Image

പത്മജ കോൺഗ്രസിലേക്ക് മടങ്ങിവരുന്നുണ്ടെങ്കിൽ പാർട്ടിയോടും അണികളോടും പരസ്യമായി മാപ്പ് പറയണം: മുൻപ് പറഞ്ഞ ‘ആ രണ്ട് 'നുണകൾ’ തിരുത്തണം ; കെ.എസ്.യു

Published on 20 November, 2026
പത്മജ കോൺഗ്രസിലേക്ക് മടങ്ങിവരുന്നുണ്ടെങ്കിൽ പാർട്ടിയോടും അണികളോടും പരസ്യമായി മാപ്പ് പറയണം: മുൻപ് പറഞ്ഞ ‘ആ രണ്ട് 'നുണകൾ’ തിരുത്തണം ; കെ.എസ്.യു

പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിവരുന്നുണ്ടെങ്കിൽ പാർട്ടിയോടും അണികളോടും പരസ്യമായി മാപ്പ് പറയണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പാർട്ടി വിട്ടുപോയ സമയത്ത് ഉന്നയിച്ച ആരോപണങ്ങൾ തിരുത്തണമെന്നും, തിരിച്ചെത്തിയാൽ അവർക്ക് പ്രത്യേക പരിഗണന നൽകാതെ ബൂത്തുതലത്തിൽ പ്രവർത്തിക്കാൻ നിയോഗിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുന്ന സാഹചര്യത്തിൽ ആർക്കും പാർട്ടിയിലേക്ക് വരാം, എന്നാൽ അവർക്കായി ‘പച്ച പരവതാനി’ വിരിക്കുന്നതും ‘സെലിബ്രേറ്റഡ് പ്രിവിലേജുകൾ’ നൽകുന്നതുമാണ് പ്രശ്നമെന്ന് അലോഷ്യസ് സേവ്യർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട സാധാരണക്കാരായ പ്രവർത്തകർക്കാണ് എല്ലാ മേഖലകളിലും മുൻഗണന ലഭിക്കേണ്ടത്.

കോൺഗ്രസ് ഏറ്റവും പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് പാർട്ടിയുടെ മതേതര സ്വഭാവത്തെ തള്ളിപ്പറഞ്ഞ് പത്മജ ബിജെപിയിലേക്ക് പോയതെന്ന് കുറിപ്പിൽ പറയുന്നു. കെ. കരുണാകരൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ബിജെപിയിൽ പോകുമായിരുന്നു എന്നതും, കോൺഗ്രസിലായിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പോലും ഭയമായിരുന്നുവെന്നും ബിജെപിയിൽ എത്തിയപ്പോഴാണ് ആ പേടി മാറിയതെന്നുമുള്ള രണ്ട് നുണകൾ അവർ തിരിച്ചുവരുന്നതിന് മുൻപ് തിരുത്തേണ്ടതുണ്ടെന്ന് അലോഷ്യസ് വ്യക്തമാക്കി.

പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് തിരികെ വന്നാലും അധികാരത്തിന്റെ തണലല്ല, മറിച്ച് ബൂത്ത് തലം മുതലുള്ള പടിപടിയായുള്ള പ്രവർത്തനമാണ് അവർക്ക് നൽകേണ്ടത്. പത്മജയ്ക്ക് പിന്നാലെ പദ്മിനി തോമസും കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന വാർത്തകളോടും അലോഷ്യസ് പ്രതികരിച്ചു. അവസരവാദത്തിനും അധികാരക്കൊതിക്കും വേണ്ടി പാളയം മാറുന്നവർക്കുവേണ്ടിയല്ല ലക്ഷക്കണക്കിന് പ്രവർത്തകർ തെരുവിൽ പോരാടിയതെന്നും, ‘പത്മജ-പദ്മിനിമാർ ബൂത്തുകളിൽ പ്രവർത്തിക്കട്ടെ’ എന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു

 'ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇപ്പോഴും'; പത്മജയ്ക്കെതിരെ ബിജെപി വക്താവ് യുവരാജ് ഗോകുല്‍

കൊച്ചി: പത്മജ വേണുഗോപാല്‍ ബിജെപി വിട്ടതില്‍ ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിനെ തള്ളി വക്താവ് യുവരാജ് ഗോകുല്‍ രംഗത്ത്. പത്മജ മൊത്തം പാര്‍ട്ടിയേയും കുറ്റം പറഞ്ഞാണ് പുറത്ത് പോകുന്നതെന്ന് യുവരാജ് ചൂണ്ടിക്കാട്ടി. ആശയം ശരിയല്ല, ഐഡിയോളജി ശരിയല്ല, എന്നൊക്കെയാണ് പറയുന്നത്. ആത്മാഭിമാനം എന്നൊന്നുള്ളത് കൊണ്ട് അത് കേട്ട് നില്‍ക്കാനാവില്ല. ആയമ്മ ഇങ്ങോട്ട് വരുമ്പോള്‍ ഉള്ള പാര്‍ട്ടി തന്നെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായൊന്നും ഐഡിയോളജിയില്‍ എഴുതി ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഐഡിയോളജി ഉയര്‍ത്തി പിടിച്ച് തന്നെയാണ് കഴിഞ്ഞ 12 കൊല്ലമായി കേന്ദ്രം ഭരിക്കുന്നത്. ഈ ഐഡിയോളജി ഉയര്‍ത്തി തന്നെയാണ് നാല്‍പ്പത് ലക്ഷത്തോളം വോട്ടും ഒരു എംപിയും 11 നിയോജകമണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും കേരളത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി എത്തിയത്. കേരളത്തിന്റെ തലസ്ഥാന കോര്‍പ്പറേഷനില്‍ ഭരണം നേടിയതും മൂന്ന് എംഎല്‍എമാരെ ജയിപ്പിച്ചതും ഇതേ ഐഡിയോളജി ഉയര്‍ത്തിയാണ്. മാവോയിസ്റ്റ് തീവ്രവാദത്തെ കുടിയൊഴിപ്പിച്ചു, കശ്മീരിലെ കല്ലേറ് നിര്‍ത്തിച്ചു, തീവ്രവാദികളെ ഹൂറികളുടെ അടുത്തെത്തിച്ചു, ഒരു ദശകത്തിനിടയില്‍ മനുഷ്യ ചരിത്രം ഇന്നേവരെ കാണാത്ത തരത്തില്‍ ദാരിദ്ര്യം തുടച്ച് നീക്കി എന്നിങ്ങനെയാണ് യുരാജ് പത്മജയ്ക്ക് നല്‍കുന്ന മറുപടി. അങ്ങുന്ന് ഇങ്ങോട്ട് വന്നപ്പോഴുള്ള അതേ ഐഡിയോളജി തന്നെയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനമാണ് പത്മജക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയതെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പ്രതികരണം. അര്‍ഹിക്കുന്ന അംഗീകാരവും ചുമതലയും നല്‍കി. ഇനിയും നല്‍കാന്‍ തയ്യാറായിരുന്നു. രാജിക്കത്തില്‍ പാര്‍ട്ടിയോടുള്ള വിയോജിപ്പിനെകുറിച്ച് പറയുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍ എന്നാണ് പരാമര്‍ശം. വ്യക്തിപരമായ കാരണങ്ങള്‍ എന്ന് പറഞ്ഞ സാഹചര്യത്തില്‍ രാജി സ്വീകരിക്കുക അല്ലാതെ വേറെ വഴിയില്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി. പത്മജ ഏതെങ്കിലും സ്ഥാനത്തിനായി സമ്മര്‍ദ്ദം ചെലുത്തുകയോ വിലപേശുകയോ ചെയ്തിട്ടില്ല. ബിജെപി ആശയങ്ങളുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന പത്മജയുടെ പ്രതികരണത്തില്‍ അത്തരത്തില്‍ ഒരു പരാമര്‍ശം രാജിക്കത്തില്‍ ഇല്ല എന്നായിരുന്നു സുരേഷ് പറഞ്ഞത്. മാധ്യമങ്ങള്‍ പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ആശയപരമായി വിയോജിപ്പുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് വന്ന നേതാക്കള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം വരെ ബിജെപി നല്‍കിയിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തിരുന്നു.

 പത്മജയ്ക്ക് പിന്നാലെ പത്മിനിയും; നേതാക്കള്‍ കൂട്ടത്തോടെ ബിജെപി വിടുന്നു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപി വിട്ടതിന്റെ പിന്നാലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസും ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി.

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പത്മിനി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാളയം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സ്പോര്‍ട്സിനോടുള്ള താല്‍പര്യം കണ്ടിട്ടാണ് ബിജെപിയിലേക്ക് പോയതെന്നും എന്നാല്‍ കേരളത്തിലടക്കം ഈ മേഖലയില്‍ ഒന്നും ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും പ ത്മിനി തോമസ് പറയുന്നു. വിളിച്ചപ്പോഴുള്ള ആവേശം പിന്നീട് ബിജെപി കാണിച്ചില്ലെന്നും പത്മിനി തോമസ് വ്യക്തമാക്കി.

'എന്തെങ്കിലും പദവി ചോദിച്ചല്ല ബിജെപിയില്‍ പോയത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പരിഗണിച്ചില്ല, പത്മിനി പറയുന്നു. തന്റെ കുടുംബം കോണ്‍ഗ്രസ് ആണ്. അതിലൂടെയാണ് എന്നെ ആളുകള്‍ അറിഞ്ഞത്.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ മുരളീധരനുമൊക്കെ സഹായിച്ചാണ് പലകാര്യങ്ങളും ചെയ്തുതന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റുമായി ചെറിയ പ്രശ്നം ഉണ്ടായി. അത് പരിഹരിച്ചില്ല. അന്ന് എടുത്തുചാടിയാണ് ബിജെപിയിലേക്ക് പോയത്. ഇപ്പോള്‍ പശ്ചാത്താപം ഉണ്ട്. തിരിച്ചുവരികയാണെങ്കില്‍ അത് കോണ്‍ഗ്രസിലേക്ക് മാത്രമായിരിക്കും എന്നും പത്മിനി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു രണ്ടരവര്‍ഷത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് പത്മജ വേണുഗോപാല്‍ രാജീവ് ചന്ദ്രശേഖറിനെ രാജി അറിയിച്ചത്. ഇമെയില്‍ വഴിയായിരുന്നു രാജിക്കൈമാറ്റം. എടുത്തുചാട്ടമായിരുന്നു ബിജെപി പ്രവേശനം എന്നും ഇപ്പോള്‍ തിരുത്തുന്നുവെന്നുമായിരുന്നു നീക്കത്തില്‍ പത്മജ പ്രതികരിച്ചത്. എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും ബിജെപി വിട്ടു പുറത്തുവരണമെന്ന അഭിപ്രായവും അവര്‍ പ്രകടിപ്പിച്ചിരുന്നു.

നേരത്തെ നടന്‍ ദേവന്‍ ബിജെപി വിട്ടിരുന്നു. ബിജെപിയുടെ ആശയങ്ങളോടു യോജിക്കാനാവില്ലെന്നതടക്കം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയായിരുന്നു ദേവന്റെ പടിയിറക്കം. ബിജെപിയിലേക്കു ചേക്കേറിയ നേതാക്കള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറത്തേക്കു പോകുന്നത് ബിജെപിക്കു കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Join WhatsApp News
Jayan varghese 2026-11-20 17:51:12
അധികാരത്തിന്റെ അമ്മത്തൊട്ടിലിൽ ആടിയിട്ടു വേണോ അവശനെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയക്കാരേ ? നിഷ്ക്കാമ കർമ്മം എന്നൊരു വാക്കിനെ ഇത്രമേൽ മറന്നുപോയോ നിങ്ങൾ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക