Image

ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍; 'രാജ്യസ്നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്‌കാരം'

Published on 24 November, 2026
 ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍; 'രാജ്യസ്നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, സംസ്‌കാരം'

 

കോഴിക്കോട്: രാജ്യസ്നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല, അതൊരു സംസ്‌കാരമാണെന്ന് നടന്‍ മോഹന്‍ലാല്‍. അത് തലമുറയില്‍ നിന്ന് തലമുറകളിലേക്ക് വ്യാപിക്കേണ്ടതുണ്ട്.സ്വയംസേവകര്‍ ദേശസ്നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മനീഷികളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആര്‍എസ്എസ് മുഖമാസിക കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മള്‍ട്ടി മീഡിയ റെക്കോര്‍ഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ കര്‍മ്മമേഖല സിനിമയാണ്. അഭിനയമാണ് തനിക്ക് അറിയാവുന്നത്. രാജ്യസ്നേഹവും ദേശബോധവും നിറഞ്ഞ ഒട്ടേറെ സിനിമകള്‍, പ്രത്യേകിച്ച് പട്ടാള സിനിമകളില്‍ അത് കൊണ്ട് തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനായി നിരവധി തവണ പട്ടാള ക്യാമ്പുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അങ്ങനെ വായിച്ചതിനപ്പുറം അനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട് ഈ രാജ്യസ്നേഹവും ബോധവും. അപ്പോഴൊക്കെ നമുക്ക് സുരക്ഷിതരായി കഴിയുന്നത് അവര്‍ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പാണ് രാജ്യസ്നേഹമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അഭിനയിക്കുന്ന 'ഓപ്പറേഷന്‍ ഗംഗ'യും അത്തരത്തില്‍ ഒരു ചിത്രമാണ്. തന്നാലാവുംവിധം രാജ്യസ്നേഹം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ കര്‍മ്മമേഖലയില്‍ തുടരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയില്‍ 50 വര്‍ഷമായുണ്ട്. സിനിമ മേഖലയില്‍ സിങ്ക് സൗണ്ട് പോലുള്ള സാങ്കേതിക വിദ്യകള്‍ എത്തി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം തനിക്ക് കാണാന്‍ കഴിഞ്ഞു. സര്‍ഗാത്മകതയുടെയും സാങ്കേതികതയുടെയും മേളനമാണ് കലാവിഷ്‌കാരങ്ങള്‍. രാമായണം പോലുള്ള നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയില്‍ എത്രമാത്രം വിജയകരമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് നാം കണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക