
സൗന്ദര്യത്തിന് ഓരോ കാലത്തും ഓരോ നിർവചനങ്ങളുണ്ടായിട്ടുണ്ട്.എന്നാൽ ഇന്ന് സൗന്ദര്യത്തിന്റെ അളവുകോൽ പലപ്പോഴും മുഖത്തിന്റെ നിറമായി മാറുകയാണ്. കറുത്ത നിറം മാറ്റി വെളുപ്പിക്കണമെന്ന ചിന്തയിലേക്ക് വലിയൊരു വിഭാഗം ആളുകളെ എത്തിക്കുന്നതിൽ പരസ്യങ്ങൾക്കും വിപണിക്കും വലിയ പങ്കുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിറം മാറുമെന്നും മുഖം കൂടുതൽ തിളങ്ങുമെന്നുമുള്ള വാഗ്ദാനങ്ങളുമായി വിപണിയിലെത്തുന്ന ഫെയ്സ് ക്രീമുകൾക്ക് പിന്നാലെ പോകുന്നവരുടെ എണ്ണം ചെറുതല്ല. സൗന്ദര്യം തേടിയുള്ള ഈ യാത്രയിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടുന്നുണ്ടോ എന്നതാണ് ഗൗരവമായി ചിന്തിക്കേണ്ടത്.ഇന്ന് സൗന്ദര്യവർധക വസ്തുക്കളുടെ വിപണി വലിയൊരു വ്യവസായമായി വളർന്നിരിക്കുന്നു.ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന പരസ്യങ്ങൾ പലപ്പോഴും മനുഷ്യന്റെ ആത്മവിശ്വാസത്തെപ്പോലും നിറത്തിന്റെ അടിസ്ഥാനത്തിൽ അളക്കുന്നു.വെളുത്ത മുഖമാണ് കൂടുതൽ സുന്ദരമെന്നും കറുത്ത നിറം മാറ്റേണ്ട ഒന്നാണെന്നും പരോക്ഷമായി ബോധ്യപ്പെടുത്തുന്നു. സ്വാഭാവികമായ ചർമനിറത്തിൽ അസംതൃപ്തി തോന്നുന്ന തരത്തിൽ സമൂഹത്തിന്റെ ചിന്തകളെ രൂപപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്. പ്രത്യേകിച്ച് കൗമാരക്കാരും യുവാക്കളും ഇത്തരം പരസ്യങ്ങളുടെ സ്വാധീനത്തിൽ പെട്ടെന്ന് ആകർഷിക്കപ്പെടുന്നു. മറ്റുള്ളവരുടെ മുന്നിൽ കൂടുതൽ സുന്ദരരാകണമെന്ന ആഗ്രഹം ചിലരെ സുരക്ഷിതമാണോ എന്ന് പോലും പരിശോധിക്കാതെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു.
എല്ലാ ഫെയ്സ് ക്രീമുകളും അപകടകരമാണെന്ന് പറയാനാവില്ല. എന്നാൽ അംഗീകാരമില്ലാത്തതും ഗുണനിലവാരം ഉറപ്പുവരുത്താത്തതുമായ ചില നിറംമാറ്റ ക്രീമുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ചില ഉൽപ്പന്നങ്ങളിൽ മെർക്കുറി പോലുള്ള വിഷാംശങ്ങളും നിയന്ത്രിതമായി മാത്രം ഉപയോഗിക്കേണ്ട രാസഘടകങ്ങളും അടങ്ങിയിരിക്കാം. ഇത്തരം വസ്തുക്കളുടെ ഉപയോഗം ചർമത്തിന് കേടുപാടുകൾ വരുത്തുന്നതിനൊപ്പം വൃക്കകൾക്കും നാഡീവ്യവസ്ഥയ്ക്കും വരെ ദോഷമുണ്ടാക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. ചില സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകൾ ഡോക്ടറുടെ നിർദേശമില്ലാതെ ദീർഘകാലം ഉപയോഗിക്കുന്നത് ചർമം നേർത്തതാകാനും മുഖത്ത് പാടുകളും മറ്റു പ്രശ്നങ്ങളും ഉണ്ടാകാനും ഇടയാക്കും. പെട്ടെന്ന് ഫലം ലഭിക്കുന്നുവെന്നത് ഒരു ഉൽപ്പന്നത്തിന്റെ സുരക്ഷിതത്വത്തിനുള്ള തെളിവല്ല.വിപണിയിൽ ലഭിക്കുന്നതെല്ലാം സുരക്ഷിതമാണെന്ന ധാരണയും തിരുത്തപ്പെടണം. ആകർഷകമായ പരസ്യങ്ങളും മനോഹരമായ പാക്കറ്റുകളും മാത്രം നോക്കി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്ന രീതി അവസാനിക്കണം. ഉൽപ്പന്നത്തിന്റെ നിർമ്മാതാവ് ഘടകങ്ങൾ ലൈസൻസ് കാലാവധി ലേബലിലെ വിവരങ്ങൾ എന്നിവ പരിശോധിക്കാനുള്ള ജാഗ്രത ഉപഭോക്താക്കൾക്കുണ്ടാകണം. ചർമത്തിലെ പാടുകൾക്കും നിറവ്യത്യാസങ്ങൾക്കും പരിഹാരം തേടുന്നവർ സ്വയം ചികിത്സ നടത്താതെ വിദഗ്ധ ഡോക്ടർമാരുടെ നിർദേശം തേടണം. അനധികൃതവും സംശയാസ്പദവുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയാൻ ബന്ധപ്പെട്ട അധികാരികളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾക്കെതിരെ ബോധവത്കരണവും കർശനമായ പരിശോധനയും അനിവാര്യമാണ്.
ഇവിടെ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന വിഷയം നിറത്തിന്റെ പേരിലുള്ള സാമൂഹിക വിവേചനമാണ്. ഒരാളുടെ സൗന്ദര്യവും വ്യക്തിത്വവും അയാളുടെ ചർമത്തിന്റെ നിറം നോക്കി വിലയിരുത്തുന്ന രീതി മാറണം. വെളുത്ത നിറമുള്ളവരാണ് സുന്ദരരെന്നും ഇരുണ്ട നിറമുള്ളവർക്ക് എന്തോ കുറവുണ്ടെന്നും ചിന്തിപ്പിക്കുന്ന പരസ്യങ്ങളും സാമൂഹിക സമീപനങ്ങളും തിരുത്തപ്പെടേണ്ടതുണ്ട്.സൗന്ദര്യം നിറത്തിൽ മാത്രമല്ല വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ആത്മവിശ്വാസത്തിലും കൂടിയാണ്.സ്വന്തം സ്വാഭാവിക നിറത്തെ അംഗീകരിക്കാൻ കഴിയുന്ന മനസ്സാണ് ആദ്യം വളരേണ്ടത്.വിപണിയുടെ ലാഭക്കണക്കുകൾക്കിടയിൽ മനുഷ്യന്റെ ആരോഗ്യം മറക്കപ്പെടരുത്.സൗന്ദര്യം വിൽക്കുമ്പോൾ അതിന്റെ പേരിൽ ആരോഗ്യത്തെ അപകടത്തിലാക്കാനുള്ള അവകാശം ആർക്കുമില്ല.ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉത്തരവാദിത്വമാണ്. അതോടൊപ്പം പരസ്യങ്ങളിൽ കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കാതെ തിരിച്ചറിവോടെ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും സമൂഹം പഠിക്കണം.മുഖം വെളുക്കാൻ വേണ്ടി ആരോഗ്യത്തെ കറുപ്പിക്കരുത്. നിറം മാറുന്നതിലല്ല ആരോഗ്യം നിലനിർത്തുന്നതിലാണ് യഥാർഥ സൗന്ദര്യം. സൗന്ദര്യത്തിന്റെ പേരിൽ വിപണി നൽകുന്ന വാഗ്ദാനങ്ങൾക്കപ്പുറം സ്വന്തം ആരോഗ്യത്തിന് വില കൽപ്പിക്കാൻ ഓരോരുത്തരും തയ്യാറാകണം.മുഖത്തെ തിളക്കത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതത്തിന്റെ ആരോഗ്യം.