
ഇന്ത്യ ഇസ്രയേലുമായി ശക്തമായ ബന്ധങ്ങൾ തുടർന്നു പോകുന്നതിനെ താൻ പിന്തുണയ്ക്കുന്നുവെന്നു കോൺഗ്രസ് നേതാവും ലോക് സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആയിരക്കണക്കിനു നിരപരാധികളെ കൂട്ടക്കൊല ചെയ്തതിനെ രാഹുൽ അപലപിച്ചു.
ഇന്ത്യയുടെ ദേശീയ താല്പര്യങ്ങൾക്കനുസരിച്ചാണ് വിദേശ നയം തീരുമാനിക്കേണ്ടതെന്നു അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകൻ പ്രഫസർ റോബർട്ട് പപ്പേയുമായി The Iran War & India's Role in The World എന്ന വിഷയം ചർച്ച ചെയ്യുകയായിരുന്നു രാഹുൽ.
പ്രതിരോധ സഹകരണം ഉൾപ്പെടെ ഇസ്രയേലുമായി ഇന്ത്യ നല്ല ബന്ധങ്ങൾ കാത്തു സൂക്ഷിക്കണമെന്നു രാഹുൽ പറഞ്ഞു. എന്നാൽ അതുകൊണ്ടു അന്താരാഷ്ട്ര വിഷയങ്ങളിൽ അഭിപ്രായം തുറന്നു പറയാൻ മടിക്കരുത്.
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെയും ഗാസയിൽ ഇസ്രയേൽ എടുത്ത നടപടികളെയും രാഹുൽ വിമർശിച്ചു. ഒരു തെറ്റിനെ മറ്റൊന്നു കൊണ്ടു തിരുത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ 150 കോടി ജനങ്ങളുളള വലിയൊരു രാജ്യമാണ്. ആഗോള വേദിയിൽ രാജ്യത്തിനു പ്രാധാന്യമുണ്ട്. നമുക്കു പറയാനുള്ളത് പറയുന്നതിൽ നിന്ന് ആരും നമ്മളെ തടയാൻ പാടില്ല.
I support strong ties with Israel but condemn actions in Gaza: Rahul Gandhi