Image

മൊബൈൽ ഒരു കാലൻ, മലയാളപത്രത്തിന് കാലിടറുന്നു, വാഷിങ്ങ്ടൺ പോസ്റ്റിന് 13 രൂപ (കുര്യൻ പാമ്പാടി)

Published on 22 November, 2026
മൊബൈൽ ഒരു  കാലൻ, മലയാളപത്രത്തിന് കാലിടറുന്നു, വാഷിങ്ങ്ടൺ പോസ്റ്റിന് 13 രൂപ (കുര്യൻ പാമ്പാടി)

പത്രം വാങ്ങി വായിക്കുന്നവരുടെ എണ്ണം അമേരിക്കയിൽ ഇടിയുമ്പോൾ  മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ പത്രങ്ങൾ മുന്നേറുകയാണെന്ന് റോബിൻ ജെഫ്‌റി എന്ന ആസ്ട്രേലിയൻ മാധ്യമ വിഗദ്ധൻ ഒന്നരപതിറ്റാണ്ടു മുമ്പ് കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ 2010 ൽ പ്രസിദ്ധീകരിച്ച Media and Modernity എന്ന പുസ്തകം കേരളത്തിലെ പത്രവായന സ്വഭാവത്തെ പ്രകീർത്തിക്കുന്നു.  The Decline of Nair Dominance (നായർ മേധാവിത്തത്തിന്റെ പതനം) എഴുതി പേരെടുത്ത ആളാണ്‌ ജെഫ്‌റി.

അമേരിക്കയിൽ പത്രങ്ങൾ തളരുമ്പോൾ എന്തുകൊണ്ട് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വളരുന്നു എന്നു  പഠിക്കാൻ ന്യൂയോർക്കർ വാരികയുടെ സ്പെഷ്യലിസ്റ് കെൻ ഔലറ്റ്  2012 ൽ  ഇന്ത്യയിൽ പറന്നെത്തുകയും ചെയ്തു.

കാലിടറുന്ന മലയാള പത്രലോകം

ഇന്റർനെറ്റ് വ്യാപനം കുറഞ്ഞിരിക്കുന്നിടത്തോളം കാലം ഇന്ത്യയിൽ പത്രങ്ങൾ തഴച്ചുവളരും എന്നായിരുന്നു ഔലറ്റിന്റെ  കണ്ടെത്തൽ. അതിനുള്ള വിദ്യകൾ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമകളായ ജെയിൻ കുടുംബം പയറ്റുന്നുണ്ടെന്നു Citizens Jain എന്ന ശീർഷകത്തിൽ എട്ടു പേജുള്ള പഠനത്തിൽ അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടു മുമ്പു  മുതൽ വായിച്ചും പഠിച്ചും തർക്കിച്ചും മുന്നേറുന്ന ഒരു ജനത മലയാള മനോരമ, മാതൃഭൂമി, ദീപിക, കേരള കൗമുദി, ദേശാഭിമാനി തുടങ്ങിയ പത്രങ്ങളെ നെഞ്ചിലേറ്റിയ ചരിത്രം പഠിക്കാനോ അവരുടെ നാട് സന്ദർശിക്കാനോ  ഔലറ്റ്  മിനക്കെട്ടില്ല. ഒരുകാലത്ത് ടൈംസ് ഓഫ് ഇന്ത്യയെപ്പോലും കവച്ചു വയ്ക്കുന്ന പ്രചാരം ഏറ്റവും പ്രമുഖ മലയാള പത്രം നേടിയിരുന്നു.

ഇന്നു  ആ ട്രെൻഡ് നേരെ തിരിച്ചായി. അമേരിക്കൻ പത്രങ്ങൾ ഡിജിറ്റൽ കോപ്പികളുമായി പിടിച്ചു നിൽക്കുകയോ മുന്നേറുകയോ ചെയ്യുമ്പോൾ മലയാള പത്രങ്ങൾക്കു കാലിടറുന്നു. ന്യൂയോർക്ക് ടൈംസും വാൾ സ്ട്രീറ്റ് ജേർണലും വാഷിംഗ്ടൺ പോസ്റ്റും ഡിജിറ്റൽ ഭീമന്മാരായപ്പോൾ ആ ഫോർമറ്റിൽ മലയാള പത്രങ്ങൾ വളരെ പിന്നിലായി.

മലയാളികൾ വായിച്ച് വളരുന്നവരാണെന്നു റോബിൻ ജെഫ്‌റി

യുഎസ് പത്രങ്ങളിൽ മുന്നിൽ  നിൽക്കുന്നത് 175വർഷത്തെ ചരിതമുള്ള ന്യുയോർക്ക് ടൈംസ് തന്നെ. നവംബറിലെ കണക്കനുസരിച്ച് ടൈംസിന്  പ്രിന്റും ഡിജിലുമായി  ലോകമാസകലം 1.38 കോടി വരിക്കാരു ണ്ട്. ഇത് അടുത്ത വർഷം  ഒന്നരക്കോടി ആക്കാനാണ് ലക്ഷ്യം. ഇപ്പോൾ അവരുടെ പ്രിന്റ് കോപ്പികളുടെ എണ്ണം 5,40,000 ആണ്. കഴിഞ്ഞ വർഷത്തേതിനെക്കാൾ 30,000 കോപ്പി ഇടിഞ്ഞു.

മാധ്യമ ഭീമനായ റൂപ്പർട് മർഡോക്കിന്റെ ഉടമസ്ഥയിലുള്ള വാൾ സ്ട്രീറ്റ് ജേർണൽ  മുൻ പന്തിയിലുണ്ട്. അവരുടെ പ്രിന്റ് കോപ്പി  വരുത്തുന്നവർ 4,12,000. പ്രിന്റും ഡിജിറ്റലും ചേർന്നാൽ ജേര്ണലിണ്റ്റെ ആകെ പ്രചാരം 48.3 ലക്ഷം. ഡിജിറ്റൽ  മാത്രം വരുത്തുന്നവർ 44.7- 46.6 ലക്ഷം.

പ്രസിഡന്റ നിക്‌സൺ രാജിവയ്ക്കാൻ ഇടയാക്കിയ വാട്ടർഗേറ്റ് അന്വേഷണത്തിൽ  റിപ്പോർട്ടർമാരായ ബോബ് വുഡ്‌വേർഡും കാൾ ബെൻസ്റ്റീനും മുൻപന്തിയിൽ നിന്ന നാളുകളിൽ വാഷിംഗ്‌ടൺ പോസ്റ്റിനു അഞ്ചര ലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്നു. വാരാന്ത്യത്തിൽ ആറര ലക്ഷവും. പക്ഷെ അതിനു ശേഷം പ്രചാരം ഇടിഞ്ഞു. 2024ൽ ഒരു ലക്ഷം  കോപ്പിയിലെത്തി.

ഇന്ത്യൻ പത്രങ്ങൾ തഴച്ചു വളരുന്നുവെന്നു 2012ൽ കെൻ ഔലറ്റ്

പരസ്യങ്ങൾ നേടാനുള്ള മത്സരത്തിൽ പിടിച്ച് നിൽക്കാനാവാതെ പോസ്റ്റിന്റെ വിഖ്യാത എഡിറ്റർ കാതറിൻ ഗ്രഹാമിന്റെ മകൻ അത് വിറ്റൊഴിഞ്ഞു. ആമസോൺ ഉടമയും ബഹുശതകോടീശ്വരനുമായ ജെഫ് ബെസോസ്  ആണ് ഇന്നത്തെ ഉടമ.  പ്രിന്റും ഡിജിറ്റലുംമായി 25-26 ലക്ഷം കോപ്പിയുണ്ട്. പ്രിന്റ് മാത്രം 87,600.

കൂടുതൽ വരിക്കാരെ നേടാനായി പോസ്റ്റ് അത്യദ്ധ്വാനം ചെയ്യുന്നു. നവംബർ 19നു വന്ന പരസ്യപ്രകാരം വാഷിംഗ്ടൺ പോസ്റ്റിന്റെ ഒരു ഡിജിറ്റൽ കോപ്പി കേരളത്തിൽ വരുത്താൻ 14 സെന്റ്  അഥവാ 13 രൂപ മതിയാകും. ആഴ്ചയിൽ 99 സെന്റ്.  28 ആഴ്ചത്തേക്ക് അങ്ങിനെ തന്നെ. അതുകഴിഞ്ഞാൽ 14 ഡോളർ. ഒരുകോപി വരുത്തിയാൽ മറ്റു മൂന്നാൾക്കു കൂടി ഷെയർ ചെയ്യാം എന്നതാണ് മറ്റൊരു ഓഫർ.

മലയാളപത്രങ്ങളുടെ പ്രചാരം വർഷം തോറും ലക്ഷക്കണക്കിന്  ഇടിയുകയാണെന്നു ആധികാരിക കണക്കുകൾ വ്യക് തമാക്കുന്നു. കോവിഡിന്റെ കാലത്തു തുടങ്ങിയ തകർച്ച മൊബൈൽ നയിക്കുന്ന സോഷ്യൽ മീഡിയക്കാലത്തു കുതിച്ചു പായുകയാണ്.  

ഇറാൻ യുദ്ധവുമായി വീട്ടിലെത്തിയ ന്യൂ യോർക്ക്  ടൈംസ്; മുക്കാൽ ഡോളർ

കോവിഡിനും പ്രളയത്തിനും മുമ്പ്  2016ൽ 24, 41,417 കോപ്പിയുണ്ടായിരുന്ന മലയാള മനോരമയുടെ  പ്രചാരം 2024ൽ 16,54,657 ആയും  മാതൃഭൂമിയുടേത് 14,73,033ൽ നിന്ന് 9,33,335ആയും ഇടിഞ്ഞതായി എബിസി (ഓഡിറ്റ് ബ്യുറോ ഒഫ്  സർക്കുലേഷൻ) പറയുന്നു.

"ഈ നൂറ്റാണ്ടിന്റെ  ആദ്യ പത്തുവർഷം കൊണ്ട് നേടിയ കുതിച്ചു കയറ്റം അടുത്ത പത്തു വർഷം കൊണ്ട് തകർച്ചയിലേക്കായി. 2026 ആയപ്പോൾ പ്രചാരം വീണ്ടും ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു," പറയുന്നു മാധ്യമ വിദഗ്ദ്ധനായ കാലടി സംസ്കൃത സർവകലാശാലാ  പ്രൊഫസർ ഷാജി ജേക്കബ്. മനോരമക്ക് പ്രതിവർഷം ഒന്നേകാൽ  ലക്ഷം കോപ്പിയും മാതൃഭൂമിക്ക് മുക്കാൽലക്ഷം കോപ്പിയും കുറയുന്നു.

"2017കാലത്തു അകെ അമ്പതു ലക്ഷം കോപ്പി അടിച്ചുകൊണ്ടിരുന്ന മലയാള പത്രങ്ങൾ ഇപ്പോൾ 25 ലക്ഷം കോപ്പികളിലധികം അടിക്കുന്നില്ല. എട്ടുവർഷം കൊണ്ടാണ് ഈ ഭീമമായ തകർച്ച മലയാള പത്രങ്ങൾക്കുണ്ടായത്," എന്നു പറയുന്ന ഡോ. ഷാജി അതിന്റെ കാരണങ്ങളും അന്വേഷിക്കുന്നു.

വാൾ സ്ട്രീറ്റ് ജേർണൽ, വാഷിംഗ്‌ടൺ പോസ്റ്റ്  

വാർത്താ-വിനോദ ടെലിവിഷൻ ചാനലുകൾ ഏറ്റവും കൂടുതതൽ ജനപ്രീതി നേടിയ ദശാബ്ദത്തിലായിരുന്നു പത്രങ്ങളുടെയും കുതിച്ചു കയറ്റം. അന്ന് "മലയാളത്തിലെ ഏറ്റവും വലിയ ചാനൽ മലയാള മനോരമ" ആണെന്നു വരെ അവർ പരസ്യം ചെയ്തിരുന്നു. പക്ഷെ  പൊതുവെ കരുതപ്പെടുന്നതുപോലെ ടെലിവിഷനല്ല മൊബൈൽ ഫോണാണ് പത്രങ്ങളുടെ അന്തകനായത്.

ഓൺലൈൻ രംഗത്ത് പ്രചാര വളർച്ച നേടാൻ മുൻ നിരപത്രങ്ങൾക്കു കഴിയുമ്പോഴും അച്ചടിരംഗത്തെ തകർച്ചക്ക് പകരമാകാൻ അതിനു കഴിയുന്നില്ല. വായനക്കാരുടെ എണ്ണത്തിലെ കുറവ് പരസ്യ വരുമാനത്തെ ഇനിയും ബാധിച്ചു തുടങ്ങിയിട്ടില്ലെങ്കിലും കടലാസിന്റെ കാലം കഴിയുന്നു എന്നു വേണം കരുതാൻ.

പുസ്തകവായനയിലെ ഭീമമായ കുറവ്, വായനശാലയിലെ വിജനത എന്നിവ കൂട്ടിച്ചേർത്തു വായിച്ചാൽ ഈ പ്രവണത കൂടുതൽ വ്യക്തമാകും. ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ വ്യാപനം മലയാള വായനയോടുണ്ടാക്കിയ വൈമുഖ്യം, ഡിജിറ്റൽ മാധ്യമങ്ങളുടെ തത്സമയ പരത,   ഓൺലൈൻ മാട്രിമണി സൈറ്റുകൾക്ക് ലഭിച്ചുകഴിഞ്ഞ സ്വീകാര്യത എന്നിവയും പത്രങ്ങളുടെ പ്രതിസന്ധിക്കു കാരണമായി.

ഡിജിറ്റൽ വരിക്കാരെ കൂട്ടാൻ യുഎസ് പത്രങ്ങൾ തമ്മിൽ മരണപ്പോരാട്ടം

ബഹുജനാഭിപ്രായ രൂപീകരണ ശേഷിയിലും വാർത്താ സംവേദന സാധ്യതകളിലും സ്വാധീനത്തിലും ഇന്നിപ്പോൾ പത്രങ്ങൾ മൂന്നാം സ്ഥാനത്താണ്. നവ ഓൺ ലൈൻ  സാമൂഹ്യ മാധ്യമങ്ങൾക്കും ടെലിവിഷനും പിന്നിൽ. വാർത്താമാധ്യമം എന്ന നിലയിൽ പത്രങ്ങൾക്കുണ്ടായിരുന്ന പ്രാധാന്യം  ഇല്ലാതായി. ഇനി ദയാവധ മാണ്‌ ബാക്കിയുള്ളതെന്നു, 'എഴുത്ത്' എന്ന  ജെസ്വിറ്റ്‌ മാസികയിൽ  ഷാജി നിരീക്ഷിക്കുന്നു.

ഈ ആഗോള പ്രതിസന്ധിയെ നേരിടാൻ ന്യുയോർക്ക് ടൈംസ് സ്വീകരിക്കുന്ന നടപടികൾ കൗതുകകരമാണ്. ഏറ്റവും പ്രധാനം പുതിയ വരിക്കാരെ നേടാൻ അമ്പരപ്പിക്കും വിധം  കുറഞ്ഞ നിരക്കുകളാണ് അവർ ഈടാക്കുന്നത്. കഴിഞ്ഞ ആറുമാസക്കാലം ന്യുയോർക്കിൽ താമസിച്ച കാലത്ത് ടൈംസിന്റെ പ്രിന്റ് കോപ്പി വരുത്തിയിരുന്ന ആളാണ്‌ ഞാൻ. കടയിൽ നിന്ന് ഒരു കോപ്പി വാങ്ങാൻ 4 ഡോളറും വരാന്ത്യത്തിൽ 6 ഡോളറും കൊടുക്കണം. വീട്ടിൽ വരുത്തിയാൽ  ഒരു കോപ്പിക്ക് മുക്കാൽ ഡോളർ.

കേരളത്തിൽ ന്യുയോർക്ക് ടൈംസിന്റെ ഡിജിറ്റൽ കോപ്പി വരുത്താൻ വർഷം വർഷം  1300 രൂപയേ വേണ്ടി വരുന്നുള്ളു. മാസം 100 രൂപ. ദിവസം മൂന്നര രൂപ.  ഒരു മലയാള പത്രം വാങ്ങാൻ 11-12 രൂപയും വീട്ടിൽ വരുത്താൻ മാസം 350 രൂപയും  മുടക്കേണ്ടി വരുമ്പോഴാണ് കൊച്ചിയിൽ നിന്ന് 13,609 കിമീ അകലെയുള്ള ന്യുയോർക്കിൽ നിന്ന് ഈ ഓഫർ. പണം ഗൂഗിൾ പേയിൽ രൂപയായി അടയ്ക്കാം.

"അച്ചടിക്കാൻ കഴിയുന്ന ഏതൊരു വാർത്തയും ഞങ്ങൾ പ്രസിദ്ധീകരിക്കും" എന്ന് ന്യുയോർക്‌ ടൈംസിന്റെ  ഒന്നാംപേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണദിവസങ്ങളിൽ ന്യൂസ്, ബിസിനസ്, ആർട്സ്, സ്പോർട്സ് തുടങ്ങിയ വിഭാഗങ്ങളിലായി 50 പേജുകൾ ശനി, ഞായർ ദിവസങ്ങളിൽ നൂറു പേജ്. ട്രാവൽ, റിയൽ എസ്റ്റേറ്റ്, ബുക്ക്സ് തുടങ്ങിയ അഡീഷണൽ വിഭാഗങ്ങളും വാരാന്ത്യ മാസികയും.

ടൈംസിന്  യുഎസിലെ അമ്പതു സംസ്ഥാനങ്ങളിലും 150 രാജ്യങ്ങളിലും സ്വന്തം റിപ്പോട്ടർമാരുണ്ട്. 2000 ജേർണലിസ്റ്റുകൾ ടൈംസിന്റെ  ന്യൂസ്‌റൂമിൽ തന്നെ ജോലി ചെയ്യുന്നു. അനുഷ്‍ക പാട്ടിൽ, സോണിയ റാവു എന്നിങ്ങനെ ഇന്ത്യൻ വംശജരായ ഒരുപാടു  പേര് ഫീൽഡിലുണ്ട്. 'എഡിറ്റോറിയസ് എഡിറ്റർ" ആയി ജ്യോതി തോട്ടം എന്ന മലയാളിവനിതയും. ലണ്ടൻ ബ്യൂറോയിലുണ്ട് ഒരു സഞ്ജന വർഗീസ്.

ചെലവെല്ലാം നീക്കി  ടൈംസിന് ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ടെന്നു  അവർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. 1.1 ബില്യൺ ഡോളർ ക്യാഷ് കൈവശമുള്ള ടൈംസ് കമ്പനിക്ക്  ഡിജിറ്റൽ കോപ്പിയിൽ നിന്ന് മാത്രം 13-16 ശതമാനം ലാഭം നേടാൻ കഴിയുന്നു.

കടലാസിന്റെ ദയാവധം അടുത്തെന്നു  ഷാജി ജേക്കബ്

ഡിജിറ്റൽ പരസ്യ വരുമാനവും നല്ലതോതിലുണ്ട്. ഷനാൽ. ഡയർ, ലൂയിവുട്ടൻ തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ സ്ഥിരം പരസ്യം കിട്ടുന്നു. ഇടയ്ക്കിടെ ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളുടെയും. കഴിഞ്ഞ വർഷത്തെ വരുമാനം 700.8 മില്യൺ ഡോളർ (6581 കോടി രൂപ), ലാഭം 131.4 മില്യൺ ഡോളർ (1233.32 കോടി രൂപ)

ന്യുയോർക്കിൽ ക്വീൻസിൽ താമസിച്ച എനിക്ക് വെളുപ്പിന് മൂന്നിനോ  മൂന്നരക്കോ പത്രം ഡെലിവർ ചെയ്യും. പത്രത്തിന്റെ പ്രിന്റിങ് യൂണിറ്റ് തന്നെ ക്വീൻസിൽ ആയതുകൊണ്ടാവാം. മഴയും മഞ്ഞും ഏൽക്കാതിരിക്കാൻ  അപാർട്മെന്റ് നമ്പർ എഴുതിയ നീല റാപ്പറിൽ അടക്കം ചെയ്ത പത്രം ഗേറ്റിനിടയിൽ തിരുകി വച്ചിരിക്കും. ടൈംസ് തികച്ചും യൂസർ ഫ്രണ്ട്‌ലി ആണ്. വരിക്കാരനാണ് അവരുടെ രാജാവ്.

മലയാള പത്രങ്ങൾ വായനക്കാരെ നിർത്തിപ്പൊരിക്കുകയാണെന്ന് തോന്നുന്നു.  അവരുടേത് പ്രിഡേറ്ററി പ്രൈസിംഗ്. പത്രത്തിന്റെ പേരെഴുതിയ പ്ലാസ്റ്റിക് കുഴൽ ഗേറ്റിൽ പിടിപ്പിക്കാൻ 499രൂപ വാങ്ങുന്നു. ഇനി അതെല്ലാം മാറുന്ന കാലം അതിവിദൂരമല്ല.

ന്യുയോർക്കിൽ ആറുമാസം വായിച്ച ശേഷം കെട്ടിസൂക്ഷിച്ച  നൂറു കിലോയോളം വരുന്ന പഴയ പത്രം കളയുന്നതും പ്രശ്നമായി. ആർക്കും വേണ്ട. പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങി വായിച്ചശേഷം എത്തിച്ചു നിക്ഷേപിക്കുന്നതിന് പബ്ലിക് ലൈബ്രറികളിൽ ഇടമുണ്ട്. പത്രങ്ങൾക്കില്ല.

നെറ്റ് വഴി അന്വേഷിച്ചപ്പോൾ ന്യൂ യോർക്ക് ബ്രോഡ്‌വേയിലെ നാടകസംഘങ്ങൾക്കു സ്റ്റേജ് ഒരുക്കാനും മറ്റുമായി വേസ്റ്റ് പേപ്പർ ആവശ്യമുണ്ടെന്നറിഞ്ഞു. നാലഞ്ച് കിമീ  വാഹനം ഓടിച്ച് കളക് ഷൻ  സെന്ററിൽ എത്തിച്ചു കൊടുക്കണം. വിലയൊന്നും കിട്ടില്ല. സ്വീകരിക്കുന്നത് തന്നെ വലിയ സൗജന്യം. വാഹനവുമായി പോയി കാത്തു നിന്നു പത്രകെട്ടു കൊടുത്തു മടങ്ങാൻ രണ്ടുമണിക്കൂർ വേണ്ടി വന്നു.  

വെള്ളുർ  ന്യൂസ്‌പ്രിന്റ്  ഫാക്റ്ററിയിൽ റീസൈക്ലിങ്‌  പ്ലാന്റ് ഉള്ളതിനാൽ കോട്ടയത്തെ  വീട്ടമ്മമാരുടെ ചെറിയൊരു വരുമാന സ്രോതസ് ആണല്ലോ വേസ്റ്റ് പേപ്പർ. കിലോക്ക് 15 രൂപ കിട്ടും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക