
ഇസ്രയേലിൽ പുതിയ ഗവൺമെന്റ് ഉണ്ടാക്കാൻ പ്രസിഡന്റ് ഇസാക് ഹെർസോഗ് നിയോഗിച്ച യാഷർ പാർട്ടി നേതാവ് ഗാഡി എയ്‌സൻകോട്ട് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ദേശീയ ഐക്യ ഭരണം ഉണ്ടാക്കാനുള്ള ചർച്ച നടത്തും.
എന്നാൽ നെതന്യാഹു പ്രധാനമന്ത്രി ആകുന്ന പ്രശ്നമില്ലെന്നു എയ്‌സൻകോട്ടും ഭരണത്തിൽ പങ്കാളികളാവാൻ തയാറായ മറ്റു പാർട്ടികളൂം അറിയിച്ചു. അതേ സമയം, നെതന്യാഹുവിനെതിരെ നടപടികൾ ഒന്നും ഉണ്ടാവരുതെന്നാണ് ലിക്കുഡ് ആവശ്യപ്പെടുന്നത്.
2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഉണ്ടായ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് അന്വേഷണം നടത്തുമെന്നു എയ്‌സൻകോട്ട് പ്രഖ്യാപിച്ചിരുന്നു. നെതന്യാഹുവിനെ ശിക്ഷിക്കാൻ ഇടയുള്ള അഴിമതി കേസുകൾ കോടതിയിൽ ഉണ്ടു താനും. ഹമാസിന്റെ ആക്രമണത്തിനു ശേഷം ഗാസയിലും പിന്നീട് ഇറാനിലും ആക്രമണങ്ങൾ നടത്തി യുദ്ധത്തിന്റെ പേരിൽ പിടിച്ചു നിന്ന അദ്ദേഹത്തിനു പക്ഷെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.
ഏറ്റവും വിശാലമായ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ലിക്കുഡ് പാർട്ടിയുമായി സംസാരിക്കുന്നതെന്ന് യാഷർ പാർട്ടി പറഞ്ഞു. എന്നാൽ 120 അംഗ നെസറ്റിൽ (പാർലമെന്റ്) ഭൂരിപക്ഷം തികയ്ക്കാൻ 19 അംഗ അറബ് കക്ഷികളുടെ പിന്തുണ വേണ്ടി വരുന്നത് ഒഴിവാക്കാനാണ് ആ ശ്രമമെന്നതു വ്യക്തം. അറബ് പാർട്ടികൾ വേണോ തീവ്ര വലതു പക്ഷ യഹൂദ കക്ഷികൾ വേണോ എന്നതിൽ എയ്‌സൻകോട്ടിനു ചിന്താക്കുഴപ്പമുണ്ട്. ഗവൺമെന്റ് ഉണ്ടാക്കാൻ ഈ മാസം അവസാനം വരെ അദ്ദേഹത്തിനു സമയം നൽകിയിട്ടുണ്ട്.
നെതന്യാഹു പ്രധാനമന്ത്രി ആവുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹവുമായി ശനിയാഴ്ച്ച ചർച്ച നടത്തിയ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ശനിയാഴ്ച്ച പറഞ്ഞു. എന്നാൽ ലിക്കുഡ് വരുന്നതിൽ വിരോധമില്ല.
നെതന്യാഹുവിനെതിരായ ആക്രമണം നിർത്തണമെന്നതാണ് ലിക്കുഡ് ചർച്ചയ്ക്കു മുൻപ് വച്ചിട്ടുള്ള ഒരുപാധി.
Eisenkot to hold talks with Likud