
ചൈനയിലെ ഷെൻസെന്നിൽ വച്ചു നടന്ന ഉച്ചകോടിയിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ ശത്രുവെന്നു കരുതിയ ചൈനീസ് പ്രധാനമന്ത്രി സീ ജിൻപിങ് കെട്ടിപിടിച്ച് ആശ്ലേഷിച്ചു. അതിലുപരി, അന്യോന്യം ചാമ്പലാക്കാൻ അണുവായുധ പോർമുന കൊളുത്തി വച്ചിരിക്കുന്ന ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ ചേർന്ന് നിന്നു ചിരിച്ചു കൊണ്ടു ഫോട്ടോ എടുത്തു. തമ്മിലുള്ള വൈരം ഐസ് പോലെ ഉരുകിപ്പോയി! യുക്രെയിൻ യുദ്ധത്തിന്റെയും ഇറാൻ യുദ്ധത്തിന്റെയും നിണമണിഞ്ഞ പാടത്തിനക്കരെ സമാധാനത്തിന്റെ പൊൻകതിരുകൾ കണ്ടു ദീർഘനിശ്വാസമണിഞ്ഞു ലോകം ആശ്വസിച്ചു. എന്നിട്ടും നമ്മുടെയിടയിൽ ചിലർക്കൊന്നും നേരം വെളുത്തില്ല.
അന്ത്യോഖ്യൻ പാത്രിയർക്കീസ് കേരളത്തിൽ വന്നു മടങ്ങി. അദ്ദേഹം ഒടുവിൽ മണർകാട് പള്ളിയിൽ പ്രസംഗിച്ചപ്പോൾ ഇംഗ്ലീഷിൽ വ്യക്തമായി ഒരു കാര്യം ഓർത്തഡോക്‌സ് സഭക്കാരോടു പറഞ്ഞു. "നമുക്കു യോജിക്കാം. നമുക്കൊന്നായി ഐക്യപ്പെട്ട് ഒരു സഭയായി മുൻപോട്ടു പോകാം. ഞാൻ തയ്യാർ. എന്റെ സ്വപ്നവും അത് തന്നെയാണ്. എങ്കിലും അത് പൂർണ്ണമായി തീരുമാനിക്കാൻ ഇവിടത്തെ നമ്മുടെ പ്രതിനിധികളോട് പറയുന്നു. അവരുടെ തീരുമാനം ഞാൻ അംഗീകരിക്കും."
മറുപടിയായിട്ടല്ലെങ്കിലും ഓർത്തഡോക്‌സ് പക്ഷത്തിന്റെ ബാവ പറഞ്ഞത്, "സമാധാന ശ്രമങ്ങൾക്കു സ്വാഗതം. ദേവലോകം അരമനയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു" എന്നാണ്. എന്നാൽ ഓർത്തഡോക്‌സിലെ തന്നെ കോട്ടയം ഭദ്രാസനാധിപൻ ദിയസ്കോറോസ് പറഞ്ഞത്, "ലഡ്ഡു കൊണ്ടെറിഞ്ഞാലും ഏറ് ഏറു തന്നെയാണ്. വേദനിക്കും" എന്നാണ്. ശേഷം പ്രസംഗിച്ച ശ്രേഷ്‌ഠ ബാവ പറഞ്ഞത്, "നമുക്ക് രണ്ടു സഭയായി 'ഡിഗ്നിഫൈഡ്' ആയി പിരിഞ്ഞു പോകാം" എന്നാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഒരു സഭയായി യോജിക്കുന്ന ഒരു സ്വരം ഇല്ലായിരുന്നു. ആ പ്രസംഗം മലയാളത്തിൽ ആയിരുന്നതുകൊണ്ട് പാത്രിയർക്കീസിന് അത് മനസ്സിലായില്ലല്ലോ എന്ന ആശ്വാസം അവിടെയിരുന്ന പല തിരുമേനിമാരുടെയും മുഖത്ത് പ്രകടമായിരുന്നു. പാത്രിയർക്കീസ് പറഞ്ഞ വാക്കുകൾക്ക് ആത്മാർത്ഥതയുണ്ടായിരുന്നോ? കോട്ടയത്തെ ദേവലോകത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു എന്നു പറഞ്ഞത് വെറുതെ പറഞ്ഞതായിരുന്നോ? ഏതാനും ദിവസങ്ങൾ മുൻപ് മാത്രമാണ് പാത്രിയർക്കീസിനെ മുൻപിൽ ഇരുത്തിക്കൊണ്ട് കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രി വി. ഡി. സതീശൻ ഈ സഭ ഒന്നാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പറഞ്ഞത്. “ഒന്നായാൽ നിങ്ങൾ എത്ര ശക്തിയുള്ളവരായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ” എന്നദ്ദേഹം ചോദിച്ചു. ഐക്യത്തിനുവേണ്ടി എന്തും ചെയ്യാൻ സർക്കാർ കൂടെയുണ്ടാകും എന്നദ്ദേഹം ഉറപ്പു നൽകുകയും ചെയ്‌തു. പക്ഷേ, നേതൃത്വത്തിലുള്ളവർക്ക് ഒന്നാകേണ്ട. വിഘടിച്ചു രണ്ടു വിഭാഗങ്ങളായി നിലകൊള്ളണം. എന്താണ് അതിനു പിന്നിലുള്ള പ്രേരിത ഘടകം?
ഒരു വിശ്വാസം, ഒരേ ആരാധന, എത്രയോ നൂറ്റാണ്ടുകളുടെ ഒരേ പാരമ്പര്യം. എന്നിട്ടും എന്തേ ഒരു സഭയായി മുൻപോട്ടു പോകാൻ കഴിയാത്തത്? ഈ വൈരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏതാണ്ട് നൂറു വർഷത്തെ പഴക്കമുണ്ട്. എന്നാൽ കാലം മാറി. കഥയും മാറി. സംസ്കാരവും വളരെ മാറി. ഇന്ന് ജനങ്ങൾക്ക് കൂടുതൽ വിവരം വെച്ചു. അവർ വിദ്യാഭ്യാസം നേടി. അപ്പോൾ ഇതൊക്കെ വെറും ബിസിനസ് മാത്രമാണെന്നവർ തിരിച്ചറിഞ്ഞു. ജാഥ നയിക്കുന്നതിനും പ്രതിഷേധ റാലി സംഘടിപ്പിക്കുന്നതിനും മറ്റും മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിനാളുകളെ ഏകോപിപ്പിക്കാൻ കഴിയുമായിരുന്ന പാത്രിയർക്കീസ് വിഭാഗം ഇന്ന് ആളുകളെ കിട്ടാതെ വലയുകയാണ്. കാതോലിക്കോസ് വിഭാഗത്തിന് പണ്ടേ ഇങ്ങനെയുള്ള കലാപരിപാടികൾക്ക് ആഹ്വാനം ചെയ്‌താൽ അധികമാരും വരാറില്ലായിരുന്നു.
എന്തുകൊണ്ടാണ് രണ്ടു വിഭാഗങ്ങളും ഐക്യപ്പെടാൻ നേതൃത്വത്തിലിനുള്ള തിരുമേനിമാർ തയ്യാറാകാത്തത്? രണ്ടു വിഭാഗങ്ങളിലുമായി ഏതാണ്ട് അറുപതിൽ പരം മെത്രാപ്പോലീത്തന്മാരുണ്ട്. ഒന്നായാൽ ഇതിൽ പകുതി പേരുടെ പണി പോകും എന്നാണിവരുടെ ഭയം. ഇവരൊക്കെ പ്രസംഗിക്കുമ്പോൾ ക്രിസ്‌തു സ്നേഹവും ത്യാഗവും സഹിഷ്ണതയും നിങ്ങൾ പാലിക്കണമെന്നാണ് ആഹ്വാനം ചെയ്യുന്നത്. നിങ്ങൾക്കുള്ളതൊക്കെ പാവങ്ങൾക്ക് കൊടുക്കുക, അധികാരവും സമ്പത്തും ഒരിക്കലും ശ്വാശ്വതമല്ല, ഇത് വെറും ഒരു വഴിയമ്പലം മാത്രമാണ്, നിങ്ങൾ സ്ഥിരമായുള്ള സ്വർഗ്ഗത്തിനുവേണ്ടി സമ്പാദിക്കുക, സഹോദരനോട് ക്ഷമിച്ചിട്ടു മാത്രമേ ബലി അർപ്പിക്കാവൂ, എന്നൊക്കെയുള്ള ഗീർവാണങ്ങൾ അടിക്കുമ്പോഴും സുപ്രീം കോടതി വരെ മുന്തിയ വക്കീലന്മാരെ കോടിക്കണക്കിനു രൂപ ചെലവാക്കി ആരാധനാലയങ്ങളിൽ നിൽക്കുന്ന മറു പക്ഷക്കാരെ പുറത്താക്കുവാൻ ഇരു വിഭാഗങ്ങളും നെട്ടോട്ടം ഓടുകയാണ്. ആത്മാർത്ഥതയോ ലേശമെങ്കിലും ആത്മീയതയോ ഉണ്ടെങ്കിൽ ഇവരോട് ഒരു ചോദ്യം.
സഭയുടെ ഐക്യത്തിന് വേണ്ടി ഞാൻ സ്ഥാനത്യാഗം ചെയ്യാൻ തയ്യാറാണ് എന്നു പറയാൻ ധൈര്യമുള്ള, അല്ല, ഹൃദയ വിശാലതയുള്ള എത്ര പേർ ഇക്കൂട്ടത്തിലുണ്ട്? എന്നാൽ ഒരു നിർദ്ദേശം വയ്ക്കട്ടെ. 70 വയസ്സിനു മുകളിലുള്ള മെത്രാപ്പോലീത്തന്മാർ സ്ഥാനം ഒഴിഞ്ഞു മറ്റു ചുമതലകളിലേക്കു മാറാൻ തയാറാകുമോ? രണ്ടു വിഭാഗങ്ങളിലുമായി 21 മെത്രാപ്പോലീത്തന്മാർ ഈ വിഭാഗത്തിൽ പെടും. ഓർത്തഡോക്‌സ് വിഭാഗത്തിന് കേരളത്തിൽ 20 ഭദ്രാസനങ്ങളും കേരളത്തിനു വെളിയിൽ ഇന്ത്യയിൽ 7 ഭദ്രാസനങ്ങളും ഇന്ത്യയ്ക്ക് വെളിയിൽ 5 ഭദ്രാസനങ്ങളും ഉൾപ്പെടെ ആകെ 32 ഭദ്രാസനങ്ങളും നിലവിൽ 29 മെത്രാപ്പോലീത്തന്മാരും ബാവയും ഉൾപ്പെടെ 30 പേരാണുള്ളത്. എന്നാൽ, പാത്രിയർക്കീസ് വിഭാഗത്തിന് കേരളത്തിൽ പന്ത്രണ്ടും കേരളത്തിനു വെളിയിൽ അഞ്ചും ഭദ്രാസനങ്ങളും ഇന്ത്യയ്ക്ക് വെളിയിലുള്ള മറ്റു ഭദ്രാസങ്ങളും മിഷനുകളും സിംഹാസന പള്ളികളുടെ ചുമതലയും പാത്രിയർക്കീസിന്റെ നേരിട്ടുള്ള ഭരണത്തിലും ആണെങ്കിലും ആകെ 33 മെത്രാപ്പോലീത്തന്മാരുമുണ്ട്. ഈ അറുപതിൽ പരം പേരിൽ സ്വന്തമായി 'പ്രസ്ഥാനങ്ങൾ' ഇല്ലാത്തവരും പേഴ്‌സണൽ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും വളരെ ചുരുക്കമാണ്.
സഭയുടെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് വിശ്വാസികളെ ആഹ്വാനം ചെയ്യുമ്പോഴും സാഹചര്യമനുസരിച്ച് അതിൽ വെള്ളം ചേർക്കാൻ യാതൊരു മടിയുമില്ല. ഓർത്തഡോക്‌സ് സഭയിൽ പുരോഹിതന്മാർക്ക് 65 വയസ്സ് (നിരണം ഭദ്രാസനത്തിൽ മാത്രം 70 വയസ്സ്) റിട്ടയർമെന്റ് പ്രായമാണ്. അമേരിക്കൻ ഭദ്രാസനത്തിൽ ഇത് ബാധകമല്ല. എന്നാൽ തിരുമേനിമാർക്ക് റിട്ടയർമെന്റ് ഇല്ല. ഓർത്തഡോക്സ് സഭയിൽ ശനിയാഴ്ച്ച വിവാഹ ശുശ്രൂഷ നിഷിദ്ധമാണ്. അതിനു പറയുന്ന ന്യായമാണ് ഏറ്റവും രസകരം. ശനിയാഴ്ച്ച വിവാഹം നടന്നാൽ വധൂവരന്മാർ അന്നു രാത്രി ആദ്യരാത്രി ‘ആഘോഷിച്ചിട്ട്’ അശുദ്ധമായി പിറ്റേദിവസം ഞായറാഴ്ച്ച വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമത്രേ! ഇതിൽ പരം വിവരക്കേട് വിളമ്പാനുണ്ടോ? കാരണം, പുരോഹിതന്മാർക്ക് വിവാഹം അനുവദിച്ചിരിക്കുന്ന സഭയാണ് രണ്ടു വിഭാഗങ്ങളും. കുർബാന അർപ്പിക്കുന്ന പുരോഹിതൻ ഭാര്യയുടെ കൂടെ കിടന്നുറങ്ങുന്നതിൽ ആരും ഒരശുദ്ധവും കാണുന്നില്ല. പക്ഷേ, വിവാഹം കഴിഞ്ഞു ആദ്യമായി ഒന്നിച്ചു കിടന്നാൽ അത് വലിയ പാപമാണ്! എന്നാൽ അമേരിക്കൻ ഭദ്രാസനത്തിൽ ഈ നിയമം ബാധകമല്ല! അവിടെ നടക്കുന്ന 90% വിവാഹങ്ങളും ശനിയാഴ്ച്ചയാണ് നടക്കുന്നത്. ഇതൊക്കെ പണ്ടേ മാറ്റേണ്ട ചട്ടങ്ങളാണെന്ന് എന്തേ ഇവർക്കു മാത്രം മനസ്സിലാകുന്നില്ല! കാലഹരണപ്പെട്ട ന്യായീകരണമില്ലാത്ത മാമൂലുകളെയും കെട്ടിപ്പിടിച്ചു യാഥാസ്ഥിതികത തങ്ങളുടെ മുഖമുദ്രയാണെന്നു വീമ്പിളക്കാതെ കാലത്തിനൊത്തു നീങ്ങാൻ ഇനി എന്നാണോ ഇവരിൽ വെളിച്ചമുദിക്കുക!
ലോകം മാറി. ഇന്നത്തെ യുവ തലമുറ, അത് ജെൻ-സി ആയാലും അൽഫ ആയാലും, അവർക്കൊന്നും ഈ സഭാകാര്യങ്ങളിൽ യാതൊരു താത്പര്യവുമില്ല. മതങ്ങളും ദേവാലയങ്ങളും എല്ലാം ആരുടെയോ ബിസിനസിന് വേണ്ടിയുള്ള ഇൻവെസ്റ്റ്മെന്റ് മാത്രമാണെന്നവർ തിരിച്ചറിയുന്നു. ദേവാലയങ്ങളിൽ ഇന്ന് യുവതലമുറയുടെ സാന്നിധ്യം തീരെ കുറഞ്ഞിരിക്കുന്നു. അവരെ അങ്ങനെ ഒരു മനോനിലയിൽ എത്തിക്കാൻ ഈ മെത്രാപ്പോലീത്തന്മാരുടെ ധൂർത്തും ആഢംബരവും ഒരു പരിധി വരെ കാരണമായിട്ടുണ്ട്.
അന്ത്യോഖ്യൻ പാത്രിയർക്കീസിന് പണ്ടത്തെ പ്രശസ്‌തിയോ ആസ്ഥാനമോ ജന പ്രാതിനിധ്യമോ ഇന്ന് സിറിയയിൽ ഇല്ല. ഇസ്‌ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ ജീവനും കൊണ്ടോടി ലബനോനിലും പിന്നെ ജർമ്മനിയിലും പിന്നെ അമേരിക്കയിലും എല്ലാം അഭയം തേടിയപ്പോളെങ്കിലും ചിന്തിക്കണം. ഈ വൈരാഗ്യം വച്ചുപുലർത്തി അണികളെ തമ്മിലടിപ്പിക്കുന്നതു കൊണ്ട് ആരും ഒന്നും നേടുന്നില്ല എന്ന സത്യം. ഈ അനുഭവം നാളെ കേരളത്തിലും സംഭവിച്ചു കൂടാ എന്നില്ല. ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കായും പാത്രിയർക്കീസും ഒന്നിച്ചിരുന്നു വിട്ടുവീഴ്ച്ചകളോടെ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. രണ്ടു വിഭാഗങ്ങളിലും ഒരു കാരണവശാലും ഇവർ ഒന്നിക്കാതിരിക്കാൻ കഠിന ശ്രമം ചെയ്യുന്ന വളരെപ്പേർ ഉണ്ട്. ഇവർക്കൊക്കെ അവരുടേതായ പ്രത്യേക അജണ്ടകളുണ്ട്. അവരെ അവഗണിക്കുക. രണ്ടു വിഭാഗത്തിലെയും ബഹുഭൂരിപക്ഷം ജനങ്ങളും ഇവർ യോജിച്ച് ഒരു സഭയായി പോകണമെന്നാഗ്രഹിക്കുന്നവർ ആണ്. അവരെ നിരാശപ്പെടുത്തരുത്.
സുപ്രീം കോടതി വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണെന്ന സത്യം മനസ്സിലാക്കുമ്പോഴും പേർഷ്യൻ പാരമ്പര്യവും അവരുടെ ആരാധനാ ക്രമങ്ങളും വേഷവിധാനങ്ങളും അനുകരിക്കുന്നവരാണ് തങ്ങൾ എന്ന സത്യവും മറക്കാവുന്നതല്ല. വെറും 50 വർഷങ്ങൾക്കു മുൻപ് 80 ലക്ഷം ഓർത്തഡോക്‌സ് വിശ്വാസികളുണ്ടായിരുന്ന സിറിയയിൽ ഇന്ന് വെറും ഒന്നര ലക്ഷത്തിൽ താഴെ മാത്രമേ ഉള്ളൂ. എന്തിന്, കേരളത്തിൽ നിന്ന് പോകുന്ന യുവജനങ്ങൾ വിദേശ രാജ്യങ്ങളിൽ ചെല്ലുമ്പോൾ അവർ ഓർത്തഡോക്‌സാണോ പാത്രിയർക്കീസാണോ എന്നൊന്നും ചിന്തിക്കുന്നതേയില്ല. ജീവിത യാഥാർഥ്യമാണ് വിശ്വാസത്തെക്കാൾ ഉപരി എന്ന നഗ്ന സത്യം അവർ തിരിച്ചറിയുന്നു. മുൻപോട്ട്, ക്രിസ്‌തീയ സഭകളുടെ ശുഷ്‌കിച്ച കാലമാണ് വരിക. ആ സത്യം തിരിച്ചറിഞ്ഞു യാഥാർഥ്യ ബോധത്തോടെ അഹന്ത വെടിഞ്ഞു ഐക്യത്തിന്റെ പാതയിൽ നീങ്ങിയാൽ നൂറ്റാണ്ടുകൾക്കു ശേഷവും നിങ്ങൾ ഓർമ്മിക്കപ്പെടും. മറിച്ചായാൽ ഇളം തലമുറകളിൽ കൂടി കാലം കണക്കു ചോദിക്കും. നിങ്ങൾ വിസ്‌മരിക്കപ്പെടും, തീർച്ച!
Read More: https://www.emalayalee.com/writer/170