
ഇത് ശമനകാലം
മനസ്സിനും മുറ്റത്ത്
കവിതയ്ക്ക് വേണ്ടി
വിരിയുന്ന പൂവിതളിനും
കലമാനുകൾ തുള്ളിയാടുന്നൊ-
രാരണ്യകഥയിൽ നിന്നെത്തുന്ന
വർത്തമാനത്തിനും
വെയിലിലും, വേനൽപ്പടർപ്പിലും.
പിന്നെയാ മഴപെയ്ത നാളിലും.
പൂക്കാലമൊന്നിലും,
കനലിലായ് ചോന്നിലകൾ-
നിൽക്കും ശരത്കാലവഴിയിലും,
മഞ്ഞിൻ്റെ താഴ്വാരമൊന്നിലും,
വെറുതെ മോഹിച്ചിതേ-
പോലെ സംഘർഷങ്ങൾ
ഒടുവിലത്തേതെന്ന്
ഒടുവിലത്തേതെന്ന്...
ഒളിവച്ച നിഴലുകൾ-
പോകുന്നതേയില്ല.
നിഴലിനെ പോറ്റുന്ന-
സൂര്യവെയിൽ നൃത്തങ്ങൾ!
അത് കണ്ട് മെല്ലെ-
ചിരിക്കും കദംബങ്ങൾ!
അമൃതിൻ്റെ തുള്ളിവീണെഴുതുന്ന-
ഭൂമിയുടെ ഹൃദയത്തിനുള്ളിലെ-
സ്നേഹവാൽസല്യങ്ങൾ!
ശരമുനകളാകാശമൊരു-
മാല്യമാക്കുന്നു,
അതിലോ തിളങ്ങുന്നു-
നക്ഷത്രമുത്തുകൾ..
ഇത് ശമനകാലം
മുറിഞ്ഞടർന്നാകവെ
ചിറകും കൊഴിഞ്ഞ് വീണൊരു-
കവിതയെങ്കിലും
ശിലകളുടെ ഭാഷയായ്
ഹൃദയം ഉറഞ്ഞതിൽ
ശിഖരങ്ങളിന്നും പടർത്തുന്നു-
വേരിൻ്റെ മനനം
ഓരോലയിൽ ഇലയുടെ
ലയം,ശ്രുതി
ഇത് മൗനകാലം!
പറഞ്ഞാലൊരിക്കലും-
മനസ്സിലാകാത്തവർ
പെരുകുന്നു വാക്കിനെ
ഉലയിലുട്ടച്ചുകൂടത്തിൽ
പെരുപ്പിച്ച് പറയാത്ത
കഥകളുണ്ടാക്കുന്നു
നിഴലുകൾ
പുറമേ മുഖം മിനുക്കുന്നുണ്ട്
സങ്ക്ലപകഥകൾ പറന്ന്
പോകുന്നുണ്ട് മേഘങ്ങളിടവിട്ട്
ഘോരരൂപങ്ങളായ് ഭൂമിയ്ക്ക്
മുകളിലായ് പടകൂട്ടി
വന്ന് നിൽക്കുന്നുണ്ട്.
ഇത് പ്രപഞ്ചത്തിൻ്റെ
പ്രകൃതിയുടെ ലിപികൾക്ക്
എഴുതുവാനുള്ള
മണ്ണോലയാണതിലിറ്റ്
കനിവുണ്ട്, നിനവും
പ്രതീക്ഷയും സഹനവും
ചിരിയും, കരച്ചിലും
നിർമ്മമത്ത്വത്തിൻ്റെ
സഹനകാലങ്ങളും
ഇവിടെയുണ്ടായിടും
പലരും കടന്ന് പോം-
ദു: ഖ സന്തോഷങ്ങൾ
ഇടവേളകൾ പോലെ
വന്നങ്ങ് പോയിടും
പലതും കടന്ന് പോം
പൂവുകൾ കൊഴിഞ്ഞുപോം
ഇവിടെയീ നിമിഷവും
മെല്ലെക്കൊഴിഞ്ഞ് പോം