Image

ട്രാക്ടര്‍-ട്രെയിലര്‍ മോഷണം: ബ്രാംപ്ടണില്‍ നാല് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

Published on 20 November, 2026
ട്രാക്ടര്‍-ട്രെയിലര്‍ മോഷണം: ബ്രാംപ്ടണില്‍ നാല് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

ടൊറന്റോ: ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ (GTA) നിന്നും 3.6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 37 ട്രാക്ടര്‍-ട്രെയിലറുകള്‍ മോഷ്ടിക്കുകയും കടത്തുകയും ചെയ്ത കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജരായ മധുസൂദന്‍ അഥ്വാള്‍ (35), ശരണ്‍ദീപ് അഥ്വാള്‍ (41), ഗുര്‍ലാല്‍ സിങ് (30), അമൃത്‌ഷെര്‍ സിങ് (28) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ ഗുര്‍ലാല്‍ സിങ് (35), പ്രീതം രത്തന്‍ (32) എന്നിവരെ തിരയുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സെമി-ട്രാക്ടറുകളും ട്രെയിലറുകളും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടിത മോഷണ-കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷിക്കാന്‍ ഓഗസ്റ്റില്‍ യോര്‍ക്ക് റീജണല്‍ പോലീസ് ആരംഭിച്ച പ്രൊജക്ട് നാഷ്വില്ലെ (Project Nashville) എന്ന പ്രത്യേക അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

മോഷ്ടിച്ച വാഹനങ്ങള്‍ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെയും വടക്കേ അമേരിക്കയിലെ മറ്റ് ഭാഗങ്ങളിലെയും ഗതാഗത കമ്പനികള്‍ക്ക് കൈമാറുന്ന ആറംഗ സംഘത്തെയാണ് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഒക്ടോബറില്‍ ബ്രാംപ്ടണിലെ ഒരു ട്രക്കിംഗ് യാര്‍ഡില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടിക്കപ്പെട്ട 17 ട്രാക്ടറുകളും 20 ട്രെയിലറുകളും കണ്ടെടുത്തു. ഇവയില്‍ പലതിന്റെയും വാഹന തിരിച്ചറിയല്‍ നമ്പറുകള്‍ (VIN) തിരുത്തുകയും പുതിയ സ്റ്റിക്കറുകളും ലോഗോകളും പതിപ്പിച്ച് രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.

പിന്നീട് ബ്രാംപ്ടണിലെ മൂന്ന് വീടുകളില്‍ നടത്തിയ പരിശോധനയിലാണ് നാലുപേര്‍ അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ആകെ 60 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗുര്‍ലാല്‍ സിങ് (35), പ്രീതം രത്തന്‍ (32) എന്നിവര്‍ക്കെതിരെ ആകെ 34 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അതേസമയം, സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക