര്യത്തില്‍ രാജ്യാന്തര സംഘടനകളുമായി ചര്‍ച്ച നടത്തുവാനുളള അധികാരവും ബോര്‍ഡിന് നൽകിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് വാങ്ങി തോന്നിയതുപോലെ പ്രവര്‍ത്തിക്കുവാന്‍ ഇനി സ്‌പോര്‍ട്‌സ് സംഘടനകള്‍ക്ക് സാധിക്കില്ല. സംഘടനാ തിരഞ്ഞെടുപ്പ് കൃത്യമായി നടത്തണം. അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിക്കണം. ടീമുകളെ മത്സരങ്ങള്‍ക്ക് വിദേശത്ത് അയക്കുന്നതിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരുവാനാണു സാധ്യത. കടലാസ് സംഘടനകള്‍ താരങ്ങളെ സ്വന്തം ചെലവില്‍ അയക്കുന്ന രീതിലും മാറ്റം വരേണ്ടതുണ്ട്. കായികരംഗത്ത് സര്‍ക്കാര്‍ നിയന്ത്രണം എന്നൊക്കെ ആരോപണം ഉയരുമെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് അനിവാര്യമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക