
ഇറാനെതിരായ യുഎസ് സാമ്പത്തിക ഉപരോധവും യുദ്ധം തന്നെയാണെന്നു ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസേം ഗരീദാബാദി ടെഹ്റാനിൽ പറഞ്ഞു. "അത് തകർക്കാൻ ഞങ്ങൾ എല്ലാ നടപടിയും എടുക്കും."
രാഷ്ട്രീയ താത്പര്യങ്ങൾ അടിച്ചേൽപിക്കാൻ സാമ്പത്തിക ഉപരോധം ആയുധമാക്കിയാൽ ഇറാൻ അതിനു വഴങ്ങില്ലെന്നു ഗരീദാബാദി മാധ്യമങ്ങളോടു പറഞ്ഞു.
ഖത്തർ ഉൾപ്പടെയുള്ള മധ്യസ്ഥരുമായി ഇറാൻ ബന്ധപ്പെടുന്നുണ്ട്. നയതന്ത്രം കൊണ്ടു പരിഹാരം ഉണ്ടാവുമോ എന്ന് ഒരിക്കൽ കൂടി നോക്കും. ഖത്തറിൽ നിന്നുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച്ച രാത്രി ടെഹ്റാനിൽ എത്തിയിരുന്നു. രണ്ടു മണിക്കൂറോളം അവർ ചർച്ച നടത്തി.
ഖത്തർ വഹിക്കുന്ന പങ്കിനെ ഗരീദാബാദി പ്രശംസിച്ചു.
ഒമാനിലെ സുൽത്താന്റെ മുന്നിൽ ഇറാൻ വച്ച വ്യവസ്ഥ ഉപരോധം പിൻവലിച്ചാൽ രണ്ടു ദിവസത്തിനകം ഹോർമുസ് തുറക്കാം എന്നാണ്. അതു നിലവിലുണ്ടെന്നു ഗരീദാബാദി പറഞ്ഞു.
ഇറാൻ രാസായുധം ഉപയോഗിക്കുമെന്ന യുഎസ് ആരോപണം രാഷ്ട്രീയ പ്രേരിതം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടെ രാഷ്ട്രീയവും സൈനികവുമായ ലക്ഷ്യങ്ങൾ നേടാനുള്ള അടവാണത്.
ഇറാൻ അണ്വായുധം നിർമിക്കുന്നു എന്നു പറയുന്നതു പോലുള്ള നുണയാണത്. ഇറാന്റെ ആണവ പരിപാടിയിൽ നിന്ന് ഒരു ഗ്രാം പോലും സൈനികമായ ആവശ്യങ്ങൾക്ക് എടുത്തിട്ടില്ല. സമ്പുഷ്ട യുറേനിയം രാജ്യത്തിനു പുറത്തേക്കു മാറ്റുകയുമില്ല.
Iran says US blockade an act of war