
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാന്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' എന്ന തിരുവസ്ത്രവും ഒരാളെത്തന്നെയാണ് പൊതിഞ്ഞിരുന്നതെന്ന സൂചന നല്‍കി പുതിയ പഠനം. സ്‌പെയിനിലെ ഒവിയേഡോ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ നിര്‍ണ്ണായക കണ്ടെത്തലിന് പിന്നില്‍.
സുഡേറിയം വസ്ത്രത്തിലെ രക്തക്കറകളും, ടൂറിനിലെ തിരുക്കച്ചയില്‍ കാണുന്ന നെറ്റിയിലെയും തലയുടെ പിന്‍ഭാഗത്തെയും മുറിവുകളുടെ അടയാളങ്ങളും തമ്മില്‍ വലിയ സാമ്യമുണ്ടെന്ന് പ്രാഥമിക കംപ്യൂട്ടര്‍ വിശകലനത്തില്‍ വ്യക്തമായി.
പരീക്ഷണവും സ്‌കാനിംഗും: കൃത്രിമ തലയും രക്തവും ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലും, ഒറിജിനല്‍ വസ്ത്രത്തില്‍ നടത്തിയ 3D സ്‌കാനിംഗ്, എക്‌സ്-റേ പരിശോധനകളിലും തലയുടെ സ്ഥാനം മാറുന്നതിനനുസരിച്ചും തുണി കെട്ടിയതിന്റെ സമ്മര്‍ദ്ദം മൂലവുമാണ് ഈ കറകളും ചുളിവുകളും ഉണ്ടായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പെഡ്രോ പെയിനാഡോ വ്യക്തമാക്കുന്നു.
അവശേഷിക്കുന്ന സംശയങ്ങള്‍: രണ്ട് തിരുവസ്ത്രങ്ങളും ഒരാളുടെ ശരീരത്തിലാണ് ഉപയോഗിച്ചതെന്ന് തെളിഞ്ഞാല്‍ പോലും, അത് യേശുക്രിസ്തുവിന്റേത് തന്നെയാണെന്ന് ശാസ്ത്രീയമായി പൂര്‍ണ്ണമായും ഉറപ്പിക്കാനാവില്ലെന്ന് ഗവേഷകര്‍ സമ്മതിക്കുന്നു. കൂടാതെ, മുന്‍പ് നടന്ന കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനകളില്‍ ഈ വസ്ത്രങ്ങള്‍ക്ക് യേശുവിന്റെ കാലഘട്ടത്തേക്കാള്‍ പഴക്കം കുറവാണെന്ന് കണ്ടെത്തിയിരുന്നതും ഒരു വെല്ലുവിളിയായി തുടരുന്നു.
എങ്കിലും, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ശവസംസ്‌കാര രീതികളുമായും ബൈബിള്‍ വിവരണങ്ങളുമായും ഈ മുറിവുകള്‍ക്കും കറകള്‍ക്കും അസാധാരണമായ സാമ്യമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.