
ദശവത്സരങ്ങൾക്ക് മുമ്പ്
പകലിൻ വാടിയ മുഖത്ത് പരക്കും ഇരുളിൽ
അൽപ്പം കുളിർവെളിച്ചം പകരുവാൻ,
മേഘപുടവയ്ക്കുള്ളിൽ തെളിഞ്ഞും ഒളിഞ്ഞും
നിലാവ് പുഞ്ചിരിക്കുമ്പോൾ,
നോക്കി നോക്കി മടുത്ത നേത്രങ്ങളും
ജിജ്ഞാസനിർഭരമായ ഹൃദയവുമായി
ജനലിനരികെ, പുറത്ത് നിരത്തിലേക്ക് നോക്കിയും
പിന്നെ ചെവിയോർത്തും, തുറക്കും പടിവാതിലിനൊച്ച
വൈകും നിമിഷങ്ങളെ പഴിച്ച്
ഇരുന്നു ഞാൻ, അന്ന് ഒരു സ്വപ്‌നാടകനെപ്പോലെ.
ചിന്തകൾ ചിലന്തിവല പോലെ പടർന്നു
തുടക്കമെന്തന്നറിയാതെ തുടർന്നു
ഒരു കുളിർക്കാറ്റു പോലെ -
ഒരു ആത്മനിർവൃതിപോലെ -
കാത്തുകിടക്കും കരയിലേക്ക് ഓടിയെത്തുന്ന
ഒരു കുഞ്ഞോളത്തിൻ ചുണ്ടിലെ-
പാൽ നുര പോലെ
ആനന്ദത്തിന്റെ ഒരു പ്രവാഹം പോലെ
പറന്നെത്തി ആഹ്‌ളാദതള്ളലാൽ
ചുറ്റും നിർവൃതിയുടെ ജലബിന്ദുക്കൾ
തെറിപ്പിച്ച്
കുശലാന്വേഷണം നടത്തും ചങ്ങാതിയെ
വീണ്ടും കാണുന്നു കണ്ടാലറിയാത്ത വിധം.n
കാലം വരുത്തിയ മാറ്റമോ?
പ്രായം കണ്ണിൻ കാഴ്ച്ച കുറച്ചതോ?
തെല്ലിട ശങ്കിച്ചെങ്കിലും ശങ്ക തോന്നി
അത് തന്നെ അടുപ്പത്തിൻ അടുത്ത ഭാവം !
ശുഭം