
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ 24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദിനെ ആദരിച്ചു.
ഫിലഡൽഫിയ നഗരസഭയുടെ പ്രത്യേക 'സിറ്റി ഓഫ് ഫിലഡൽഫിയ സൈറ്റേഷൻ' ചടങ്ങിൽ സമ്മാനിച്ചു. ലിസ് തോമസ് അദ്ദേഹത്തിനുവേണ്ടി സൈറ്റേഷൻ സമർപ്പിച്ചു. തുടർന്ന് പൊന്നാട അണിയിച്ച് കേരളപ്പിറവി ആഘോഷ കമ്മിറ്റി ചെയർമാൻ തോമസ് പോൾ അദ്ദേഹത്തെ ആദരിച്ചു.
കേരളപ്പിറവി സന്ദേശത്തിൽ വി. അരവിന്ദ് കേരളത്തിന്റെ സാമൂഹിക പുരോഗതി, വിദ്യാഭ്യാസ നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം, പ്രവാസി മലയാളികളുടെ സംഭാവനകൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ മൂല്യങ്ങളും ഭാഷയും സംസ്കാരവും വരുംതലമുറകളിലേക്ക് കൈമാറേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മലയാള മാധ്യമരംഗത്ത് പരമ്പരാഗത വാർത്താ പ്രവർത്തനത്തിലും ഡിജിറ്റൽ മാധ്യമപ്രവർത്തനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമപ്രവർത്തകനാണ് അരവിന്ദ് വി. നിലവിൽ ന്യൂസ് ചാനൽ 24-ൽ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹം, 2018 മുതൽ ചാനലിന്റെ എഡിറ്റോറിയൽ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നു. സീനിയർ ന്യൂസ് എഡിറ്റർ എന്ന നിലയിൽ ആരംഭിച്ച ഔദ്യോഗിക വളർച്ചയിലൂടെയാണ് അദ്ദേഹം നിലവിലെ പദവിയിലെത്തിയത്.
വാർത്താ വിഭാഗത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അരവിന്ദ് വി, ടോട്ടൽ ഡെസ്ക് ഇൻചാർജ്, ചാനൽ ബാൻഡ് ഹെഡ്, ഇൻപുട്ട് ചീഫ്, ഔട്ട്പുട്ട് ഹെഡ് തുടങ്ങിയ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദേശ ബ്യൂറോകൾ ഉൾപ്പെടെയുള്ള ചാനലിന്റെ ബ്യൂറോ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും നിർവഹിച്ചിട്ടുണ്ട്. വാർത്തകളുടെ ശേഖരണം മുതൽ അവതരണം വരെയുള്ള വിവിധ ഘട്ടങ്ങളിൽ അദ്ദേഹത്തിനുള്ള അനുഭവസമ്പത്ത് ശ്രദ്ധേയമാണ്. ന്യൂസ് ചാനൽ 24-ലെ '100 ന്യൂസ്' എന്ന വാർത്താ വിഭാഗത്തിന്റെ രൂപകൽപ്പനയിലും അദ്ദേഹം പങ്കുവഹിച്ചു.
ഡിജിറ്റൽ മാധ്യമരംഗത്തെ മാറ്റങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിച്ച മാധ്യമപ്രവർത്തകൻ കൂടിയാണ് അരവിന്ദ്. ന്യൂസ് ചാനൽ 24-ന്റെ ഡിജിറ്റൽ വിഭാഗം മേധാവിയായി പ്രവർത്തിച്ച അദ്ദേഹം, ചാനലിന്റെ ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മലയാളത്തിലെ ആദ്യ വെബ് പോർട്ടലായി അറിയപ്പെടുന്ന 'കേരള ഓൺലൈൻ' സംരംഭത്തിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര വാർത്താ പോർട്ടലായ ഡെയ്ലി റിപ്പോർട്ട്സിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായും മലയാളം ചാനലുകൾക്ക് അമേരിക്കയിൽ ഐപിടിവി സേവനം ലഭ്യമാക്കിയിരുന്ന ആദ്യകാല സംരംഭമായ ബോം ടിവിയുടെ പ്രവർത്തക പങ്കാളിയായും പ്രവർത്തിച്ചു.
യൂട്യൂബിന്റെ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിൽ (CMS) പ്രത്യേക പരിശീലനവും സർട്ടിഫിക്കേഷനും നേടിയിട്ടുള്ള അദ്ദേഹത്തിന് സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (SEO), ഗൂഗിൾ അനലിറ്റിക്സ്, സോഷ്യൽ ബ്ലേഡ് തുടങ്ങിയ ഡിജിറ്റൽ വിശകലന സംവിധാനങ്ങളിലും കാൻവ, അഡോബി എക്സ്പ്രസ് തുടങ്ങിയ കണ്ടന്റ് നിർമാണ ഉപകരണങ്ങളിലും പകർപ്പവകാശ പരിപാലന മേഖലയിലും പ്രാവീണ്യമുണ്ട്.
വിദ്യാഭ്യാസ മേഖലയിലും മികച്ച യോഗ്യതകൾ സ്വന്തമാക്കിയിട്ടുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയ്ക്ക് പുറമെ എൽഎൽബി, മാസ്റ്റർ ഇൻ ബിസിനസ് ലോ (MBL), ക്രിമിനോളജിയിൽ എൽഎൽഎം എന്നിവയും നേടിയിട്ടുണ്ട്. നിയമപഠനത്തിലെ ഈ അക്കാദമിക അടിത്തറ വാർത്താ അവതരണത്തിലും എഡിറ്റോറിയൽ തീരുമാനങ്ങളിലും നിയമപരവും ധാർമികവുമായ കാഴ്ചപ്പാടുകൾക്ക് കരുത്തേകുന്നു.
മാധ്യമരംഗത്തെ സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2021ലും 2023ലും സംസ്ഥാന ടെലിവിഷൻ അവാർഡ് നേടി. 2024ൽ പെഗാസസ് മിന്നലൈ മീഡിയ അവാർഡും 2025ൽ ദുബായ് ഗോൾഡൻ അച്ചീവ്മെന്റ് അവാർഡും ലഭിച്ചു. പരമ്പരാഗത ന്യൂസ് റൂം പ്രവർത്തനങ്ങളിലെ അനുഭവസമ്പത്തും ഡിജിറ്റൽ മാധ്യമരംഗത്തെ സാങ്കേതിക പരിജ്ഞാനവും സമന്വയിപ്പിക്കുന്ന മാധ്യമപ്രവർത്തകരിൽ ശ്രദ്ധേയനാണ് അരവിന്ദ് വി.