Image

കാനഡയിൽ മലയാളി യുവതിക്ക് 32 കോടിയുടെ ലോട്ടറി ഭാഗ്യം; സമ്മാനം എറണാകുളം സ്വദേശിനി സ്നേഹ ജോയിക്ക്

Published on 23 November, 2026
കാനഡയിൽ മലയാളി യുവതിക്ക് 32 കോടിയുടെ ലോട്ടറി ഭാഗ്യം; സമ്മാനം എറണാകുളം സ്വദേശിനി സ്നേഹ ജോയിക്ക്

എഡ്മണ്ടൻ (കാനഡ): പ്രവാസലോകത്ത് മലയാളികൾക്ക് ആവേശം പകർന്ന് കാനഡയിൽ താമസിക്കുന്ന എറണാകുളം സ്വദേശിനി സ്നേഹ ജോയിയെ തേടി 5 മില്യൺ കനേഡിയൻ ഡോളറിന്റെ (ഏകദേശം 32 കോടി രൂപ) ലോട്ടറി ഭാഗ്യം. ഒക്ടോബർ 21-ന് നടന്ന 'ലോട്ടോ 6/49 ക്ലാസിക്' നറുക്കെടുപ്പിൽ ആറ് വിജയനമ്പറുകളും കൃത്യമായി ഒത്തുവന്നതോടെയാണ് സ്നേഹ ഒന്നാം സമ്മാനത്തിന് അർഹയായതെന്ന് 'എഡ്മണ്ടൻ ജേണൽ' റിപ്പോർട്ട് ചെയ്യുന്നു. പതിവ് പരിശോധനകളും ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ അധികൃതർ സമ്മാനത്തുക സ്നേഹയ്ക്ക് കൈമാറി.

​ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞ ആദ്യ നിമിഷം അക്ഷരാർഥത്തിൽ ഞെട്ടിപ്പോയെന്നും, ആ മാനസികാവസ്ഥയെ 'ഞെട്ടൽ, സന്തോഷം, ആശ്വാസം' എന്നീ മൂന്ന് വാക്കുകളിലൊതുക്കാമെന്നും സ്നേഹ പ്രതികരിച്ചു. സാമ്പത്തിക ബാധ്യതകളിൽ നിന്ന് മുക്തയാകുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് സ്നേഹ വ്യക്തമാക്കി. വീടിന്റെ വായ്പ അടച്ചുതീർത്ത ശേഷം ലോകം ചുറ്റിക്കാണാനാണ് ഇവരുടെ ആഗ്രഹം. ഇതിനൊപ്പം തന്നെ സമ്മാനത്തുകയുടെ ഒരു വിഹിതം കുടുംബാംഗങ്ങളുമായി പങ്കുവെക്കാനും സ്നേഹ തീരുമാനിച്ചിട്ടുണ്ട്.

​എറണാകുളം ജില്ലയിലെ വെങ്ങൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവായ പി.പി. ജോയിയുടെയും ജോളി ജോയിയുടെയും ഏക മകളാണ് സ്നേഹ. ഏകദേശം അഞ്ച് വർഷം മുമ്പാണ് മലപ്പുറം നിലമ്പൂർ സ്വദേശിയായ ഭർത്താവ് വിജിൽ വർഗീസിനൊപ്പം സ്നേഹ കാനഡയിലെ എഡ്മണ്ടനിലേക്ക് താമസം മാറിയത്. 2020-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വെങ്ങൂർ ഗ്രാമപഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള സ്നേഹയുടെ അപ്രതീക്ഷിത ഭാഗ്യനേട്ടം നാട്ടിലെ കുടുംബാംഗങ്ങൾക്കും വലിയ ആഹ്ലാദമാണ് നൽകിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക