Image

കെഇഎഎൻ ടെക് നൈറ്റ് ഹൃദ്യമായി; എൻജിനീയറിങ് രംഗത്തെ പ്രമുഖർക്കും വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ

Published on 22 November, 2026
കെഇഎഎൻ ടെക് നൈറ്റ് ഹൃദ്യമായി; എൻജിനീയറിങ് രംഗത്തെ പ്രമുഖർക്കും വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ

ന്യൂജേഴ്‌സി: കേരള എൻജിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  ടെക് നൈറ്റ്  എഡിസണിൽ  റോയൽ ആൽബർട്ട്‌സ് പാലസിൽ ഹൃദ്യമായ അനുഭവമായി. സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖരുടെ പങ്കാളിത്തം, പ്രഭാഷണങ്ങൾ, പുരസ്കാരദാന ചടങ്ങുകൾ, കലാപരിപാടികൾ എന്നിവയോടെ സംഘടിപ്പിച്ച  പരിപാടിയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എൻജിനീയർമാരെയും വിദ്യാർഥികളെയും ആദരിച്ചു .

സിബിആർഇയുടെ ചീഫ് ഡിജിറ്റൽ ആൻഡ് ടെക്നോളജി ഓഫീസറായ അംബിലിറ്റ് വിജയ് മുഖ്യാതിഥിയായിരുന്നു . അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സിബിആർഇയുടെ സാങ്കേതികവിഭവങ്ങളുടെ ആഗോള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അവർ, 20 ബില്യൺ ഡോളറിലധികം വരുമാനമുള്ള വിവിധ ബിസിനസ് മേഖലകളുടെ ഡിജിറ്റൽ-സാങ്കേതിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നു.

ആഗോള എക്സിക്യൂട്ടീവ് വിദ്യാഭ്യാസ സ്ഥാപനമായ എക്സ്ഇഡിയുടെ (XED) സ്ഥാപകനും സിഇഒയുമായ ജോൺ കല്ലേലിൽ മുഖ്യപ്രഭാഷണം നടത്തി. 25 ൽ അധികം രാജ്യങ്ങളിലായി 15,000 -ൽ പരം  മുതിർന്ന നേതൃത്വനിരയിലുള്ളവരുടെ പരിശീലനത്തിനും വികസനത്തിനും എക്സ്ഇഡി നേതൃത്വം നൽകിയിട്ടുണ്ട്.

2026ലെ എൻജിനീയർ ഓഫ് ദി ഇയർ പുരസ്കാരം യൂണിവേഴ്സിറ്റി അറ്റ് ആൽബനിയിലെ റിസർച്ച് ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റായ ഡോ. തേൻകുറിശ്ശി കേശവദാസിന് നൽകി . 450 മില്യൺ ഡോളറിന്റെ ഗവേഷണ പ്രവർത്തനങ്ങൾക്കും സർവകലാശാലയുടെ 200 മില്യൺ ഡോളറിന്റെ എഐ പ്ലസ് പദ്ധതിക്കും അദ്ദേഹം നേതൃത്വം നൽകുന്നു.

എൻജിനീയറിങ് എന്റർപ്രണർ ഓഫ് ദി ഇയർ 2026 പുരസ്കാരം കെ.പി. ഹരിക്കും ഗിരീഷ് പണിക്കർക്കും സമ്മാനിച്ചു. ഐടി, സേവനമേഖല, ആരോഗ്യരംഗം, സോഫ്റ്റ്‌വെയർ വ്യവസായം തുടങ്ങിയ മേഖലകളിൽ മുതിർന്ന എക്സിക്യൂട്ടീവുകളായും ബോർഡ് അംഗങ്ങളായും ഇരുവരും പ്രവർത്തിച്ചിട്ടുണ്ട്.

ഫ്യൂച്ചർ എൻജിനീയർ അവാർഡിന് റട്‌ജേഴ്‌സ് സർവകലാശാലയിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ് വിദ്യാർഥിയായ ഏബൽ എൽദോയും പർഡ്യൂ സർവകലാശാലയിൽ എയറോസ്പേസ് എൻജിനീയറിങ് പഠിക്കുന്ന വൈഷ്ണവി അയ്യരും അർഹരായി. ഹൈസ്കൂൾ എക്സലൻസ് അവാർഡുകൾ മോറിസ് കൗണ്ടി സ്കൂൾ ഓഫ് ടെക്നോളജിയിലെ ജിസ്മി മാത്യുവിനും സൗത്ത് ബ്രൺസ്വിക് ഹൈസ്കൂളിലെ നിഹാൽ ഷിനിലിനും നൽകി . കെഇഎഎൻ ഔട്ട്സ്റ്റാൻഡിങ് സ്റ്റുഡന്റ് കോൺട്രിബ്യൂട്ടർ അവാർഡ് 2026 അബിഗെയ്ൽ ശരത്തിന് സമ്മാനിച്ചു .

സൗപർണിക ഡാൻസ് അക്കാദമിയിലെ മാലിനി നായരും സംഘവും, താളശ്രുതിയിലെ ദിയ നമ്പ്യാരും സഞ്ജന കലോത്തും, ടീം മുദ്ര, ഗ്ലിമ്മർ എന്റർടെയ്ൻമെന്റിലെ റോഷി ജോർജും സംഘവും നൃത്തപരിപാടികൾ അവതരിപ്പിച്ചു. നവമി നായർ, സ്വപ്ന മധു, സിജി ആനന്ദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രസിഡൻ്റ് ജേക്കബ് ജോസഫ്, സെക്രട്ടറി സോബി സുരേന്ദ്രൻ, ട്രഷറർ  നിധിൻ ജോയ് ആലപ്പാട്ട്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ: റജിമോൻ എബ്രഹാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്പെക്ട്രം ഓട്ടോയാണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. മേരിലാൻഡ് പേപ്പർ കമ്പനി, സീലോജിക്സ് എന്നിവരാണ് കോ-സ്പോൺസർമാർ.

 

കെഇഎഎൻ ടെക് നൈറ്റ് ഹൃദ്യമായി; എൻജിനീയറിങ് രംഗത്തെ പ്രമുഖർക്കും വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക