
വത്തിക്കാൻ ബസിലിക്ക
കത്തോലിക്കാ സഭയ്ക്ക് ഒരു പുതിയ വിശുദ്ധയെയും 56 വാഴ്ത്തപ്പെട്ടവരെയും പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രികൾക്ക് ലിയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകി. നവംബർ 21-ന് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡികാസ്റ്ററി പ്രീഫെക്ട് കർദ്ദിനാൾ മാർചെല്ലോ സെമെരാറോയ്ക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കാൻ അനുമതി നൽകിയത്. ഇതിനുപുറമെ, 14 വയസ്സുകാരിയായ ഒരു പെൺകുട്ടിയുൾപ്പെടെ മൂന്നുപേരുടെ വീരോചിത പുണ്യങ്ങൾ അംഗീകരിച്ച് അവരെ ധന്യരായി പ്രഖ്യാപിക്കാനും തീരുമാനമായി.
കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചെക്കോസ്ലോവാക്യയിൽ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച സിസ്റ്റർ സിഡോണിയ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട സിസിലിയ ഷെലിംഗോവയാണ് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്. 'വിശുദ്ധ കുരിശിന്റെ ചാരിറ്റി സഹോദരിമാർ' എന്ന സന്യാസിനീസഭാംഗമായിരുന്ന, സിസ്റ്റർ, പീഡനത്തിൽ നിന്നും ഒരു വൈദികനെ രക്ഷപ്പെടാൻ സഹായിച്ചതിനെത്തുടർന്ന് തടവിലാക്കപ്പെടുകയും കഠിനമായ മർദ്ദനങ്ങൾക്ക് ഇരയാവുകയും ചെയ്ത് 1955-ൽ 38-ാം വയസ്സിൽ അന്തരിച്ചു. 2003-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ ഇവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. 2008-ൽ അർബുദബാധിതനായി മരണാസന്നനായ ഒരു അമേരിക്കൻ പൗരന് ഇവരുടെ മാധ്യസ്ഥത്താൽ ലഭിച്ച അത്ഭുതരോഗശാന്തിയാണ് വിശുദ്ധപദവിക്ക് വഴിതുറന്നത്.
'സഹരക്ഷകയായ പരിശുദ്ധ മറിയത്തിന്റെ പുത്രിമാർ' എന്ന സഭാംഗമായിരുന്ന ധന്യ റോസ സ്റ്റാൽട്ടാരിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. 1951-ൽ ഇറ്റലിയിലെ കലാബ്രിയയിൽ ജനിച്ച റോസ, പലേർമോയിലെ ഒരു കേന്ദ്രത്തിൽ അനാഥരായ പെൺകുട്ടികളുടെ അധ്യാപികയായും ശുശ്രൂഷകയായും സേവനമനുഷ്ഠിക്കവെ 22-ാം വയസ്സിൽ അപ്രതീക്ഷിതമായി അന്തരിച്ചു.
കഴിഞ്ഞ നൂറ്റാണ്ടിൽ സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് വിശ്വാസത്തോടുള്ള വിദ്വേഷത്താൽ വധിക്കപ്പെട്ട ഫാ. ഹോസെ ഗോമസ് ലോറും 54 സഹചാരികളും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും. കാർത്തഹേന രൂപതയിൽ നിന്നുള്ള വൈദികരും സന്യസ്തരും സെമിനാരി വിദ്യാർത്ഥികളും അൽമായരും ഉൾപ്പെടുന്ന ഈ 55 രക്തസാക്ഷികൾ, 1930-കളിലെ മതപീഡനകാലത്ത് വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കൊല്ലപ്പെട്ടത്. ഇവരിൽ പലരും മരണത്തിന് മുൻപ് തങ്ങളുടെ ഘാതകരോട് ക്ഷമിച്ചാണ് ജീവൻ ബലിയർപ്പിച്ചത്.
ഇറ്റാലിയൻ വൈദികനായ ആഞ്ചലോ ലോല്ലി, സ്പാനിഷ് വൈദികനായ അബുന്ദിയോ ഗാർസിയ റോമൻ എന്നിവരെ ധന്യരായി പ്രഖ്യാപിച്ചു. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്നതിനായി 'ഓപ്പറ ദി സാന്താ തെരേസ ദെൽ ബംബിനോ ജെസു' ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടയാളാണ് 1958-ൽ അന്തരിച്ച ഫാ. ആഞ്ചലോ. തൊഴിലാളികളുടെ ഉന്നമനത്തിനായി 'ഹെർമൻദാദെസ് ദെൽ ത്രബാഹോ' (Hermandades del Trabajo) ഉൾപ്പെടെയുള്ള നിരവധി സാമൂഹിക സംരംഭങ്ങൾക്ക് നേതൃത്വം നൽകിയ വൈദികനാണ് 1989-ൽ അന്തരിച്ച ഫാ. ഗാർസിയ റോമൻ.
14-ാം വയസ്സിൽ അർബുദം ബാധിച്ച് മരിച്ച ഇറ്റാലിയൻ പെൺകുട്ടിയായ ജൂലിയ ഗബ്രിയേലിയെയും സഭ ധന്യയായി പ്രഖ്യാപിച്ചു. 1997-ൽ ബെർഗാമോയിൽ ജനിച്ച ജൂലിയ, പത്താം വയസ്സിൽ രോഗം സ്ഥിരീകരിച്ചതുമുതൽ 2011 ഓഗസ്റ്റ് 19-ന് മരിക്കുന്നതുവരെ രോഗപീഡകളെ അഗാധമായ വിശ്വാസത്തോടും പ്രത്യാശയോടും കൂടിയാണ് നേരിട്ടത്. വാഴ്ത്തപ്പെട്ട ക്യാര ലൂച്ചെ ബദാനോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജൂലിയ, രോഗാവസ്ഥയിലും ദൈവേഷ്ടത്തിന് പൂർണ്ണമായി സമർപ്പിച്ച് സമപ്രായക്കാർക്കും മുതിർന്നവർക്കും വലിയൊരു മാതൃക നൽകിയാണ് കടന്നുപോയത്