
അത്യാവശ്യമായ ചില കുടുംബകാര്യങ്ങൾക്കായി ഈയിടെ ഞാൻ നാട്ടിൽ ചെന്നപ്പോൾ അപ്രതീക്ഷിതമായ ഒരു ക്ഷണം കിട്ടി, ഞാൻകൂടി പ്രവർത്തിച്ചിരുന്ന വായനശാലയുടെ
നൂറാം വാർഷികാഘോഷത്തിൽ ആശംസാപ്രസംഗം! സന്തോഷം തോന്നി. സമ്മേളനത്തിൽ ഒരു വിശിഷ്ഠകർമ്മംകൂടി നിർവഹിക്കേണ്ടിവന്നു, ഒരു പുസ്തക പ്രകാശനം.
എന്റെ വിദ്യാർത്ഥി ആയിരുന്ന പ്രകാശിന്റെ നോവൽ- “പരിചകൊണ്ടു പണിത പടവാൾ”!
പ്രകാശനം കഴിഞ്ഞ് പ്രകാശ് ഭവ്യതയോടെ ചോദിച്ചു," നാളെ സാർ വീട്ടിലുണ്ടാകുമോ?
പുസ്തകത്തെപ്പറ്റി ചില കാര്യങ്ങൾ ...". ‘ഉണ്ട്, തീർച്ചയായും വരണ’മെന്നായിരുന്നു എന്റെ മറുപടി. രാവിലേതന്നെ പ്രകാശ് വന്നു. ആദരവോടെ കൈകൂപ്പി വണങ്ങിയശേഷം "ഗുരുദക്ഷിണ" എന്നുപറഞ്ഞുകൊണ്ട് പേരെഴുതി ഒപ്പിട്ട ബുക്കിന്റെ കോപ്പി എനിക്ക് തന്നു. മുഖവുരയായി ഞാൻ പറഞ്ഞു:
അഭിനന്ദനങ്ങൾ! നന്നായിട്ടുണ്ട്. ഇന്നലെത്തന്നെ ഞാൻ ഒന്ന് ഓടിച്ചുനോക്കി. കൊള്ളാം.
പേരിൽ പുതുമയുണ്ട്. ലളിതമായ മലയാളപദങ്ങൾ വായനാസുഖം തരുന്നുണ്ട്. ആദ്യത്തെ സംരംഭമല്ലേ, അഭിനന്ദനാർഹമാണ് !
പ്രതീക്ഷിച്ച പ്രസന്നഭാവം പ്രകാശിന്റെ മുഖത്തു തെളിഞ്ഞു കണ്ടില്ല. അസ്വസ്ഥതയോ നിരാശയോ കുറ്റബോധമോ എന്തൊക്കെയോ കൂടിക്കലർന്ന മുഖഭാവം! പതറിയ സ്വരത്തിൽ പ്രകാശ് പറഞ്ഞുതുടങ്ങി:
ക്ഷമിക്കണം സാർ, ഈ പുസ്തകം എന്റേതല്ല, ഗോസ്റ്റ് റിട്ടൺ ബുക്ക് (ghost written book) ആണ് '. എന്റെ ആശ്ചര്യം പുറമെ കാണിക്കാതിരിക്കാൻ ഞാൻ പാടുപെട്ടു. അയാൾ തുടർന്നു,' ഒരു പുസ്തകം പ്രസിദ്ധീകരിച്ച് സാഹിത്യകാരൻ അകാനുള്ള തീവ്രമായ ആഗ്രഹം. കുറെ അനുഭവങ്ങളുണ്ട്. ഒരു കഥ മനസ്സിലുണ്ട്. നല്ല ഭാഷയിലും ശൈലിയിലും ആശയങ്ങൾ അവതരിപ്പിക്കാനുള്ള കഴിവെനിക്കില്ല. ഞാനൊരു ഗോസ്റ്റ് റൈറ്ററെ ( ghostwriter ) സമീപിച്ചു. കഥപറഞ്ഞു. അയാൾ ഒരു തുക പറഞ്ഞു. ഞാൻ സമ്മതിച്ചു. പകുതി തുക
രൊക്കം കൊടുത്തു. മൂന്നുമാസത്തിനകം നോവൽ തയ്യാർ. എഴുത്തും എഡിറ്റിങ്ങും പ്രിന്റിങ്ങും എല്ലാം പറഞ്ഞ തുകക്ക് അയാൾതന്നെചയ്തു. അങ്ങനെ പുസ്തകപ്രകാശനം നടന്നു. പക്ഷേ, എന്തോ എന്റെ മനസ്സിൽ ഒരു നീറ്റൽ! മറ്റാരും അറിയാത്ത ഈ സത്യം സാറിനോട് പറഞ്ഞപ്പോൾ ഒരു സ്വസ്ഥത തോന്നുന്നുണ്ട്.’
ധാർമ്മികരോഷത്തിന്റെ വേലിയേറ്റത്തിൽ, എന്ത് പറയണമെന്നറിയാതെ ഞാൻ ചിന്താകുഴപ്പത്തിലായി. കുറെ നേരത്തെ മൗനത്തിനുശേഷം ഞാൻ ചോദിച്ചു,'ഇതിലൊരു
ധാർമ്മിക ച്യുതിയില്ലേ? സ്വന്തമല്ലാത്ത ഈ ബുക്ക് തന്റേതാണെന്നു പറഞ്ഞ് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത് വഞ്ചനയല്ലേ?'
"ക്ഷമിക്കണംസാർ, തർക്കിക്കാൻ ഞാൻ ആളല്ല. പക്ഷേ, എഴുതിയ ആൾക്ക് അയാൾ ചോദിച്ച തുക മുഴുവൻ കൊടുത്തു വാങ്ങിയാൽ ബുക്ക് എന്റേതാകില്ലേ? വിലകൊടുത്ത് ഒരു കാർ വാങ്ങുമ്പോൾ ആ കാർ വാങ്ങുന്നയാളിന്റേതല്ലേ?
'കമ്പോളത്തിൽനിന്ന് വിലപേശി വാങ്ങാവുന്ന വില്പനച്ചരക്കല്ല സാഹിത്യം', എന്ന് ഞാൻ പറഞ്ഞില്ല, സംയമനം പാലിച്ചു. എന്റെ മൗനത്തിലുള്ള അസഹിഷ്ണുത
തിരിച്ചറിഞ്ഞതുകൊണ്ടാകാം പ്രകാശ് അല്പം ജാള്യതയോടെ ന്യായീകരിക്കാൻ ശ്രമിച്ചു: ‘ഞാൻ എത്ര ശ്രമിച്ചാലും ഇതുപോലെ നല്ല ഭാഷയിലും ശൈലിയിലും ഈ പുസ്തകം എഴുതാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമില്ല. ഇതെഴുതിത്തന്നയാളിന് (ghost writer) ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തിക ശേഷിയോ താൽപര്യമോ ഒട്ടില്ലതാനും. അയാളുടെ കഴിവ് - സർഗ ശക്തി - അയാൾ വിൽക്കുന്നു, ഉപജീവനത്തിന് വേണ്ടി! ഗോസ്റ്റ് റൈറ്റിംഗ് നടന്നില്ലെങ്കിൽ, ഈ പുസ്തകം ഉണ്ടാകില്ല, ആ മനുഷ്യന്റെ സർഗ്ഗവൈഭവമാകട്ടെ എങ്ങുമെത്താതെ കെട്ടടങ്ങുകയും ചെയ്യും. പക്ഷേ, ഇപ്പോൾ അയാൾക്ക് ഉപജീവനത്തിന് ഒരു മാർഗമായി, ഭാഷക്കും കിട്ടി ഒരു നല്ല പുസ്തകം!
ഗോസ്റ്റ്റൈറ്റേഴ്സ് പലരുണ്ട് ഇവിടെ. അവരുടെ 'കച്ചവടം' അധികവും വെളിയിൽ നിന്നു വരുന്ന സാഹിത്യകാരന്മാരുമായിട്ടാണ്. അമേരിക്കയിൽനിന്നുള്ള മലയാളി സാഹിത്യകാരന്മാരിൽ ചിലർ ഇവരുടെ സഹായം തേടുന്നുണ്ട്. സാഹിത്യത്തിലെ ഈ പ്രവണതയിൽ സാറിന് രൂക്ഷമായ എതിർപ്പുണ്ടായിരിക്കാം. പക്ഷേ, കാലം മാറുന്നു, മാറ്റത്തിനൊപ്പം നമ്മളും മാറണം. ഇല്ലെങ്കിൽ നമ്മൾ ആരുമല്ലാതാകും. ഗോസ്റ്റ്റൈറ്റിംഗ് ഒരു പുതിയ ഏർപ്പാടല്ലല്ലൊ. വിശ്വസാഹിത്യത്തിൽ ക്ളാസിക്സ് ആയി പരിഗണിക്കപ്പെടുന്ന, Alexandre Dumas - ന്റെ 1844–ൽ പ്രസിദ്ധീകരിച്ച The Three Musketeers -ഉം അദ്ദേഹത്തിന്റെതന്നെ 1846-ൽ പ്രസിദ്ധീകരിച്ച The Count of Monte Cristo – യും
ഗോസ്റ്റ് റിട്ടൺ ബുക്ക്സ്( Ghost written books ) ആണെന്ന് സാഹിത്യചരിത്രം വെളിപ്പെടുത്തുന്നു. നമ്മുടെ കാലത്തുതന്നെ, അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ, 1957-ൽ Pulitzer Prize നേടിയ Profiles in Courage ഒരു ghost written book ആണ്. 2020-ൽ Grammy Award നേടിയ, മിഷേൽ ഒബാമയുടെ 'Becoming'
എന്ന ആൽമകഥാസ്മരണകൾ ghost written book-ന്റെ മറ്റൊരുദാഹരണം!
ഒരുകാര്യം, ഗോസ്റ്റ് റൈറ്റേഴ്സിനെ പൂർണ്ണമായിയും വിശ്വസിക്കാം. ആർക്ക്, എന്ത് എഴുതിക്കൊടുത്തുവെന്ന് ഒരിക്കലും അവർ വെളിപ്പെടുത്തുകയില്ല! അതവരുടെ വ്യവസായ രഹസ്യമാണ്. ഗോസ്റ്റ് റൈറ്റിംഗ് ഒരു പ്രത്യേകതരം വ്യവസായമാണിന്ന് - നിഗൂഢ വ്യവസായം.
ഇത് നമ്മുടെ സാഹിത്യത്തെ വികസിപ്പിക്കുകയല്ലേയുള്ളു?
പ്രകാശിന്റെ ചിന്താഗതിയെയും ന്യായീകരണത്തെയും എങ്ങനെ നേരിടണമെന്നറിയാതെ ഞാൻ അൽപനേരം ചിന്തിച്ചിരുന്നുപോയി!. എന്റെ വികാരവിക്ഷോഭം പ്രകടമാക്കാതെ ഞാൻ പറഞ്ഞു, ' ഈ പുസ്തകത്തിന്റെ ഗ്രന്ഥകാരൻ അകാൻ ആഗ്രഹിച്ചതിൽ പ്രകാശിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ, അതിനുവേണ്ടി സ്വീകരിച്ച നടപടികളോട് എനിക്ക് ഒട്ടും
യോജിപ്പില്ല. മതം, രാഷ്ട്രീയം, മാദ്ധ്യമം തുടങ്ങിയ സ്ഥാപനങ്ങളെല്ലാംതന്നെ ഇന്ന് ധാർമ്മികമൂല്യങ്ങൾ വഴിയരുകിൽ വലിച്ചെറിഞ്ഞ്, ലാഭത്തിനുവേണ്ടി തേരോട്ടം നടത്തുന്ന വ്യവസായങ്ങളായി മാറിക്കഴിഞ്ഞു. പക്ഷേ, സാഹിത്യം ഒരു വിൽപനച്ചരക്കാകരുത്, വ്യവസായമാകരുത്. പണം മുടക്കുന്നവന്റെ താല്പര്യത്തിനനുസരിച്ചുള്ള ഭേദഗതി രചനയിൽ വരുത്താനും ഗോസ്റ്റ് റൈറ്റേഴ്സ് ചിലപ്പോൾ നിർബന്ധിതരായേക്കാം. നിർബന്ധങ്ങൾക്കു വിധേയമായി നിർമ്മിച്ചെടുക്കുന്ന കൂലി എഴുത്തുകളിൽ സർഗചൈതന്യത്തിന്റെ സ്പന്ദനം അനുഭവപ്പെടുകയില്ല. അത്തരം കൃതികൾ ധാനാഢ്യരുടെ കളിപ്പാട്ടങ്ങളാകും. സമ്പന്നവർഗ്ഗത്തിന്റെ പ്രചാരണോപാധി ആയി ഉപകരിക്കപ്പെടും. മർദ്ദിതർക്കുവേണ്ടി പൊരുതേണ്ട തൂലിക മർദ്ദകർക്കുവേണ്ടി വിടുപണിചെയ്യുന്ന പടവാളാകും.
പ്രകാശ് സൂചിപ്പിച്ചല്ലൊ, ചില ക്ലാസ്സിക്കുകളും പ്രമുഖരുടെ ചില കൃതികളും Ghost written ആയിരുന്നല്ലോ എന്ന്. പേരും പെരുമായുമുള്ളവരാണ് ചെയ്യുന്നതെങ്കിലും തെറ്റ് എപ്പോഴും
തെറ്റുതന്നെയാണ്. സർഗധനനായാ ഒരെഴുത്തുകാരൻ സ്വന്തം ആശയം വികസിപ്പി ച്ചെ ടുക്കുന്നു. ആഴ്ചകളോ മാസങ്ങളോ ഒരുപക്ഷേ വർഷങ്ങളോ ദീർഘിക്കുന്ന തീവ്രമായ ധ്യാനവും തപസ്സും വേണ്ടിവരും ഒരു നല്ല സാഹിത്യ രചനക്ക്. എഴുതിയത് വായിക്കും, തിരുത്തും, കുട്ടിച്ചേർക്കും വീണ്ടും, വീണ്ടും. "പരിചകൊണ്ട് പണിത വാൾ" ചിലപ്പോൾ നമ്മെ ചിരിപ്പിക്കും? എത്രതവണ പ്രകാശ് ചിരിച്ചു? ചില രംഗങ്ങൾ എത്രതവണ പ്രകാശിനെ കരയിച്ചു?എത്രതവണ വേദനകൊണ്ട് പുളഞ്ഞു? ഒരിക്കലുമില്ല. കാരണം, പ്രകാശ് അതെഴുതിയില്ല. സർഗധനനായ് ഒരെഴുത്തുകാരൻ കഥാപാത്രങ്ങളുടെ വികാരങ്ങൾ സ്വന്തമായി അനുഭവിക്കും. ചിലപ്പോൾ ചിരിക്കും, മനസ്സുരുകി കരയും, വേദനകൊണ്ട് പുളയും. അത്തരം ഒരെഴുത്തുകാരനുമായി വേണം, പ്രകാശിന്റേതല്ലാത്ത ഈ കൃതിയുടെ
ഗ്രന്ഥകർത്താവെന്ന നിലയിൽ താരതമ്യം ചെയ്യാൻ. അതിന് മനസ്സ് അനുവദിക്കുമോ?
അനശ്വര സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകഥാപാത്രമായ "എട്ടുകാലി മമ്മൂഞ്ഞ് ", തന്റെ ഷണ്ഡത്വം മറച്ചുവെക്കാൻ, സ്വന്തമല്ലാത്ത പിതൃത്വം തന്റേതാണെന്ന് വീമ്പു പറയുമായിരുന്നു! Ghost written books-ന്റെ ഗ്രന്ഥകർത്താക്കളായി ചമഞ്ഞുനടക്കുന്നവർ സാഹിത്യത്തിലെ " എട്ടുകാലി മമ്മൂഞ്ഞുമാരാ"ണ് !
ശാരീരികമായ വൈകല്യം കൊണ്ടോ മറ്റേതോ കാരണങ്ങളാലോ ഗർഭം ധരിക്കാത്ത ചില സ്ത്രീകളുണ്ട്. അവർക്കുവേണ്ടി, നിശ്ചിത വ്യവസ്ഥകൾ അനുസരിച്ച്, ഭ്രുണം ഏറ്റെടുത്ത് ഗർഭം ധരിക്കുന്ന മറ്റു സ്ത്രീകളുണ്ട്. ഗർഭപാത്രം "വാടകക്ക് കൊടുക്കുന്ന" ആ സ്ത്രീകൾ (surrogate mothers ) ഗർഭഭാരം ചുമക്കുന്നു, സമയമാകുമ്പോൾ പ്രസവിക്കുന്നു, കുഞ്ഞിനെ ഉടമസ്ഥർക്ക് വിട്ടുകൊടുക്കുന്നു. ആ surrogate mothers-ന് സമാനമാണ് മറ്റാർക്കോവേണ്ടി പുസ്തകം രൂപപ്പെടുത്തിക്കൊടുക്കുന്ന സർഗധനന്മാരായ എഴുത്തുകാർ-സാഹിത്യത്തിലെ “സറോഗേറ്റ് അമ്മമാർ”. അവരുടെ തൂലിക പ്രസരിപ്പിക്കുന്ന ശുഭ്രപ്രഭയിൽ ചില ‘ഗ്രന്ഥകർത്താക്കളുടെ’ ചിത്രത്തിന് മങ്ങലേൽക്കുന്നു!
പ്രകാശ് എഴുതണം, എഴുതിയത് വായിക്കണം, തിരുത്തണം. വീണ്ടും, വീണ്ടും.
അമ്പതിലേറെ വർഷങ്ങൾക്കുമുമ്പ്, അന്നൊരിക്കൽ സ്കൂളിൽ നീ എഴുതി വായിച്ച ഒരു കവിത കേട്ടപ്പോൾ, നിന്നെ ചേർത്തുപിടിച്ച് ഞാൻ പറഞ്ഞത് ഓർമ്മയുണ്ടോ? 'നിന്നിൽ ഒരു കനൽ ഉണ്ട്, സർഗസിദ്ധിയുടെ കനൽ. ആ കനൽ ഊതി ഊതി കത്തിക്കണം. ചിലപ്പോൾ
പൊള്ളും, പക്ഷേ അത് പ്രകാശമായി തെളിയും, പലർക്കും വഴിവിളക്കാകും'
എന്തേ നീ ശ്രമിക്കുന്നില്ല?’ നിറകണ്ണുകളോടെ പ്രകാശ് എണീറ്റു. എനിക്കു തന്ന പുസ്തകം തിരിച്ചെടുത്തു. കവർപേജിൽ പ്രിന്റ് ചെയ്തിരുന്ന ഗ്രന്ഥകർത്താവിന്റെ പേര് " പ്രകാശ് എം. പ്രകാശ് "എന്റെ പേന വാങ്ങി വെട്ടി, പല തവണ.
ലേഖകൻ " ജെ. മാത്യൂസ് " ആണ്, " ജെ. മാത്യു" അല്ല.