
ചങ്ങനാശ്ശേരി: ഉപയോഗിക്കാത്ത വെള്ളത്തിന് അമിത ബില്‍ നല്കി ഉപഭോക്താക്കളെ മാനസികമായി പീഡിപ്പിക്കുകയും, നിയമപരമായ പരാതികള്‍ ബോധപൂര്‍വ്വം അവഗണിക്കുകയും നിയമവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം നല്‍കുകയും ചെയ്ത കേരള വാട്ടര്‍ അതോറിറ്റിയുടെ (KWA) നടപടിക്കെതിരെ കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ (കോടതി) മാതൃകാപരമായ വിധി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ എസ്.ബി. ഹൈസ്കൂള്‍ വാര്‍ഡില്‍ താമസക്കാരായ ജിജി ഫിലിപ്പ് വെട്ടിത്താനം, ആന്‍സി ജി ഫിലിപ്പ് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രസിഡന്റ് വി.എസ്. മനുലാല്‍, അംഗങ്ങളായ ബിന്ദു ആര്., കെ.എം. ആന്റോ എന്നിവരടങ്ങിയ ബെഞ്ചിന്റെ ശക്തമായ ഉത്തരവ്
വാട്ടര്‍ മീറ്ററിന്റെ സാങ്കേതിക പരിശോധന നടത്തുവാനായി ഉപഭോക്താവ് സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാതെ കെ.ഡബ്ല്യു.എ പുറപ്പെടുവിച്ച വാട്ടര്‍ ബില്‍ റദ്ദ് ചെയ്തതുകൂടാതെ, വാട്ടര്‍ മീറ്ററിന്റെ ടെസ്റ്റിങ്ങ് ഉടനടി നടത്തുവാനും അതിന്‍പ്രകാരം നിയമപരമായി പുനര്‍നിര്‍ണയിക്കപ്പെടുന്ന ബില്ല് നല്കുവാനും കോടതി ഉത്തരവിട്ടു. കൂടാതെ അധികമായി ഈടാക്കിയ തുക പൂര്‍ണ്ണമായി മടക്കിനല്കാനും, മാനസിക ബുദ്ധിമുട്ടുകള്‍ക്കും പീഡനങ്ങള്‍ക്കും നഷ്ടപരിഹാരമായി 20,000 രൂപയും, കോടതിച്ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 25,000 രൂപ അടുത്ത മുപ്പതു ദിവസത്തിനകം ഉപഭോക്താവിന് നല്‍കാനും കോടതി ഉത്തരവിട്ടു. പണം തിരിച്ചുകൊടുക്കാന്‍ താമസിച്ചാല്‍ പിഴ പലിശ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. . വിധി വ്യാഴാഴ്ച ഇന്നലെ കോടതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കേസിന്റെ പശ്ചാത്തലം:
ഹര്‍ജിക്കാര്‍ക്കു തങ്ങളുടെ വീട്ടില്‍ സ്വന്തമായി കിണര്‍വെള്ളം ലഭ്യമായിരുന്നതിനാല്‍, വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന് ഒരു കരുതല്‍ സംവിധാനമായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. കെഡബ്ല്യുഎ മീറ്റര്‍ ഇന്‍സ്പെക്ടറുടെ ഫീല്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ഈ കണക്ഷന് വെറും 500 ലിറ്ററിന്റെ ഒരു ചെറിയ ടാങ്കിലേക്ക് മാത്രമാണ് ഘടിപ്പിച്ചിരുന്നത്. 2022 ജനുവരി മുതല്‍ 2025 ഓഗസ്റ്റുമാസം വരെ വാട്ടര്‍ അതോരിറ്റി കൃത്യമായി മീറ്റര്‍ റീഡിംഗ് എടുക്കുകയും അതിന്‍പ്രകാരം കേവലം രണ്ടുമുതല്‍ അഞ്ചുവരെ കിലോലിറ്റര്‍ വെള്ളം മാത്രം ഇവര്‍ ഉപയോഗിച്ചിരുന്നതിനാല്‍ ദ്വൈമാസിക ബില്ലായി മിനിമം ചാര്‍ജ്ജായ 145 രൂപ അടച്ചുവരികയുമായിരുന്നു. എന്നാല്‍ 2025 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കനത്ത മഴക്കാലത്ത്, ഒരു തുള്ളി വെള്ളം പോലും ഈ കണക്ഷനില്‍ നിന്ന് ഉപയോഗിക്കാതിരുന്നിട്ടും, 148 കിലോലിറ്റര്‍ (1,48,000 ലിറ്റര്‍) വെള്ളം ഉപയോഗിച്ചു എന്ന് കാട്ടി 5,218 രൂപയുടെ ഭീമമായ 'വ്യാജ ബില്‍' (Ghost Bill) വാട്ടര്‍ അതോറിറ്റി നല്‍കുകയായിരുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം വെള്ളം വരുന്ന ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി പരിധിയില്‍ ഇക്കാലയളവില്‍ ഒരു മുക്കാല്‍ ഇഞ്ചു പൈപ്പിലൂടെ ഇത്രയും വലിയ അളവില്‍ വെള്ളം ഒഴുകുക സാങ്കേതികമായി അസാധ്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
നിയമ ലംഘനങ്ങളും അതോറിറ്റിയുടെ കൃത്യവിലോപവും:
മീറ്റര്‍ റീഡിംഗ് എടുത്തത് 15.10.2025-ല്‍ ആണെന്നിരിക്കെ, അതിന് രണ്ടു ദിവസം മുന്‍പ് (13.10.2025) തയ്യാറാക്കിയ വ്യാജ ബില്ലാണ് ഉപഭോക്താവിന് നല്‍കിയത്. ബില്ലിലെ അപാകത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ, റീഡിംഗ് എടുത്ത അതേ ദിവസം (15.10.2025) ഉപഭോക്താവ് മൂന്ന് നിയമപരമായ അപേക്ഷകള്‍ വാട്ടര്‍ അതോറിറ്റിക്ക് സമര്‍പ്പിച്ചു:
1. വ്യാജ ബില്‍ റദ്ദാക്കാനുള്ള അപേക്ഷ
2. തുടര്‍ന്ന് അനാവശ്യ ബില്ലുകള്‍ വരാതിരിക്കാന്‍ താല്‍ക്കാലികമായി കണക്ഷന് വിച്ഛേദിക്കാനുള്ള (Temporary Disconnection) അപേക്ഷ
3. മീറ്ററിന്റെ തകരാര്‍ പരിശോധിക്കാനുള്ള (Meter Testing) അപേക്ഷ
എന്നാല്‍ കെ.ഡബ്ല്യു.എ ഉദ്യോഗസ്ഥര്‍ ഈ അപേക്ഷകളിന്മേല് യാതൊരു നടപടിയും സ്വീകരിക്കാതെ അനാവശ്യമായി താമസിപ്പിക്കുകയും, ഉപഭോക്താവിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. മാത്രമല്ല, സര്‍ക്കാര്‍ വക മീറ്റര്‍ ഉപഭോക്താവിനോട് സ്വയം അഴിച്ചുമാറ്റി തങ്ങളുടെ ഓഫീസില്‍ കൊണ്ടുവന്നു പരീക്ഷണം നടത്തണമെന്ന നിയമവിരുദ്ധമായ ഉത്തരവും
ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ചു. ഒടുവില്‍ കണക്ഷന് താല്‍ക്കാലികമായി വിച്ഛേദിക്കണമെങ്കില്‍ തര്‍ക്കത്തിലുള്ള തുക മുഴുവന്‍ അടയ്ക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് മുതിര്‍ന്ന പൗരന്മാരായ ഉപഭോക്താവില്‍നിന്നും നിര്‍ബന്ധിതമായി പണം അടപ്പിക്കുകയായിരുന്നു.
കോടതിയുടെ നിരീക്ഷണം:
കോടതി നടപടികളോട് സഹകരിക്കാനോ തങ്ങളുടെ ഭാഗം ന്യായീകരിക്കാനോ വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞില്ല. ഉപഭോക്താവ് ഹാജരാക്കിയ രേഖകളും സത്യവാങ്മൂലവും പൂര്‍ണ്ണമായും കോടതി അംഗീകരിച്ചു. അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ സേവന വീഴ്ചയാണ് (Deficiency of Service) എന്നു കോടതി നിരീക്ഷിച്ചു .
പൊതുജനങ്ങളെ മനപൂര്‍വ്വം മാനസികമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായ സാമ്പത്തിക ബാധ്യതകള്‍ അടിച്ചേല്പിക്കുകയും നിയമാനുസൃതമായ സേവനങ്ങളും അവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്ന കേരളത്തിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥ മനോഭാവത്തിനും കൃത്യമായ നിയമനടപടികളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും തിരിച്ചടി നല്‍കാനാകും എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് അനുകൂലവിധി നേടിയ ജിജി ഫിലിപ്പ് പ്രതികരിച്ചു.
ആവശ്യമായ ഉപഭോക്തൃ നിയമങ്ങളും കേരളാ വാട്ടര്‍ അതോരിറ്റി നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പഠിച്ച് കോടതിയില്‍ നേരിട്ടു വാദിച്ചാണ് ജിജി ഫിലിപ്പ് ഈ നിര്‍ണായകവിധി നേടിയിരിക്കുന്നത് എന്നത് ഈ കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.