
പി.വി. ആല്‍ബി
ബഡാ ഹുവാ തോ ക്യാഹുവാ
ജൈസേ പേഡ് ഘസൂര്!
പഠക്തി കൊ ഛായാ നഹിം, ഫല്
ലാഗെ അതിദൂര് !!
(കബീര്‍ ദാസ്)
കബീര്‍ദാസിന്റെ ഒരു ദോഹ, ഈരടി, ചൊല്ലിക്കൊണ്ടായിരുന്നു ഗുരു കൂവള്ളൂര്‍ ഇരവിമംഗലത്തെ കൂവള്ളൂര്‍ ഭവനത്തിലെ തന്റെ പ്രഭാതം തുടങ്ങിയത്. കബീര്‍ദാസിന്റെ ഈ ദോഹ അദ്ദേഹം കടപ്ലാമറ്റം സെയ്ന്റ് ആന്റണീസ് ഹൈസ്കൂളില്‍ നിന്നും കടിയംകുറ്റി പാപ്പച്ചന് സാര്‍ പഠിപ്പിച്ചത് അതേപടി ഉരുവിട്ടപ്പോള്‍ ഞാന്‍ മനസ്സാകുന്ന ടേപ്പ് റിക്കാര്‍ഡറില്‍ അതേപടി രേഖപ്പെടുത്തിവച്ചിരിക്കുന്നു. പ്രസ്തുത ഈരടിയുടെ അര്‍ത്ഥം എനിക്ക് വിശദീകരിച്ചുകൊണ്ടാണ് ദിവസം തുടങ്ങിയത്.
ഈന്തപ്പനപോലെ ആകാശംമുട്ടെ വലുതായിപ്പോയിട്ട് എന്തുകാര്യം. മരുഭൂമിയിലെ ഈന്തപ്പന കൊന്നത്തെങ്ങുപോലെ ആകാശംമുട്ടെ വളരും. മരുഭൂമിയിലൂടെ നടക്കുന്ന വഴിപോക്കര്‍ക്ക് തണല്‍ നല്‍കാനോ, ഫലം നല്‍കാനോ അതിനു കഴിയുന്നില്ല. അതുപോലെ മറ്റുള്ളവര്‍ക്ക് ഉപകാരമില്ലാത്ത വലിയ പദവികള്‍ക്കോ, സമ്പത്തിനോ യാതൊരു അര്‍ത്ഥവുമില്ല എന്നാണ് കവി ഉദ്ദേശിച്ചിരിക്കുന്നത്. കബീര്‍ദാസ്, തുളസീദാസ്, റഹിം തുടങ്ങിയ കവികളാണല്ലോ ഹിന്ദിയില്‍ ദോഹകളെ ജനകീയമാക്കിത്തീര്‍ത്തത്. ജീവിതമൂല്യങ്ങള്‍, ഭക്തി, സ്നേഹം, കര്‍മ്മഫലം എന്നിവയാണ് ദോഹകളുടെ പ്രധാന വിഷയങ്ങള്‍. ഏതായാലും ഗുരു കൂവള്ളൂരിന്റെ ചെറുപ്പകാലത്ത് സ്വായത്തമാക്കിയ മൂല്യമുള്ള ദോഹകള്‍ അദ്ദേഹത്തിന്റെ ജീവിതം പില്ക്കാലത്ത് രൂപാന്തരപ്പെടുത്തി എടുക്കുന്നതിനു സാധിച്ചു എന്ന് നിസ്സംശയം പറയാം.
ഹൈസ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വാവച്ചന് പഠിച്ചകാര്യങ്ങള്‍ എന്നെ പറഞ്ഞുകേള്‍പ്പിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ വൃദ്ധയായ മാതാവ് പറയുകയുണ്ടായി. കബീര്‍ദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട ദോഹകളിലൊന്നായ :
''പാഹന്‍ പൂജേ ഹരിമിലൈ തോ
മേ പൂജൂം പഹാര്‍!
താതേ തോചാകി ഫലി,
പീസേ ഖായ് സംസാര് !!''
കല്ലിനെ, അതായത് വിഗ്രഹത്തെ പൂജിച്ചാല്‍ ദൈവത്തെകിട്ടും എങ്കില്‍, ഞാന്‍ മലയെ പൂജിക്കാം. അതിനേക്കാളും എത്രയോ ശ്രേഷ്ഠമാണ് ആട്ടുകല്ല്. അതു ധാന്യം പൊടിക്കുന്നതിനും അതുകൊണ്ട് അപ്പംചുടുന്നതിനും മനുഷ്യന്റെ വിശപ്പ് അടക്കുന്നതിനും സാധിക്കുമല്ലോ. മകന്റെ ഓരോ പ്രവര്‍ത്തനത്തിലും ചെറുപ്പംമുതല്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു. അതു പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി കോഴികള്‍ക്ക് നന്നായി തീറ്റക്കൊടുക്കുന്ന കാര്യത്തിലും, പശുവിന് നന്നായി പുല്ലുകൊടുക്കുന്ന കാര്യത്തിലും, എല്ലാത്തിനും ഉപരിയായി തെങ്ങിന്റെ ചുവടു നന്നായി കിളച്ച് ചുറ്റും വരമ്പ് വച്ചുപിടിപ്പിച്ച് തെങ്ങിന്റെ ചുവട്ടില്‍ ചപ്പും, ചവറും, ചാണകവും ചാരവുമെല്ലാമിട്ടതിന്റെ ഫലമായി തെങ്ങുനിറയെ കായ്ക്കുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ അമ്മ പറയുകയുണ്ടായി.

The Saintly Priest Kuttantharappel Ousephachan, who had the Vision and Drive to turn an idea into Marangattupilly- Kadaplamattom Road, Kadaplamattom- Kummannor Road, and Kadaplamattom - Palayam Road via Koovalloor Kunnu.
അവന് നടുന്ന ഏതു കൃഷിക്കും, ഇഞ്ചി, കപ്പ, കാച്ചില്, ചേമ്പ്, ചേന, കിഴങ്ങ്, എല്ലാത്തിനും നല്ല വിളവായിരുന്നു. അവന് ചെറുപ്പത്തില്‍ നട്ടുപിടിപ്പിച്ച കുരുമുളകുകൊടിയും, തേക്കിന് തൈകളുമെല്ലാം പില്ക്കാലത്ത് ധാരാളം പണം അനുജന്മാര്ക്കുപോലും കിട്ടുന്നതിനും കാരണമായി. പിതാവ് മരിക്കുന്നതിനു മുമ്പ് അവനൊഴികെ എല്ലാവര്ക്കും സ്ഥലം വീതിച്ചുകൊടുത്തു. അതുകിട്ടിയവര്‍ സമ്പന്നരുമായി. അവനെ സംബന്ധിച്ചിടത്തോളം പിതാവിന്റെ അനുഗ്രഹം കിട്ടി. പിതാവിന്റെ അനുഗ്രഹം കിട്ടുക എന്നത് സമ്പത്തിനെക്കാള്‍ മൂല്യമുള്ളതാണെന്ന് വാവച്ചന്റെ ജീവിതം തന്നെ പാഠമാക്കാവുന്നതാണെന്ന് ആ അമ്മ പറഞ്ഞപ്പോള്‍ ഈ ലോകത്തില്‍ സമ്പത്തിനെക്കാള്‍ വലുത് മാതാപിതാക്കളുടെ അനുഗ്രഹവും ആശീര്വാദവുമാണെന്ന സത്യം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എഴുത്തുകാരനായ എനിക്കു സാധിച്ചു. ലോകം മുഴുവന്‍ നേടിയാലും നല്ലൊരു ഹൃദയം ഇല്ലെങ്കില്‍ ആര്‍ക്ക് എന്തു പ്രയോജനം. സമ്പന്നനല്ലെങ്കിലും ഒരാളെ വലുതാക്കുന്നത് അയാളുടെ പ്രവര്‍ത്തനങ്ങളും, ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളുമാണ്. ജി.കെ. അതിന് ഉദാഹരണമാണ്.
ജി.കെ.യുടെ ബാല്യകാലസ്മരണകള്‍ അദ്ദേഹത്തിന്റെ മാതാവില്‍നിന്നും നേരിട്ടു കേള്‍ക്കാന്‍ എനിക്കുസാധിച്ചു. സമയത്തിന്റെ വിലയെക്കുറിച്ചും തന്റെ മകന് ചെറുപ്പത്തില്‍ ആഴമായ ഉള്‍ക്കാഴ്ച ഉണ്ടായിരുന്നതായും, പിതാവ് ജോസഫ് കൂവള്ളൂര്‍ കാണാപ്പാടം പഠിപ്പിച്ച ഒരു ഇംഗ്ലീഷ് കാവ്യശകലം എപ്പോഴും അവന് ചൊല്ലുമായിരുന്നുവെന്നും ആ മാതാവ് ഓര്‍മ്മപ്പെടുത്തി. ആ കാവ്യശകലം ഇതാണ്.
' Tik the Clock Says Tik Tik Tik,
What you have to do do qucik !
Time is running fast away
We must work and work today
Wait not for another Tik
What you have to Do Do Quick!''
ഗുരു കൂവള്ളൂരുമായി പരിചയപ്പെട്ടശേഷം അദ്ദേഹത്തിന്റെ ഓരോ നിമിഷവും കുട്ടിക്കാലത്ത് പിതാവു പഠിപ്പിച്ച ഈ കാവ്യശകലത്തിന്റെ പ്രതിഫലനമാണെന്ന് നേരിട്ടു മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ ഭാഗ്യംകിട്ടിയ എനിക്കു സാധിച്ചു. തിരക്കിട്ട ജീവിതത്തില്‍ തങ്ങള്‍ എവിടെ നിന്നു വന്നുവെന്നോ, എവിടേയ്ക്കുപോകുന്നുവെന്നോ, ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോ ചിന്തിക്കാതെയാണ് ഇന്നത്തെ തലമുറയുടെ പോക്ക്. പലരും ഭാവിയെപ്പറ്റി ആശങ്കാകുലരായി കുടുംബജീവിതത്തില്‍ നിന്നുവരെ മാറിപ്പോകുന്ന ഒരു പ്രവണതയാണ് യുവതലമുറയില്‍ കണ്ടുവരുന്നത്. ഇക്കാരണത്താലായിരിക്കണം ജോലിയുള്ളവര്‍ പോലും 40 ഉം 50 ഉം വയസ്സുകഴിഞ്ഞിട്ടും വിവാഹം പോലും വേണ്ടെന്നുവച്ച് ഭിത്തികള്‍ക്കുള്ളില്‍ മാത്രമായി കഴിഞ്ഞുകൂടുന്നത്. വാസ്തവത്തില്‍ ഇന്നത്തെ തലമുറയ്ക്ക് ജി.കെ.യുടെ ജീവിതം മാര്‍ഗ്ഗദര്‍ശകം ആക്കാവുന്നതാണ്. മാതാപിതാക്കളോടൊത്തു ജീവിച്ച ഇരുപത്തിയഞ്ചു വര്‍ഷക്കാലം അദ്ദേഹം സ്വന്തംനാട്ടിലുള്ള എല്ലാ വിഭാഗത്തിലുംപ്പെട്ടവരുമായി ഇടപഴകി, സ്വന്തം നാടിനെ സ്നേഹിച്ച ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതല്ക്കുള്ള ഓരോ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
വിദേശത്താണെങ്കില്കൂടി താന്‍ ചെറുപ്പക്കാലത്ത് വളര്‍ന്ന നാടിനെ മറക്കാത്ത, ബന്ധുജനങ്ങളും, നാട്ടുകാരുമായി ഇന്നും ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്ന ഒരു വ്യക്തിയെ ഞാന്‍ ആദ്യമായാണ് പരിചയപ്പെടുന്നത്. ലോകത്തിന്റെ ഏതുഭാഗത്താണെങ്കില്പോലും അവിടെയുള്ള വ്യത്യസ്ഥരായ ജനങ്ങളുമായി പൊരുത്തപ്പെട്ടുപോകാനുള്ള ഒരു പ്രത്യേക കഴിവ് ഗുരു കൂവള്ളൂരിനുണ്ടെന്നുള്ള കാര്യം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മനസ്സിലാക്കാന്‍ എനിക്കുസാധിച്ചു.
ഒരുദിവസം രാവിലെ ജി.കെ. എന്നോട് 'ഇന്നു നമുക്ക് കടപ്ലാമറ്റം വരെ ഒന്നു പോകാം. ഒരു രണ്ടുമൈല്‍ നടക്കാന്‍ സാധിക്കുമോ' എന്നു ചോദിച്ചു. നടക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ വിനിയോഗിക്കാറുള്ള ഞാന്‍ റെഡി എന്നു എടുത്തവായില്‍ പറഞ്ഞു. 10 മണിയോടുകൂടി ഒരു ഓട്ടോറിക്ഷയില്‍ കടപ്ലാമറ്റം കവലയില്‍ ചെന്നിറങ്ങിയ എനിക്ക് അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കടപ്ലാമറ്റത്തിന്റെ ചരിത്രം ജി.കെ. വിശദീകരിച്ചു. പുരാതനമായ കടപ്ലാമറ്റം സെയ്ന്റ് മേരീസ് കത്തോലിക്കാ പള്ളിയിലേക്കു കയറുന്നത് കരിങ്കല്ലുകൊണ്ടുള്ള നടകള്‍ ആയിരുന്നു. പള്ളിയോടു തൊട്ടടുത്ത് ഒരു ഓലപ്പുര ഉണ്ടായിരുന്നു. അവിടെയാണ് കപ്യാര് കൊച്ചുവര്‍ക്കിച്ചേട്ടനും അദ്ദേഹത്തിന്റെ കുടുംബവും ദീര്‍ഘകാലം താമസിച്ചിരുന്നത്. കപ്യാര് കൊച്ചുവര്‍ക്കിച്ചേട്ടന്‍ 100 വയസ്സിലേറെ ജീവിച്ചുമരിച്ച ഒരു പുണ്യാത്മാവായിരുന്നു എന്നാണ് ജി.കെ.യുടെ അഭിപ്രായം. കൊച്ചുവര്‍ക്കിച്ചേട്ടന്റെ മകനും കടപ്ലാമറ്റം പള്ളിയിലെ കപ്യാരായി ദീര്‍ഘകാലം പണിയെടുത്തു. പക്ഷേ, പിന്നീട് കാലംമാറി, നിയമങ്ങളും മാറി, കപ്യാരുമാരും, വൈദികരുമെല്ലാം ശമ്പള പട്ടികയിലേക്കു വന്നതോടെ പഴയ കപ്യാരുമാര്‍ക്ക് സ്ഥാനചലനം ഉണ്ടായി.

Late K.T. Joseph Koovalloor, right hand of Elakkadu Panchayath President Late George Thomas Kuttantharappel, close associate of Saintly Priest Kuttantharappel Ousephachan, and close friend of Late K.M. Mani, long time Kerala Minister from Pala who initiated to connect Kadaplamattom and Palayam road by removing two major hills ( Koovalloor Kunnu and Kuttentharappel Kunnu).
പണ്ടത്തെ കടപ്ലാമറ്റത്തു പ്രധാനമായി ചില കെട്ടിടങ്ങള്‍ ഉണ്ടായിരുന്നത് ഒന്ന് ആനിത്തോട്ടത്തില്‍ കുട്ടിച്ചേട്ടന്‍ എന്നയാള്‍ക്കും, ഒന്ന് ജി.കെയുടെ വല്ല്യപ്പന് കൂവള്ളൂര്‍ തൊമ്മന് ലൂക്കായ്ക്കും, ഒന്ന് വല്ല്യപ്പന്റെ ജ്യേഷ്ഠന്റെ മകന് കൂവള്ളൂര്‍ അഗസ്റ്റ്യന്‍ ലൂക്കായ്ക്കും, ഒന്ന് നടുക്കര കുട്ടിച്ചേട്ടന്‍ എന്നയാള്‍ക്കും, റേഷന്‍കട അടയ്ക്കനാട്ട് കൊച്ചേട്ടനും, ഒന്ന് ജി.കെ.യുടെ അങ്കില് കൂവള്ളൂര്‍ മത്തായിച്ചേട്ടനുമായിരുന്നു. ബാക്കി പള്ളിവക കെട്ടിടങ്ങളും. പക്ഷേ, ഇന്ന് എല്ലാം അന്യാധീനപ്പെട്ടുപോയി എന്നു പറയാം. കാലത്തിന്റെ മാറ്റം. കാലം എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കും. ഒന്നും തന്നെ സ്ഥായിയായി നിലനില്‍ക്കാറില്ല എന്നാണ് ഗുരു കൂവള്ളൂരിന്റെ അഭിപ്രായം.
കടപ്ലാമറ്റം പള്ളിയുടെ വൈദികര്‍ താമസിക്കുന്ന പള്ളിമുറിയോടു ചേര്‍ന്ന് ഒരു അഗാധമായ കിണര്‍ ഉണ്ടായിരുന്നു. ഇന്നത് കാണാനില്ല. ആ കിണറിനോടടുത്തുള്ള നടയിലൂടെ ആയിരുന്നു വിശ്വാസികള്‍ പള്ളിയിലേക്ക് പോയ്ക്കൊണ്ടിരുന്നത്. അക്കാലത്ത് നാട്ടില്‍ ഇന്നത്തെപ്പോലെ കാറുകള്‍ ഉണ്ടായിരുന്നില്ല. നടകയറി ചെല്ലുന്നിടത്ത് ഒരു ഭണ്ഡാരകുറ്റി ഉണ്ടായിരുന്നു. ഒരു സാമ്പത്തിക വിദഗ്ധന്‍കൂടിയായ ഗുരു കൂവള്ളൂര്‍ 'പൈസ ഇരട്ടിക്കുന്ന' സാമ്പത്തിക ശാസ്ത്രത്തിന്റെ രഹസ്യം മറ്റൊരു അദ്ധ്യായത്തില്‍ വിശദീകരിക്കുന്നതായിരിക്കും.
പണ്ടത്തെ കടപ്ലാമറ്റം പള്ളിയുടെ മുമ്പില്‍ നെടുംനീളത്തിലുള്ള കരിങ്കല്ലു പാകിയ നടക്കല്ല് ഉണ്ടായിരുന്നു. നട ഇറങ്ങിച്ചെല്ലുന്നിടത്ത് കുരിശിന് തൊട്ടിയും ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയൊരു കരിങ്കല്കുരിശും. കുരിശ് ഇപ്പോഴും ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുന്നു. കരിങ്കല്ലുകൊണ്ടുണ്ടാക്കിയ സ്റ്റെപ്പുകളെല്ലാം മാറ്റി പള്ളി ആധുനിക രീതിയിലാക്കിയതോടെ പള്ളിമുറ്റത്ത് കാറുകളും പാര്‍ക്ക് ചെയ്യത്തക്കരീതിയിലാക്കിയിട്ടുണ്ട്. പഴയ കെട്ടിടങ്ങളുടെ സ്ഥാനത്ത് പുതിയ കെട്ടിടങ്ങളും. പണ്ടത്തെ കുരിശിന് തൊട്ടിയുടെ താഴെയായിരുന്നു ശവക്കോട്ട. കല്ലറകള്‍ ഇല്ലാത്തകാലം. ശവക്കോട്ടയോടു ചേര്‍ന്ന് ഒരു അസ്ഥിക്കുഴിയും. മരിച്ചു മണ്ണടിഞ്ഞവരുടെ മൃതദേഹങ്ങള്‍ കുഴിവെട്ടുകാര്‍ കുഴിക്കുമ്പോള്‍ കിട്ടുന്ന അസ്ഥികള്‍ ആ ശവക്കുഴിയിലാണ് ഇട്ടിരുന്നത്. പക്ഷേ, ഇന്ന് ശവക്കോട്ട നിറയെ കല്ലറകളാണ്. ഓരോ കുടുംബത്തിനും ഓരോ കല്ലറകള്‍. ഗുരു കൂവള്ളൂരിന്റെ വല്ല്യപ്പനെയും വല്ല്യമ്മയെയും, പിതാവിനെയും അടക്കം ചെയ്തിരിക്കുന്നത് ഒരു കല്ലറയിലാണ്. കല്ലറ കാണാന്‍ പോയ ഞങ്ങള്‍ക്ക് എവിടെ നോക്കിയാലും കല്ലറകളേ കാണാന്‍ കഴിഞ്ഞുള്ളൂ. ചില കുടുംബക്കാര് മരിക്കുന്നതിന് മുമ്പു തന്നെ കല്ലറകള്‍ പണിയിച്ചിട്ടിരിക്കുകയാണ്. പണ്ട് കല്ലറയ്ക്കുള്ള സ്ഥലത്തിന് ഏതാനും ആയിരങ്ങള്‍ ആയിരുന്നത് ഇന്ന് ലക്ഷക്കണക്കിന് രൂപാ എന്ന നിലയിലേയ്ക്കു വന്നിരിക്കുന്നു. കാലത്തിന്റെ പോക്ക് ഇവിടെ ദര്‍ശിക്കാനാവും.
ശവക്കോട്ടയുടെ താഴെയുള്ള ഒറ്റയടിപ്പാതയിലൂടെ നടന്നു ഞങ്ങള്‍ ജി.കെ. പ്രൈമറി സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നീന്താന്‍ പോയിരുന്ന പള്ളിത്തോടും കാണാന്‍ പോയി. ഇന്ന് അവിടമെല്ലാം ആകെ മാറിയിരിക്കുന്നു. പണ്ട് കാടുംപിടിച്ചുകിടന്നിരുന്ന പറമ്പുകള്‍ കൃഷിയിടങ്ങളായി മാറി. അങ്ങിനെ ചരിത്രം ഉറങ്ങിക്കിടക്കുന്ന കടപ്ലാമറ്റത്തെ ശവക്കോട്ടയും, പള്ളിയും പരിസരപ്രദേശങ്ങളും ഒരിക്കല്‍കൂടി സന്ദര്‍ശിച്ചശേഷം കടപ്ലാമറ്റം സെയ്ന്റ് ആന്റണീസ് ഹൈസ്കൂളിന് എതിര്‍വശത്തുള്ള സെയ്ന്റ് ആന്റണീസിന്റെ പേരിലുള്ള കപ്പേളയും അതിനോടു ചേര്‍ന്നുള്ള കര്‍മ്മലീത്താ വിഭാഗത്തില്‍പ്പെട്ട കന്യാസ്ത്രീകളുടെ മഠവും, മഠത്തിന്റെ ചുറ്റുമുള്ള മതിലും ഒരിക്കല്‍കൂടി ജി.കെ. കാണിച്ചുതരുകയുണ്ടായി. ജി.കെ.യുടെ പിതാവിന്റെ മൂത്തസഹോദരി സിസ്റ്റര്‍ കമീല സി.എം.സി. (കൂവള്ളൂര്‍ കമീലാമ്മ എന്നറിയപ്പെട്ടിരുന്നു) യും, പിതാവിന്റെ ഇളയ സഹോദരി സിസ്റ്റര്‍ ചാള്‍സ് സി.എം.സിയും ദീര്‍ഘനാള്‍ ആ മഠത്തില്‍ താമസിച്ച്, അവിടെത്തന്നെ ജീവിതം അവസാനിപ്പിച്ചവരുമാണ്. അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഓരോ കന്യാസ്ത്രീകളുടെയും പേരുകള്‍ ജി.കെ. ഇന്നും ഓര്‍ക്കുന്നു, കടിയംകുറ്റിയിലമ്മ, തൊണ്ടിക്കലമ്മ, ആനിത്തോട്ടത്തിലമ്മ, ഫെലിക്സ് അമ്മ, ആന്ജലിക്കാമ്മ, പുതുപ്പള്ളിയേല്‍ റോസമ്മ സിസ്റ്റര്‍, അവരുടെയെല്ലാം പ്രിയപ്പെട്ട ആളായിരുന്നു വാവച്ചന് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗുരു കൂവള്ളൂര്‍ (ജി.കെ) കടപ്ലാമറ്റം മഠത്തിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന അന്നച്ചേട്ടത്തിയെ അറിയാത്തവര്‍ 50 വര്‍ഷങ്ങള്‍ക്കുമുമ്പ് കടപ്ലാമറ്റത്ത് ആരും ഉണ്ടായിരുന്നില്ല. നൂറുവയസ്സിലധികം അവര്‍ ജീവിച്ചു. അന്നച്ചേട്ടത്തി വെളുത്തമുണ്ടും, വെളുത്തചട്ടയും, ഒരു പുതമുണ്ടും ധരിച്ച് വെള്ളത്തലമുടിയും, പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരു വെളുത്ത മാലാഖയായിരുന്നു എന്നാണ് ജി.കെ. പറയുന്നത്. മഠത്തിന്റെ എല്ലാക്കാര്യങ്ങളും ഓടിനടന്നു നോക്കിയിരുന്ന അവര്‍ കൂവള്ളൂര്‍ തറവാട്ടിലെ ഒരു അംഗംപോലെയായിരുന്നു. ഇന്ന് അവരെല്ലാം ഈ ഭൂമിയില്‍ നിന്നും തിരോധാനം ചെയ്തു. നമ്മളും എത്രനാള്‍ ഈ ഭൂമിയില്‍ കാണും? ജി.കെ. ഒരു ചോദ്യമെന്നതുപോലെ സൂചന നല്കി.
ഞങ്ങള്‍ കടപ്ലാമറ്റം കവലയില്‍നിന്നും മരങ്ങാട്ടുപിള്ളിക്കുള്ള റോഡിലൂടെ അല്പം മുമ്പോട്ടു നീങ്ങിയപ്പോള്‍ വലതു വശത്ത് ഒരു ബേക്കറികണ്ടു ജി.കെ. അവിടെ കയറി. കടപ്ലാമറ്റം സെയ്ന്റ് ആന്റണീസ് ഹൈസ്കൂളില്‍ ജി.കെ.യുടെ സഹപാഠിയായിരുന്ന ഭാസ്കരന് നായരുടെ കടയായിരുന്നു അത്. ഭാസ്കരന് നായരുടെ മകന് ആയിരുന്നു കടയില്‍. അദ്ദേഹം ജി.കെ.യെ തിരിച്ചറിഞ്ഞു. തന്റെ അച്ഛന് കുറെനാള്‍ മുന്‍പ് മരിച്ചതായി മകന് പറഞ്ഞു. കടയില്‍ നിന്നും തന്റെ മാതാവിനുകൊടുക്കാന് അല്പം ബേക്കറി സാധനങ്ങളും വാങ്ങാന്‍ ജി.കെ. മറന്നില്ല.
അടുത്തത് പാളയത്തിനുള്ള റോഡിലേയ്ക്കു ഞങ്ങള്‍ നടന്നു. ജി.കെയുടെ വീട്ടിലേയ്ക്കുള്ള വഴി കൂവള്ളൂര്‍കുന്ന് കയറി അതിന്റെ ഉച്ചിയിലാണ് ജി.കെ.യുടെ വീട്. പാളയത്തിനുള്ള റോഡിന്റെ ഇടതുവശത്തുള്ള കടക്കാരന് ജി.കെ.യെ തിരിച്ചറിഞ്ഞു. ക്ഷേമാന്വേഷണങ്ങള്‍ ആരാഞ്ഞു. തൊട്ടടുത്ത് ഇടതുവശത്ത് ഒരു ബഹുനില കെട്ടിടം. അതിന്റെ അടിനിലയില്‍ ഒരു ഹോട്ടലും. പണ്ട്, 1970 കളില്‍ തമിഴ്നാട്ടില്‍ നിന്നും വന്ന ഒരു ചെറുപ്പക്കാരന്റെ കെട്ടിടമാണത്. നാട്ടുകാര്‍ അദ്ദേഹത്തെ അണ്ണന് എന്നു വിളിച്ചിരുന്നു. കടപ്ലാമറ്റം ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ എതിര്‍വശത്ത് പുറമ്പോക്കില്‍ ഒരു ഓലപ്പുര നിര്‍മ്മിച്ച് ഒരു ബഞ്ചും ഒരു ഡസ്കും ഇട്ട് ഒരു ചായക്കട തുടങ്ങി. അതില്‍ നിന്നും വളര്‍ന്ന് പിന്നീട് വഴിക്കു വീതികൂട്ടിയപ്പോള്‍ ചായക്കട എതിര്‍വശത്തു സ്ഥലം വാങ്ങി തുടങ്ങി. ഇപ്പോള്‍ ബഹുനിലക്കെട്ടിടവും. അണ്ണന്റെ ഭാര്യ ജി.കെ.യുടെ സമീപവാസിയും, സുഹൃത്തിന്റെ പെങ്ങളുമായിരുന്നു. അണ്ണന്റെ ജീവിതം കേരളത്തിലെ ചെറുപ്പക്കാര്‍ക്കുകൂടി മാതൃക ആക്കാവുന്നതാണ്.
അണ്ണന്റെ ബഹുനിലക്കെട്ടിടത്തിനു തൊട്ടടുത്തുള്ള കെട്ടിടം അതും ബഹുനിലക്കെട്ടിടമാണ്. അടിയിലെ നിലയില്‍ ബിസിനസ്സും മുകളില്‍ താമസവും പ്രസ്തുത കെട്ടിടം മാത്യു ഇലക്കാട്ടിന്റേതാണ്. ഇലക്കാട്ടു ഫിലിപ്പുചേട്ടനും കുടുംബവും ജി.കെയുടെ തൊട്ടയല്‍വാസികള്‍ ആയിരുന്നു. ഇലക്കാട്ടുകാര് കൈപ്പുഴ ഭാഗത്തുനിന്നും വന്നവരാണ്. ഇന്ന് ഫിലിപ്പു ചേട്ടന്റെ മക്കള്‍ ചിലരൊക്കെ വിദേശത്തു ജോലി ചെയ്യുന്നു.

Living Saint Mar Jacob Muricken, Theologian, Hermit, and the Auxiliary Bishop of the Syro-Malabar Catholic Eparchy Pala, Kerala, India from 2012 until 2022, who drew national and international media attention for donating one of his kidneys to a young man suffering from kidney failure, with Sicily Koovalloor, Guru Koovalloor, his late mother Mary Joseph Koovalloor, younger brother Robert Joseph Koovalloor, Jaimol Robert Koovalloor, Tintu Maria Koovalloor, Rev. Fr. Anish Koovalloor, and Rev. Fr. Tibin Joseph Koovalloor at the time of ordination of Rev. Fr.Tibin Joseph Koovalloor at the St. Mary's Catholic Forane Church, Kadaplamattom where the mortal body of Saintly Priest Kuttantharappel Ousephachan laid to rest.
ഇലക്കാട്ടു മാത്യുവിന്റെ തൊട്ടടുത്ത ബഹുനിലക്കെട്ടിടം 'രൂപരേഖ' ക്ലബിന്റേതാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് അതൊരു ഓലകൊണ്ടുള്ള ഷെഡായിരുന്നു. ജി.കെയും വെട്ടിക്കക്കുഴി ജോയി, വെട്ടിക്കക്കുഴി ബേബി, ആനിത്തോട്ടത്തില്‍ ജോര്‍ജ്, വിളേക്കാട് മത്തച്ചന്, നെടുമ്പുറത്ത് അന്തോനിച്ചേട്ടന്, അങ്ങിനെ നിരവധിപേര്‍ ഉണ്ടായിരുന്നു. ജി.കെ.യുടെ വലംകൈ ആയിരുന്ന ഓലിയ്ക്കല്‍ പാപ്പയും. ക്ലബിന്റെ സെക്രട്ടറിയായി ഏതാനും മാസങ്ങള്‍ ജി.കെ. അവിടെ പ്രവര്‍ത്തിച്ചതാണ്. അക്കാലത്ത് നെടുമ്പുറത്ത് എന്‍.എഫ്. ആന്റണി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു സാമൂഹ്യനേതാവായിരുന്നു ക്ലബിന്റെ പ്രസിഡന്റ്. ജി.കെ. വീടുവിട്ടു നിന്ന അക്കാലത്ത് ക്ലബിനകത്ത് ഒരു ബഞ്ചില്‍ ആയിരുന്നു കിടന്നുറങ്ങിയിരുന്നത്. ഭക്ഷണം പലപ്പോഴും അണ്ണന്റെ ചെറിയ ചായക്കടയില്‍ നിന്നും. കാലത്തിന്റെ മാറ്റം ജി.കെ. പറഞ്ഞപ്പോള്‍ എഴുത്തുകാരനായ എനിക്ക് ജി.കെ. എന്ന വ്യക്തിയുടെ വ്യക്തിമാഹാത്മ്യം മനസ്സിലാക്കാന്‍ സാധിച്ചു.
ഞങ്ങള്‍ മുമ്പോട്ടു നടന്നപ്പോള്‍ ഇടതുവശത്ത് കടപ്ലാമറ്റം ഗവണ്മെന്റ് ഹോസ്പിറ്റലും വലതുവശത്ത് പീടികപ്പുരയ്ക്കല്ക്കാരുടെ വീടും. പിടീകപ്പുരയ്ക്കല് മേരി എന്ന എണ്പതു വയസു കഴിഞ്ഞ സ്ത്രീ വാവച്ചനെക്കണ്ട് ഇറങ്ങിവന്നു കുശലാന്വേഷണങ്ങള്‍ നടത്തി. കടപ്ലാമറ്റം ഹോസ്പിറ്റലിന്റെ എതിര്‍വശത്തുള്ള വീടുകളെല്ലാം പീടികപ്പുരയ്ക്കല്ക്കാരുടേതായിരുന്നു. പക്ഷേ, ഇന്ന് അവരും, അവരുടെ പുതിയ തലമുറയുമെല്ലാം മറ്റേതോ രാജ്യത്താണ്. പഴയ കുടുംബങ്ങള്‍ എല്ലാം തന്നെ അന്യാധീനപ്പെട്ടുപോയി.
ഞങ്ങള്‍ മുമ്പോട്ടു നടന്നു. ഇടതുവശത്തുള്ള ഗേറ്റുള്ള വീട്ടില്‍ ജി.കെ. ധൈര്യപൂര്‍വ്വം ഗേറ്റ് തുറന്ന് അകത്തേക്കു കടന്നു. ജി.കെ.യെക്കാള്‍ അഞ്ചെട്ടുവയസ്സു പ്രായം കൂടുതലുള്ള തൊണ്ടിക്കല്‍ ബറ്റി എന്ന റിട്ടയറായ നേഴ്സ് പുറത്തുവന്നു. ഇരിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും പിന്നൊരവസരത്തില്‍ വരാമെന്നു പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ബറ്റി സിസ്റ്റര്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ജി.കെ.യുടെ വീട്ടില്‍ ഒരു മാസത്തോളം താമസിച്ച് ന്യൂയോര്‍ക്കിലെ പ്രധാനപ്പെട്ട കാഴ്ചകളൊക്കെ കണ്ടതാണ്. തന്റെ പിതാവ് രോഗാവസ്ഥയില്‍ ആയിരുന്നപ്പോള്‍ ദിവസവുമെന്നോണം പിതാവിനെ ശുശ്രൂഷിച്ച ബറ്റി സിസ്റ്ററിനെ ജി.കെയ്ക്ക് എങ്ങിനെ മറക്കാനാവും. ജി.കെ.യുടെ വീടിന്റെ തെക്കുവശത്തുള്ള കുഴിക്കാട്ടുപുരയിടം തന്റെ പേരപ്പന് കറിയാസാറിന്റെ കൈവശത്തില്‍ ആയിരുന്നുവെന്നും അത് വിറ്റപ്പോള്‍ ബറ്റി സിസ്റ്ററാണ് വാങ്ങിയതെന്നും ജി.കെ. പറഞ്ഞു. നാട്ടുകാരും വീട്ടുകാരുമായി ഇത്ര ഗാഢമായ ബന്ധം കാത്തുസൂക്ഷിക്കുന്ന മറ്റൊരു വ്യക്തിയെ എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ കാണുന്നത്. ഇതില്‍ നിന്നു തന്നെ ജി.കെ. എന്ന വ്യക്തിയുടെ മാഹാത്മ്യം വെളിപ്പെടുന്നു.
നേഴ്സ് ബറ്റിയുടെ വീടിന്റെ എതിര്‍വശത്ത് മുട്ടക്കാരന്‍ ദാമോദരന്റെ വീടാണ്. മുട്ടക്കാരന്‍ ദാമോദരനും ഭാര്യയും അവരുടെ ചെറുപ്പത്തില്‍ വൈക്കത്തുനിന്നും ജോലി തേടി കടപ്ലാമറ്റത്തുവന്ന്, പീടികപ്പുരയ്ക്കല്ക്കാരുടെ വീടിനോടടുത്ത് ഉണ്ടായിരുന്ന പുറമ്പോക്കില്‍ ഒരു ചെറിയ ഓലപ്പുരകെട്ടി അതില്‍ താമസമാക്കിയവരാണ്. ജി.കെ.യുടെ ജീവിതത്തിലെ ഒരു മാതൃകാകുടുംബമാണ് ദാമോദരനും ഭാര്യ ജാനകിയും. അവരുള്‍പ്പെട്ട കുടുംബവും.
വൈക്കത്തുനിന്നു കടപ്ലാമറ്റത്തെത്തി താമസമാക്കിയ ദാമോദരന്‍ നാട്ടിലുള്ള വീടുകളില്‍ പോയി കോഴിമുട്ടശേഖരിച്ച് ആ മുട്ട വലിയ കുട്ടയിലാക്കി തലയിലേറ്റി നടന്ന് കുറുപ്പന്തറയിലുള്ള മൊത്തവ്യാപാരിയുടെ വീട്ടില്‍ എത്തിച്ചിരുന്നു. പണ്ടത്തെക്കാലത്ത് കുറുപ്പന്തറ കോഴിമുട്ടയുടെ ഒരു സംഭരണകേന്ദ്രം ആയിരുന്നു. അവിടെ നിന്നും തീവണ്ടിമാര്‍ഗ്ഗം കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് മുട്ട ഭംഗിയായി പായ്്ക്ക് ചെയ്ത് അയച്ചിരുന്നു. ജി.കെ.വിവാഹിതനാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യാപിതാവ് കോഴിമുട്ടയുടെ മൊത്തവ്യാപാരി ആയിരുന്നുവത്രേ.
താന്‍ കൊടുത്ത മുട്ടവിറ്റ പണത്തില്‍ കുറെ എടുത്ത് ദാമോദരന്‍ ഉണക്കമീന്‍ വാങ്ങികുട്ടയിലിട്ട് കുറുപ്പന്തറ നിന്നും തിരികെ നടക്കും. പോകുന്നവഴി ആവശ്യക്കാര്‍ക്ക് ഉണക്കമീന്‍ നല്ല ലാഭത്തില്വിറ്റ് ദാമോദരന്‍ പണം ഉണ്ടാക്കിയിരുന്നു. പില്ക്കാലത്ത് കടപ്ലാമറ്റം പ്രദേശത്തെ ഒരു സമ്പന്ന ബിസ്സിനസ്സുകാരനായി മാറിയ ആളാണ് ദാമോദരന്‍. അദ്ദേഹത്തിന് കടപ്ലാമറ്റത്തുവന്ന ശേഷം ഒന്പതുമക്കളുണ്ടായി. അവരില്‍ മിക്കവരുടെ പേരുകളും ജി.കെ. ഇപ്പോഴും ഓര്‍ക്കുന്നു. സോമന്, പെണ്ണ്, തിലകപ്പന്‍, ദിനമണി, നടരാജന്, മനോഹരന്, അങ്ങിനെപോകുന്നു അവരുടെ പേരുകള്‍. കുട്ടികള്‍ നടക്കാറായപ്പോള്‍ അവരെ തൊട്ട അയല്പക്കങ്ങളില് വിട്ട് ദാമോദരന്‍ മുട്ട ശേഖരിച്ചിരുന്നു. മൂത്തമകന് സോമന് പിന്നീട് മുട്ടയുടെ മൊത്തവ്യാപാരിയായി മാറി പിതാവിന്റെ ബിസ്സിനസ്സ് വിപുലീകരിച്ചു. സോമന് പിന്നീട് ഏറ്റുമാനൂര്‍ ടൗണിലേക്കു താമസം മാറ്റി. ടൗണില്‍ത്തന്നെ കെട്ടിടവും വീടും വാങ്ങി. ബാക്കിയുള്ളവര്‍ വ്യത്യസ്ത തൊഴിലുകളിലേക്കു നീങ്ങി. തങ്ങളുടെ പ്രിയപ്പെട്ട വാവച്ചനെ എവിടെ വച്ചു കണ്ടാലും ഓടിവന്നു കുശലം പറയുന്ന ഒരു കുടുംബം. ദാമോദരനും ജാനകിയുമെല്ലാം മണ്മറഞ്ഞെങ്കിലും അവരുടെ സ്മരണ ഇന്നും ജി.കെ.യുടെ മനസ്സില്‍ മായാതെ നില്ക്കുന്നു. സ്വന്തം ഭര്‍ത്താവിന്റെ ഇംഗിതം ശരിക്കു മനസ്സിലാക്കിയ ഒരു ഭാര്യയായിരുന്നു ജാനകി എന്നാണ് ജി.കെ. അവരെപ്പറ്റി പറയുന്നത്. മരണം വരെ അവര്‍ ഒരു ശരീരവും ഒരു ആത്മാവുമായി ജീവിച്ചു. മാതൃകാദമ്പതിമാര്‍. അവരുടെ ജീവിതം വാസ്തവത്തില്‍ ഇന്നത്തെ ലോകത്തിനു മാതൃക ആക്കാവുന്നതാണ് എന്നാണ് ജി.കെ.യുടെ അഭിപ്രായം. സാധിക്കുമെങ്കില്‍ അവര്‍ എങ്ങിനെ സമ്പന്നരായി മാറി എന്നതിനെപ്പറ്റി ഒരു ലേഖനംതന്നെ എഴുതാന്‍ ജി.കെയ്ക്ക് പ്ലാനുള്ളതായി പറഞ്ഞു.
അടുത്തതായി ഞങ്ങള്‍ കണ്ട വീട് പുതിയിടത്തുപറമ്പില്ക്കാരുടെ വീടാണ്. കടപ്ലാമറ്റത്ത് ആദ്യകാലത്തുവന്നു ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരുടെ താമസസ്ഥലം ആയിരുന്നു ആ വീട്. ഇന്നവിടെ താമസിക്കുന്നത് പുതിയിടത്തുപറമ്പിലെ ഒരു ചെറുപ്പക്കാരനാണ്. അദ്ദേഹവും ജി.കെ.യെ കാണാന്‍ വഴിയിലേക്ക് ഇറങ്ങിവന്നു. ഞങ്ങള്‍ മുമ്പോട്ടു യാത്ര തുടര്‍ന്നു.
നടക്കുന്നതിനിടെ ജി.കെ. പേരുകേട്ട എഴുത്തുകാരനും ഗൈനക്കോളജിസ്റ്റും, മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിച്ച് നിരവധി അവാര്‍ഡുകള്‍ നേടിയ ഒരു ചരിത്രപുരുഷനായ ഡോക്ടര്‍ 'ഭാസ്കരന് തുഷാര' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മഹാനെന്ന് എപ്പോഴും പറയാറുള്ള ഡോക്ടര്‍ ഭാസ്കരന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടപ്ലാമറ്റം ഗവണ്മെന്റ് ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചപ്പോള് കുറേനാള്‍ പുതിയിടത്തുപറമ്പില്ക്കാരുടെ കെട്ടിടത്തില്‍ താമസിച്ചകാര്യം ഓര്‍മ്മപ്പെടുത്തി. ജി.കെ.യുടെ പിതാവിനെ അടുത്തറിയാവുന്ന ആളായിരുന്നു ഡോക്ടര്‍ ഭാസ്കരന്. ആ ബന്ധത്തിലൂടെയാണ് പില്ക്കാലത്ത് ഡോക്ടര്‍ ഭാസ്കരനെ ഗുരു കൂവള്ളൂര്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടുമുട്ടുന്നത്. സാവകാശം അവര്‍ തങ്ങളുടെ സൗഹൃദം അരക്കിട്ടുറപ്പിച്ചു. 'ഗുരു കൂവള്ളൂര്‍ നീതിയുടെ ജ്വാല' എന്ന ബുക്കിന്റെ കവര്‍ പേജ് പ്രകാശനകര്‍മ്മം നടത്തിയത് ഡോ. ഭാസ്കരന്റെ വീടിനടുത്തുള്ള ഓശാന മൗണ്ടില്വച്ചായിരുന്നു. പ്രസ്തുത ചടങ്ങില്‍ ഡോ. ഭാസ്കരന് ആയിരുന്നു മുഖ്യകാര്‍മ്മികന്‍ എന്നുള്ളത് ഇവിടെ സ്മരണീയമാണ്.
ഞങ്ങള്‍ വീണ്ടും മുമ്പോട്ടു നടന്ന് അടുത്ത വീട്ടിലെത്തി. വഴിയരുകില്ത്തന്നെയുള്ള വീട്. ജി.കെ.യുടെ ആത്മസുഹൃത്തും ബന്ധുവുമായ വി.റ്റി.ജോസ് തപോവനത്തിന്റെ തറവാട് വെട്ടിക്കക്കുഴിയില് എന്ന വീട്. വി.റ്റി. ജോസ് തപോവനം ഇപ്പോള്‍ താമസിക്കുന്നത് ആനിക്കാംപൊയില്‍ എന്ന സ്ഥലത്ത് താന്‍ റിട്ടയറായ സ്കൂളിന്റെ പരിസരത്തു തന്നെയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന് വി.റ്റി. ഉലഹന്നാന് ജി.കെ.യുടെ ഒരു അമ്മാവന് കൂടിയാണ്. അദ്ദേഹം കടപ്ലാമറ്റം സെയ്ന്റ് മേരീസ് കാത്തലിക് ഫൊറോന ചര്‍ച്ചില്‍ അരനൂറ്റാണ്ടിലധികം ഇടവകയുടെ റിക്കോര്‍ഡ് സൂക്ഷിപ്പുകാരനും, കണക്കനുമായി റിട്ടയര്‍ ചെയ്ത് കടപ്ലാമറ്റം പ്രദേശത്തുള്ള മുഴുവന്‍ ജനങ്ങളും അറിയപ്പെടുന്ന ആളുമാണ്. അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത് 'കണക്കന് കുഞ്ഞേട്ടന്' എന്നാണ്. അദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍ പാലക്കാട്ടുമല കുളങ്ങര തറവാട്ടില്‍ നിന്നും വെട്ടിക്കക്കുഴിയില് എന്ന പ്രദേശത്തു താമസമാക്കിയവരാണ്. ജി.കെ.യുടെ ആത്മസുഹൃത്ത് പാലക്കാട്ട ്കടമ്പഴിപുറത്തുള്ള വി.ജെ. ജോയിയുടെ തറവാടും എല്ലാം ഇതിനോടു ചേര്‍ന്നു കിടക്കുന്നു.
വി.റ്റി. ഉലഹന്നാന്റെ മൂത്തമകന് ബേബി ജോണ്‍ ദീര്‍ഘകാലം കേരളാ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്ത് റിട്ടയറായ ആളും. കടപ്ലാമറ്റം 'രൂപരേഖ' ക്ലബിന്റെ പ്രസിഡന്റും, സാമൂഹ്യ രംഗത്ത് അറിയപ്പെടുന്ന ആളുമാണ്.
അവിടെ നിന്നു മുമ്പോട്ടു നടന്ന് ഞങ്ങള്‍ കൂവള്ളൂര്‍ കുന്നിന്റെ അടിവാരത്തിലെത്തി. അവിടം മുതല്‍ ആയിരുന്നു ജി.കെ.യുടെ പിതാവിന്റെ സ്ഥലം. അറുപതു വര്‍ഷങ്ങള്‍ക്ക്് മുന്‍പ് ഇങ്ങനെ ഒരു വഴി പാളയത്തിലേക്ക് ഉണ്ടാകുമെന്ന് ആരും സങ്കല്പിച്ചിരുന്നില്ല. അത്ര വലിയ ഒരു കുന്നായിരുന്നു കൂവള്ളൂര്‍ കുന്ന്. കുന്നിന്റെ അടിഭാഗത്തുള്ള, ഒരിക്കലും വറ്റാത്ത ഓലിയും ഞങ്ങള്‍ ഇറങ്ങിക്കണ്ടു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ഓലിയില്‍നിന്നും അമൃതിനു തുല്യമായ ജലം സാവകാശം ഒഴുകി വെട്ടിക്കക്കുഴിയില്ക്കാരുടെ പറമ്പിലൂടെ താഴേയ്ക്ക് ഒഴുകി ഒടുവില്‍ അത് കടപ്ലാമറ്റം, മാറിടം എന്നീ പ്രദേശങ്ങളും കഴിഞ്ഞ് മീനച്ചിലാറില്‍ ലയിക്കുന്നു.
ജി.കെയുടെ ചെറുപ്പത്തില്‍ ഓടിക്കളിച്ചു നടന്ന പറമ്പുകളായിരുന്നു കൂവള്ളൂര്‍ കുന്നിന്റെ ഭാഗങ്ങള്‍. അവിടെ നിന്നും കൂവള്ളൂര്‍ കുളംവരെ നല്ല ഒരു കയറ്റമാണ്. കയറ്റത്തിന്റെ ഇടയ്ക്ക് കൂവള്ളൂര്കുന്നു കോളനിയും കോളനിയിലെ വീടുകളും ഒരുവശത്ത്. കോളനി നിവാസികളെല്ലാം തന്നെ തങ്ങളുടെ വാവച്ചന് സാറിനെ കാണാന്‍ ഇറങ്ങിവന്നു. തങ്ങളുടെ നാടിന്റെ ഓമനപ്പുത്രനെ കാണാന്‍. മിക്കവീട്ടുകാര്ക്കും കക്കൂസു നിര്‍മ്മിക്കുന്നതിനുള്ള പണം കൊടുത്തതിനു പുറമെ പലവിധ സഹായങ്ങള്‍ ചെയ്ത ആളാണ് ജി.കെ. എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തി.
അങ്ങനെ ഞങ്ങള്‍ നടന്ന് കൂവള്ളൂര്‍ കുന്നിന്റെ മുകളിലുള്ള, ഗുരു കൂവള്ളൂര്‍ വളര്‍ന്ന, വീട്ടിലെത്തി കൈയില്‍ കരുതിയിരുന്ന ബേക്കറി സാധനങ്ങള്‍ അമ്മയെ ഏല്പിച്ചശേഷം വീണ്ടും പാളയത്തെ ലക്ഷ്യമാക്കി കിഴക്കോട്ടു നടന്നു. കൂവള്ളൂര്‍ കുന്നില്‍നിന്നും പാളയത്തിനുള്ള വഴി ഒരു ഇറക്കമാണ്. ജി.കെ.യുടെ വീടിന്റെ തൊട്ടു താഴെയുള്ള നാലഞ്ച് ഏക്കര്‍ പുരയിടം പള്ളത്തുകുഴി ശെമയോന് ചേട്ടന് എന്ന ധനാഡ്യന്റെ സ്ഥലമായിരുന്നു. പാലാ സെന്‍ട്രല്‍ ബാങ്കിന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന മരുതുകുന്നേല്‍ ജേക്കബ് ചെറിയാന്റെ കുടുംബക്കാര് ആയിരുന്നു പള്ളത്തുകുഴിക്കാര്. ഇന്ന് ആ വീടും പുരയിടവുമെല്ലാം അന്യാധീനമായി. പണവും പ്രതാപവും ദീര്‍ഘനാള്‍ നിലനില്ക്കുകയില്ല എന്നതിനു തെളിവാണ് പള്ളത്തുകുഴിയില്ക്കാര്.
മുമ്പോട്ടു നടന്നു ഞങ്ങള്‍ ജി.കെ.യുടെ മാതൃസഹോദര പുത്രന്മാരായ പുതുപ്പള്ളിയേല്‍ വര്‍ക്കിസാര്‍, പുതുപ്പള്ളിയേല്‍ കറിയാപേരപ്പന് എന്നിവരുടെയും പറമ്പുകള്‍ പിന്നിട്ട് നാലും കൂടിയ ഒരു കവലയില്‍ എത്തി. അയ്യങ്കാനാല്മുക്ക് എന്നാണ് ആ കവല അറിയപ്പെടുന്നത്. കടപ്ലാമറ്റം സെയ്ന്റ് മേരീസ് പള്ളിയുടെ ഒരു ഉപകേന്ദ്രമായിരുന്നു ആ കവല. അവിടെ നിന്നും ആയിരുന്നു ക്രിസ്തുരാജന്റെ പ്രദക്ഷിണം ഇന്നേയ്ക്ക് 60 സംവത്സരങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിരുന്നത്. അതിന്റെ പ്രധാന നായകന് കെ.റ്റി. ജോസഫ് കൂവള്ളൂര്‍ എന്ന പാപ്പച്ചന് ചേട്ടന് ആയിരുന്നു എന്ന് പ്രായമുള്ള നാട്ടുകാര്‍ പറയുകയുണ്ടായി. 'ജയ് ജയ് ക്രിസ്തുരാജന്, ജയ് ജയ് സത്യരാജന്‍! ക്രിസ്തു നമ്മെ ഭരിക്കട്ടെ! ക്രിസ്തു ശബ്ദം മുഴങ്ങട്ടെ!' നാട്ടുകാരായ ആബാലവൃദ്ധം ജനങ്ങള്‍ കൈയില്‍ തെരുവയുടെ കമ്പുകളില്‍ കൊടിക്കെട്ടി ക്രിസ്തുരാജന്റെ വലിയ പതാകയുമായി കടപ്ലാമറ്റം പള്ളിയിലേക്ക് പോയിരുന്ന കാര്യം ജി.കെ. വിവരിച്ചപ്പോള്‍ പണ്ടത്തെ പാലാക്കാരായ നസ്രാണി ക്രിസ്ത്യാനികളുടെ വിശ്വാസം എത്ര തീക്ഷ്ണമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ എഴുത്തുകാരനായ എനിക്ക് കഴിഞ്ഞു.
അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെ ഉച്ചഭാഷണികള്‍ ഉണ്ടായിരുന്നില്ല. പകരം ചെണ്ടമേളവും, ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ പുലിക്കളി, കോലടികളി, മാര്‍ഗ്ഗം കളി എന്നിവ ഉണ്ടായിരുന്നു. അധികവും അന്നത്തെ പുതു ക്രിസ്ത്യാനികളായിരുന്നു അതിന്റെ ആള്ക്കാര്. വെരുകന് കുഞ്ഞേപ്പ് എന്നയാള്‍ ആയിരുന്നു അതിന്റെ നേതാവ്. എല്ലാവരെയും നയിച്ചിരുന്നത് എന്റെ പിതാവും. ജി.കെ. പറയുകയുണ്ടായി.
അയ്യങ്കാനാല്മുക്ക് ഇട്ടിയപ്പാറ, മരങ്ങാട്ടുപിള്ളി, പാളയം എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡുകളുടെ നാലുംകൂടിയ കവലയാണ്. പുണ്യശ്ലോകനായ കുട്ടന് തറപ്പേല്‍ ബ. യൗസേപ്പച്ചനും, അദ്ദേഹത്തിന്റെ സഹോദരപുത്രനായ കുട്ടന് തറപ്പേല്‍ വര്‍ക്കിസാറും, കെ.റ്റി. ജോസഫ് കൂവള്ളൂരുമാണ് ഈ വഴികള്‍ ഉണ്ടാവാന്‍ കാരണം. കുട്ടന് തറപ്പേല്‍ വര്‍ക്കിസാര്‍ ഇലക്കാട്ടുപഞ്ചായത്തു പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായിരുന്ന കെ.റ്റി. ജോസഫ് കൂവള്ളൂരും കെ.എം. മാണി സാറിന്റെ സ്വാധീനത്തിലാണ് കടപ്ലാമറ്റം - പാളയം റോഡ് സാക്ഷാല്‍ക്കരിക്കപ്പെട്ടത്.
മരങ്ങാട്ടുപിള്ളി - കടപ്ലാമറ്റം റോഡിനും, കടപ്ലാമറ്റം - കുമ്മണ്ണൂര്‍ റോഡിനും കാരണക്കാരനായ പുണ്യശ്ലോകനായ കുട്ടന് തറപ്പേല്‍ ബ. യൗസേപ്പച്ചനാണ് കടപ്ലാമറ്റം - പാളയം റോഡിനും, അയ്യങ്കാനാല്‍ - ഇട്ടിയപ്പാറ റോഡിനും കാരണക്കാരന്‍. കുട്ടന് തറപ്പേലച്ചന്റെ മൂലകുടുംബം അയ്യങ്കാനാല്‍ ആയിരുന്നതിനാല്‍ സ്ഥലമുടമകളെ സ്വാധീനിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ വല്ല്യപ്പന്റെ സഹോദരിയെ വിവാഹം കഴിച്ച് അയച്ച വീടുമാണ് അയ്യങ്കാനാല്‍. കടപ്ലാമറ്റത്തെ പ്രസിദ്ധമായ ഒരു കുടുംബം - ഗുരു കൂവള്ളൂര്‍ പറയുകയുണ്ടായി. നടന്നുനടന്ന് ഒടുവില്‍ ഞങ്ങള്‍ കടപ്ലാമറ്റം - പാളയം റോഡ് അവസാനിക്കുന്നിടത്തെത്തി. അവിടെ നിന്നും വലത്തേയ്ക്കുള്ള വഴി പാളയത്തിനും ഇടത്തേയ്ക്കുള്ള വഴി ആണ്ടൂര്ക്കും. പാളയം നസ്രാണി കത്തോലിക്കരുടെ കേന്ദ്രവും ആണ്ടൂര്‍ പുരാതന നമ്പൂതിരി ഇല്ലങ്ങളും ക്ഷേത്രങ്ങളുമുള്ള സ്ഥലം. പണ്ടുകാലത്ത് കേരളത്തിലെ സ്ഥലങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് നമ്പൂതിരിമാര്‍ ആയിരുന്നുവെന്ന് ഇന്നുള്ളവര്‍ക്ക് അറിയാമെന്നു തോന്നുന്നില്ല.
സമയം സന്ധ്യയോടുകൂടി ഞങ്ങള്‍ തിരിച്ച് കടപ്ലാമറ്റത്തിനു നടന്നു. നടക്കുന്ന വഴി ഗുരു കൂവള്ളൂര്‍ ഒരു സുപ്രധാനമായ കാര്യം വെളിപ്പെടുത്തി. കടപ്ലാമറ്റം - പാളയം റോഡിന് പുണ്യശ്ലോകനായ കുട്ടന് തറപ്പേല്‍ ബ. യൗസേപ്പച്ചന്റെ പേര് ഇടേണ്ടതാണ്. അദ്ദേഹം അതിന് അര്‍ഹനുമാണ്. സമീപഭാവിയില്‍ ഇറ്റലിയിലെ പാദുവായിലെ അന്തോണിയെപ്പോലെ വിശുദ്ധനാകാന്‍ സാദ്ധ്യതയുള്ള പുണ്യശ്ലോകനായ കുട്ടന് തറപ്പേല്‍ ബ. യൗസേപ്പച്ചനിലൂടെ കടപ്ലാമറ്റവും, പാളയവും, വിശ്വാസികളുടെ ഒരു പ്രവാഹകേന്ദ്രമായിത്തീരാന് സാദ്ധ്യതയുണ്ടെന്നു ഗുരു കൂവള്ളൂര്‍ ദീര്‍ഘ വീക്ഷണത്തോടെ പറയുകയുണ്ടായി. അതിന് കടപ്ലാമറ്റം സെയ്ന്റ് മേരീസ് ഫൊറോനയിലെ വികാരി അച്ചനും പള്ളി കമ്മിറ്റിക്കാരും മുന്‍കൈയെടുത്ത് പഞ്ചായത്തില്‍ നിവേദനം കൊടുത്താല്‍ നിഷ്പ്രയാസം നടക്കാനുള്ളതേയുള്ളൂ. ഗുരു കൂവള്ളൂര്‍ തന്റെ അറിവ് പങ്കുവയ്ക്കുകയുണ്ടായി. ഇന്നത്തെ കാലത്ത് സഭാനേതാക്കന്മാര് 'ആനയ്ക്ക് ആനയുടെ ബലം അറിഞ്ഞുകൂടാ' എന്ന അവസ്ഥയിലാണ്. അദ്ദേഹം കാര്യകാരണസഹിതം വിശദീകരിച്ചു.
തുടരും....
Read More: https://www.emalayalee.com/writer/114