
ന്യൂ ഡല്‍ഹി: ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ് ആണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 1 ലക്ഷം രൂപയ്ക്ക് താഴേക്ക് വില കൂപ്പുകുത്തിയിരിക്കുകയാണ്. അതിനിടെ സ്വര്‍ണത്തിന് വില കുറയാന്‍ കാരണം താന്‍ ആവശ്യപ്പെട്ടത് പ്രകാരം ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് കുറച്ചത് ആണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുളള യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ രാജ്യത്തെ ജനങ്ങളോട് സ്വര്‍ണം വാങ്ങുന്നത് കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നത്. താന്‍ പറഞ്ഞത് ജനം കേട്ടുവെന്നും അതിനാല്‍ സ്വര്‍ണവില ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ലഖ്‌നൗവില്‍ ഇന്ദിരാ ഗാന്ധി പ്രതിസ്ഥനില്‍ അഞ്ചാമത് ദേശീയ സ്‌കില്‍ കോണ്‍വൊക്കേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യമൊന്നും ഇല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് സ്വര്‍ണമൊന്നും വാങ്ങരുതെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു, 1965ല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടായ കാലത്ത് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തതുമായി താരതമ്യപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
അന്ന് രാജ്യം അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ചു. എന്റെ രാജ്യത്തിന് ഇപ്പോഴും അതേ സ്വഭാവം തന്നെയാണ്. ഒരു സാധാരണ മനുഷ്യനായ ഞാന്‍ കുറച്ച് സ്വര്‍ണം വാങ്ങാന്‍ പറഞ്ഞപ്പോള്‍ ജനം കുറച്ച് സ്വര്‍ണമേ വാങ്ങിയുളളൂ. അപ്പോള്‍ വില താഴേക്ക് വീണു. ഇപ്പോള്‍ ആളുകള്‍ തന്നോട് പറയുന്നത്, മോദിജീ നി്ങ്ങള്‍ പറഞ്ഞു, ഞങ്ങള്‍ നിങ്ങളുടെ ഉപദേശം കേട്ടു, അതുകൊണ്ട് ഞങ്ങളുടെ പണം ലാഭമായി, നരേന്ദ്ര മോദി പറഞ്ഞു.