Image

ഐ.ഒ.എ.പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചിത്രം ഇന്നു വ്യക്തമായേക്കും (സനില്‍ പി. തോമസ്)

Published on 23 November, 2026
ഐ.ഒ.എ.പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ചിത്രം ഇന്നു വ്യക്തമായേക്കും (സനില്‍ പി. തോമസ്)

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ 2026-30 ലെ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിനു നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസം ഇന്നലെയായിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ  ഉള്‍പ്പെടെ ഒരു സ്ഥാനത്തേക്കും ആരും ആദ്യ ദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. ഇന്ന് ചിത്രം ഏതാണ്ടു വ്യക്തമായേക്കും. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. നാളെ വൈകീട്ട് 4.30നു ചിത്രം തെളിയും. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ഡിസംബര്‍ ഒന്നിന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. രണ്ടാം തീയതിയാണ് പത്രിക പിന്‍വലിക്കാന്‍ അവസരം. അവസാന ലിസ്റ്റ് ഡിസംബര്‍ മൂന്നിന് പ്രസിദ്ധപ്പെടുത്തും.

ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഐ.ഒ.എ. മുന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അറിയുന്നു. ദേശീയ കായിക സംഘടനകളുടെ പ്രതിനിധികളില്‍ മേത്ത മാത്രമാണ് മത്സരിക്കുവാന്‍ ഒരുങ്ങുന്നതെന്നാണ് ഇപ്പോഴത്തെ സൂചന. സ്‌പോര്‍ട്‌സ് താരങ്ങളില്‍ നിലവിലെ പ്രസിഡന്റ് പി.ടി. ഉഷ മത്സരിച്ചേക്കും. നിലവിലെ വൈസ് പ്രസിഡൻറും  ഒളിംപിക്‌ ഷൂട്ടിങ് വെങ്കല മെഡല്‍ ജേതാവുമായ  ഗഗന്‍ നാരങ്ങ് മത്സരിക്കുമെന്ന് തുടക്കം മുതല്‍ക്കേ കേള്‍ക്കുന്നു.

അത്‌ലറ്റ്‌സ് കമ്മിഷൻ പ്രതിനിധി തിരഞ്ഞെടുപ്പില്‍ പി.ടി.ഉഷ അഞ്ചാം സ്ഥാനത്തായി പുറത്തായെങ്കിലും ഐസ് ഹോക്കി അസോസിയേഷന്‍ പ്രതിനിധിയായി ഇലക്ടറല്‍ കോളേജില്‍ എത്തിയിട്ടുണ്ട്. ഐസ് ഹോക്കിയില്‍ രണ്ടു സംഘടനകള്‍ ഉണ്ടെന്നു മാത്രമല്ല കേന്ദ്ര സ്‌പോര്‍ട്‌സ് യുവജന കാര്യ  മന്ത്രാലയത്തിന്റെ അംഗീകാരവും ഇല്ല. ഒരു വിഭാഗം ഉഷയുടെ നാമനിര്‍ദ്ദേശത്തിനെതിരെ രംഗത്തുണ്ട്. 2022 ല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി.ടി.ഉഷയ്ക്ക് ഇക്കുറി കേന്ദ്ര പിന്തുണ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.
രാജീവ് മേത്ത 2014 മുതല്‍ 2022 വരെ ഐ.ഒ.എ. സെക്രട്ടറി ജനറല്‍ ആയിരുന്നു. ഫെന്‍സിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ ആണ്. നേരത്തെ പ്രസിഡന്റ് ആയിരുന്നു. ഫെന്‍സിങ് കോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യ യുടെയും സെക്രട്ടറി ജനറല്‍ ആണ് അദ്ദേഹം. 2024 ല്‍ എഫ്.സി.എ. സെക്രട്ടറി ജനറല്‍ ആയ അദ്ദേഹം 2017 മുതല്‍ 21 വരെ പ്രസിഡന്റ് ആയിരുന്നു. ഫെന്‍സിങ്ങില്‍ ഏഷ്യന്‍ സംഘടനാ തലപ്പത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാജീവ് മേത്ത. മികച്ച സംഘാടകന്‍ എന്ന് പേരുള്ള വ്യക്തി. ഈ വര്‍ഷം ഏഷ്യന്‍ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് ന്യൂഡല്‍ഹിയില്‍ നടന്നിരുന്നു.

ഇത്തവണ ഐ.ഒ.എ. തിരഞ്ഞെടുപ്പില്‍ 30 ദേശീയ കായിക സംഘടനകള്‍ക്കു മാത്രമാണ് വോട്ടുള്ളത്. 2022 ല്‍ 35 സംഘടനാ പ്രതിനിധികള്‍ക്കു വോട്ട് ഉണ്ടായിരുന്നു. സമീപകാലത്ത് ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ ബോക്‌സിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് വോട്ടില്ല. ഹാന്‍ഡ് ബോളില്‍ രാജ്യാന്തര സംഘടന അംഗീകരിച്ച സംഘടനയ്ക്ക് അല്ല ഐ.ഒ.എ. അംഗീകാരം നല്‍കിയത്. സ്‌കീയിങ്ങില്‍ രണ്ടു വിഭാഗങ്ങളില്‍ ഒന്ന് ഐ.ഒ.എ. അംഗീകാരം ന്ല്‍കിയപ്പോള്‍ രണ്ടു വിഭാഗങ്ങള്‍ക്കും കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അംഗീകാരമില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നിയമനടപടികളും വാദപ്രതിവാദങ്ങളും തുടരാനാണ് സാധ്യത. ഇതൊക്കെ 2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പിനെയും 2036 ലെ ഒളിംപിക്‌സ് നടത്താനുള്ള ശ്രമങ്ങളെയും എങ്ങനെ ബാധിക്കും എന്നാണ് കായികപ്രേമികളുടെ ആശങ്ക
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക