Image

എഴുത്തുകാരൻ രവി ഹഞ്ച് കൊച്ചിയിൽ അറസ്റ്റിൽ; ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

Published on 21 November, 2026
എഴുത്തുകാരൻ രവി ഹഞ്ച് കൊച്ചിയിൽ അറസ്റ്റിൽ; ചോദ്യം ചെയ്യലിന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

കൊച്ചി: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെ അപമാനിച്ചെന്ന വിവാദത്തിൽ എഴുത്തുകാരൻ രവി ഹഞ്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി. രാജ്യം വിടുന്നത് തടയുന്നതിനും അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുമായി പോലീസ് നേരത്തെ ഹഞ്ചിനെതിരെ  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനായി രവിയെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.

അമേരിക്കയിൽ താമസിക്കുന്ന രവി ഹഞ്ച് രചിച്ച്, വലതുപക്ഷ മാധ്യമപ്രവർത്തകനായി അറിയപ്പെടുന്ന വിശ്വേശ്വർ ഭട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ കോപ്പികൾ കണ്ടുകെട്ടാനും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതിനു പിന്നാലെ, മുഖ്യമന്ത്രി ഡികെ ശിവകുമാർ പുസ്തകത്തെ 'ദ്രോഹബുദ്ധി' നിറഞ്ഞത് എന്ന് വിശേഷിപ്പിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്തു.

ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പുസ്തകത്തിൽ ബസവണ്ണയ്ക്കെതിരെ രവി ഹഞ്ച് നടത്തിയിട്ടുള്ള അപകീർത്തികരമായ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കർണാടകയുടെ സാംസ്കാരിക ബിംബമായ അദ്ദേഹത്തെ അപമാനിക്കുന്നത് സർക്കാർ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾക്ക് ശേഷം രചയിതാവിനും പ്രസാധകനായ വിശ്വേശ്വർ ഭട്ടിനും മറ്റുള്ളവർക്കുമെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു 

രവി ഹഞ്ച് എഴുതിയ ' ബസവ മണ്ഡപ ' എന്ന പുസ്തകത്തിലും ഒരു അഭിമുഖത്തിലും ബസവണ്ണയെയും അദ്ദേഹത്തിന്റെ ജീവിതരീതികളെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. ബസവ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈ ഗ്രൗണ്ട്സ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.  

ബസവണ്ണയുടെ അനുയായികളുടെ മതവികാരം വ്രണപ്പെടുത്തുകയും സാമൂഹിക സമാധാനം തകർക്കുകയും ചെയ്യുന്നതാണ് പുസ്തകത്തിലെ  പരാമർശങ്ങളെന്ന് പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക