
ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലെ ‘ഷെല്ലി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് (56) അന്തരിച്ചു. അമേരിക്കയിലെ കാലിഫോർണിയയിൽ വച്ചായിരുന്നു അന്ത്യം. കവിയൂർ മുണ്ട്യേപ്പള്ളി തേരാട്ട് ടി.വി.വർഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. നാലു വർഷമായി കുടുംബസമേതം കാലിഫോർണിയയിലാണ് താമസം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗീസ് കലാരംഗത്തേക്ക് എത്തിയത്. പിന്നീട് സിനിമയിൽ സജീവമായി. ജോണി വാക്കർ കൂടാതെ സോളമന്റെ മണവാട്ടി സോഫിയ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളിലും വേഷമിട്ട റോബിൻ വർഗീസ് സിനിമയിലും മിമിക്രിയിലും ഒരുപോലെ സാന്നിധ്യമറിയിച്ച കലാകാരനായിരുന്നു.
ഏതാനും കന്നഡ ചിത്രങ്ങളിലും ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ജോസി. മക്കൾ: എമി, എർലിൻ.